നരേന്ദ്ര മോദി
ന്യൂഡൽഹി: 2028ൽ നടക്കാനിരുന്ന മുപ്പത്തിമൂന്നാമത് ഐക്യരാഷ്ട്രസഭ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് (COP33) ആതിഥേയത്വം വഹിക്കാനില്ലെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന പ്രതിവാര വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനത്തിന് വേദിയാകാനുള്ള താൽപ്പര്യം ഇന്ത്യ പിൻവലിച്ചതായും വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവും അന്തർദ്ദേശീയവുമായ വിവിധ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം. ആതിഥേയത്വം വഹിക്കുന്നില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള പോരാട്ടത്തിൽ ഇന്ത്യ മുൻനിരയിൽ തന്നെ തുടരും. ‘COP33ന് ആതിഥേയത്വം വഹിക്കാനുള്ള ഓഫർ ഇന്ത്യ പിൻവലിച്ചതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും. പലവിധ വിഷയങ്ങൾ ഇതിനായി കണക്കിലെടുത്തിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോകില്ല. പാരീസ് ഉടമ്പടിയിലെ വ്യവസ്ഥകൾ പൂർണ്ണമായും പാലിച്ച ചുരുക്കം ജി20 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ’.
രാജ്യത്തിന്റെ ഹരിത അജണ്ട കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും, ആഗോളതലത്തിൽ പരിസ്ഥിതി സൗഹൃദ നയങ്ങൾ നടപ്പിലാക്കുന്നതിൽ ഇന്ത്യ മാതൃകയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ദുബൈയിൽ നടന്ന COP28 ഉച്ചകോടിക്കിടെയാണ് 2028ലെ സമ്മേളനത്തിന് ഇന്ത്യ വേദിയാകാൻ സന്നദ്ധത പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു അന്ന് ഈ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ 2026 ഏപ്രിലിൽ പുറത്തുവന്ന ഈ പുതിയ തീരുമാനം ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
ഇന്ത്യയുടെ പിന്മാറ്റത്തോടെ 2028ലെ ഉച്ചകോടി ഏത് രാജ്യത്ത് നടക്കുമെന്ന കാര്യത്തിൽ വരും മാസങ്ങളിൽ പുതിയ തീരുമാനങ്ങൾ ഉണ്ടായേക്കും. ആതിഥേയത്വം ഉപേക്ഷിച്ചെങ്കിലും ചില മേഖലകളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.
സൗരോർജ്ജം, കാറ്റ് എന്നിവയിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുക, 2070ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുക ഇക്കാര്യങ്ങളിലൊക്കെ ഇന്ത്യയുടെ പങ്കാളിത്തം തുടരുമെന്നും സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.