ഡൽഹിയിലെ ‘മാലിന്യപർവതം’ അപ്രത്യക്ഷമാകുന്നു; ഭൽസ്വയിൽ 99 ലക്ഷം ടൺ മാലിന്യം നീക്കി
ന്യൂഡൽഹി: ഡൽഹിയുടെ മാലിന്യപ്രതിസന്ധിയുടെ പ്രതീകമായി മാറിയ ഭൽസ്വ ലാൻഡ്ഫിൽ ക്രമേണ ഇല്ലാതാകുകയാണ്. പതിറ്റാണ്ടുകളായി കെട്ടിക്കിടന്ന മാലിന്യങ്ങൾ ചേർന്ന് രൂപംകൊണ്ട ‘മാലിന്യപർവതം’ ബയോമൈനിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന പ്രവർത്തനങ്ങളാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്നത്.
ഡൽഹിയിലെ മൂന്ന് പ്രധാന മാലിന്യ നിക്ഷേപകേന്ദ്രങ്ങളിലൊന്നായ 70 ഏക്കർ വിസ്തൃതിയുള്ള ഭൽസ്വ ലാൻഡ്ഫിലിൽ നിന്ന് ജൂലൈ 31 വരെ 99.07 ലക്ഷം മെട്രിക് ടൺ പഴയ മാലിന്യം (ലെഗസി വേസ്റ്റ്) നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ശേഷിക്കുന്ന മാലിന്യക്കൂമ്പാരം ഒക്ടോബർ 15-നകം നീക്കം ചെയ്യുകയും ഡിസംബർ 31-നകം ലാൻഡ്ഫിൽ പൂർണമായും ശുചീകരിക്കുകയുമാണ് ലക്ഷ്യമിടുന്നത്.
ഭൽസ്വയിലെ മാലിന്യങ്ങൾ നേരിട്ട് മറ്റൊരിടത്തേക്ക് മാറ്റുന്നതല്ല. ‘ബയോമൈനിങ്’ എന്ന പ്രക്രിയയിലൂടെ പഴയ മാലിന്യങ്ങൾ കുഴിച്ചെടുത്ത് വിവിധ വിഭാഗങ്ങളായി വേർതിരിക്കുകയാണ് ചെയ്യുന്നത്. ഇതിൽ 65 മുതൽ 75 ശതമാനം വരെ വരുന്ന മണ്ണുപോലുള്ള അവശിഷ്ടങ്ങൾ ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങൾ നികത്താൻ ഉപയോഗിക്കുന്നു. നിർമാണാവശിഷ്ടങ്ങൾ പ്രത്യേകമായി സംസ്കരിക്കുമ്പോൾ കത്തിക്കാവുന്ന മാലിന്യങ്ങൾ ‘റിഫ്യൂസ് ഡെറൈവ്ഡ് ഫ്യൂവൽ’ (ആർ.ഡി.എഫ്) ആക്കി സിമന്റ് ഫാക്ടറികളിലും പേപ്പർ മില്ലുകളിലും ഇന്ധനമായി ഉപയോഗിക്കുന്നു.
മാലിന്യക്കൂമ്പാരത്തിന്റെ നിന്നും രൂപപ്പെടുന്ന മീഥേൻ വാതകം ഭൽസ്വയെ അപകടസാധ്യതയേറിയ സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. 2022 ഏപ്രിലിൽ ഇവിടെ ഉണ്ടായ വൻ തീപിടിത്തം രണ്ടാഴ്ചയോളം നീണ്ടുനിന്നിരുന്നു. ഇതോടെ സമീപ പ്രദേശങ്ങളിലെ വായുമലിനീകരണം ഗണ്യമായി വർധിച്ചതായി പഠനങ്ങൾ കണ്ടെത്തിയിരുന്നു.
പ്രതിദിനം 12,000 മുതൽ 14,000 ടൺ വരെ പഴയ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ടണ്ണിന് ഏകദേശം 400 രൂപ ചെലവിൽ സ്വകാര്യ കരാറുകാർ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം, ദിവസേന ഏകദേശം 4,000 ടൺ പുതിയ മാലിന്യവും ഇവിടെ എത്തുന്നുണ്ട്. മഴയും അതിശക്തമായ ചൂടും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
2022-ൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ഭൽസ്വയിൽ ഏകദേശം 73 ലക്ഷം മെട്രിക് ടൺ പഴയ മാലിന്യങ്ങളുണ്ടായിരുന്നു. നിലവിൽ വലിയൊരു ഭാഗം നീക്കം ചെയ്തുകഴിഞ്ഞതായി എം.സി.ഡി അറിയിച്ചു. ഭൽസ്വയും ഒഖ്‌ല ലാൻഡ്ഫിലും 2026-നകം ശുചീകരിക്കാനും ഗാസിപൂർ ലാൻഡ്ഫിൽ 2027-നകം ഇല്ലാതാക്കാനുമാണ് ഡൽഹി ഭരണകൂടത്തിന്റെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.