കാഠ്മണ്ഡു: നേപ്പാളിലെ ഹിമാലയത്തിൽ കൊടുമുടി കയറാൻ ശ്രമിക്കുന്നതിനിടെ ഹിമപാതത്തിൽപ്പെട്ട് ഏഴ് പർവതാരോഹകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഗൗരിശങ്കർ റൂറൽ മുനിസിപ്പാലിറ്റിക്ക് കീഴിലെ 6,920 മീറ്റർ ഉയരമുള്ള മൗണ്ട് യാലുങ് റിന് സമീപമാണ് അപകടം.
പർവതാരോഹകരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മരിച്ച പർവതാരോഹകരിൽ രണ്ട് നേപ്പാളി പൗരന്മാരും രണ്ട് ഇറ്റാലിയൻ പൗരന്മാരും കനേഡിയൻ, ഫ്രഞ്ച്, ജർമ്മൻ പൗരൻമാരും ഉൾപ്പെടുന്നു.
മൂന്ന് നേപ്പാളികളും രണ്ട് ഫ്രഞ്ച് പൗരന്മാരും ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. അവരെ കാഠ്മണ്ഡുവിലെ ആശുപത്രികളിലേക്ക് എയർലിഫ്റ്റ് ചെയ്തു. നിസ്സാര പരിക്കുകളോടെ നാല് പർവതാരോഹകരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി.
മറ്റൊരു സംഭവത്തിൽ, ഒക്ടോബർ 28 മുതൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കാണാതായ രണ്ട് ഇറ്റാലിയൻ പർവതാരോഹകരായ സ്റ്റെഫാനോ ഫറോനാറ്റോ, അലസ്സാൻഡ്രോ കപുട്ടോ എന്നിവരെ മനാസ്ലു മേഖലയിലെ മൗണ്ട് പൻബാരിയിലെ ക്യാമ്പ് ഒന്നിലെ ടെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അവരുടെ മൃതദേഹങ്ങൾ 5,242 മീറ്റർ ഉയരത്തിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അവരോടൊപ്പം കുടുങ്ങിയ മറ്റൊരു ഇറ്റാലിയൻ പർവതാരോഹകനായ വെൽറ്റർ പാരാലിയനെ രക്ഷപ്പെടുത്തി.
പർവതാരോഹകരുടെ മരണത്തിൽ നേപ്പാൾ ടൂറിസം ബോർഡ് അനുശോചിച്ചു. യാലുങ് റി പർവതത്തിൽ മരിച്ച ഏഴ് പേരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തങ്ങളുടെ അനുശോചനം അറിയിക്കുന്നുവെന്ന് ടൂറിസം ബോർഡ് സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.