പേമാരിയിൽ കൊൽക്കത്ത നഗരം വെള്ളത്തിനടിയിൽ; 7 മരണം

കൊൽക്കത്ത: തിങ്കളാഴ്ച രാത്രിയിൽ പെയ്ത പേമാരിയിൽ കൊൽക്കത്തയും സമീപ പ്രദേശങ്ങളും സ്തംഭിച്ചു. നഗരത്തിന്റെ മിക്കയിടങ്ങളിലും വെള്ളം കയറി. വൈദ്യുതാഘാതമടക്കമുള്ള അപകടങ്ങളിൽ ഏഴു പേർ മരിച്ചു. റിപ്പോർട്ടുകൾ പ്രകാരം ബെനിയാപുകൂർ, ബെഹാല, ഹരിദേവ്പൂർ, ബാലിഗഞ്ച്, മോമിൻപൂർ, നേതാജിനഗർ, ഗാർഫ എന്നിവിടങ്ങളിൽ നിന്നാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

ദുർഗാ പൂജ ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗുരുതരമായ ആഘാതങ്ങൾ. പ്രധാന റോഡുകൾ നദികളായി മാറിയതായും വീടുകളിലേക്കും പാർപ്പിട സമുച്ചയങ്ങളിലേക്കും വെള്ളം കയറിയതായും ദൃശ്യങ്ങൾ കാണിക്കുന്നു.

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിന്റെ തെക്ക്, കിഴക്ക് മേഖലകളിൽ അതിശക്തമായ മഴയാണ് ​പെയ്തത്. മഹാനായക് ഉത്തം കുമാറിനും രബീന്ദ്ര സരോബർ സ്റ്റേഷനുകൾക്കും ഇടയിലുള്ള ബ്ലൂ ലൈനിൽ വെള്ളം കയറിയത് മെട്രോ റെയിൽ സർവിസുകളെ സാരമായി ബാധിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചില സ്റ്റേഷനുകൾക്കിടയിൽ സർവിസുകൾ നിർത്തിവെച്ചു.ദക്ഷിണേശ്വർ, മൈദാൻ സ്റ്റേഷനുകൾക്കിടയിൽ വെട്ടിക്കുറച്ച സർവിസുകൾ നടത്തുന്നുണ്ടെന്ന് കൊൽക്കത്ത മെട്രോ റെയിൽവേ വക്താവ് പറഞ്ഞു.

ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ സീൽദ സൗത്ത് സെക്ഷനിലെ ട്രെയിൻ ഗതാഗതം നിർത്തിവച്ചതായി ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഹൗറ, കൊൽക്കത്ത ടെർമിനൽ സ്റ്റേഷനുകളിലും ഭാഗികമായി തടസ്സം നേരിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചിത്പൂർ യാർഡിൽ വെള്ളം കയറിയതിനെ തുടർന്ന് സർക്കുലർ റെയിൽവേ ലൈനിലെ ട്രെയ്ൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. 

നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റോഡുകളിൽ മുട്ടോളം വെള്ളമാണ്. പൊതുഗതാഗതം തകരാറിലായതിനാലും നഗരത്തിലുടനീളമുള്ള വലിയ ഗതാഗതക്കുരുക്കുകളാലും ഓഫിസിലേക്ക് പോകുന്നവർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ പാടുപെട്ടു. നിരവധി സമീപപ്രദേശങ്ങളിൽ വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങൾ തകർന്നു. ദുർഗാ പൂജ പന്തലുകളിലും വെള്ളം ചോർന്നതിനെത്തുടർന്ന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപ വർഷങ്ങളിൽ ഏറ്റവും ശക്തമായ മഴയുമായി നഗരം പൊരുതുകയാണ്.

വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വടക്കു പടിഞ്ഞാറോട്ട് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കൊൽക്കത്തയിലും പരിസര ജില്ലകളിലും കൂടുതൽ മഴ പെയ്യിക്കും. സെപ്റ്റംബർ 25 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു. 


Tags:    
News Summary - Kolkata city under water due to heavy rains; 7 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.