അന്‍റാർട്ടിക്കയിൽ ഓസോൺ പാളിയുടേ ശോഷണം 20 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വർധിച്ചതായാണ് പഠനം. ഇത് സാധാരണ പരിധിക്കുളളിലാണെങ്കിലും വളർച്ച ആശങ്കപ്പെടുത്തുന്നതാണെന്ന് നാസയുടെ ഓസോൺ വാച്ച് ചൂണ്ടിക്കാട്ടുന്നു. 1912ൽ അന്‍റാർട്ടിക്ക പര്യവേഷകർ നേരിട്ട അസാധാരണ കാലാവസ്ഥ മാറ്റമാണ് ഓസോൺ പാളിയുടേ ശോഷണം ശ്രദ്ധയിൽപ്പെടാൻ കാരണം.
1985ലാണ് ജോ ഫാർമാൻ, ബ്രയാൻ ഗാർഡിനർ, ജൊനാഥൻ ഷാങ്ക്ലിൻ എന്നിവരാണ് ഓസോൺ ശോഷണം കണ്ടെത്തിയത്. 1987 വരെ നടത്തിയ തുടർ പഠനങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുകയും മോൺട്രിയാൽ പ്രോട്ടോക്കോൾ രൂപപ്പെടുത്തുന്നതിലേക്ക് നയിക്കപ്പെടുകയും ചെയ്തു. പഠനങ്ങളിൽ ക്ലോറോഫ്ലൂറോ കാർബൺ (സി.എഫ്.സി.എസ്), ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ (എച്ച്.സി.എഫ്.സി.എസ്) തുടങ്ങി ദോഷകരമായ വസ്തുക്കൾ ഓസോൺ പാളിയുടെ ശോഷണത്തിലേക്ക് നയിക്കുന്നതായാണ് കണ്ടെത്തൽ. ഇത്തരത്തിലുണ്ടാകുന്ന വിള്ളലിലൂടെയാണ് ദോഷകരമായ യു.വി. കിരണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത്.
യു.വി. കിരണം മനുഷ്യരിലും മൃഗങ്ങളിലും ത്വക്ക്, അർബുദം, തിമിരം, രോഗപ്രതിരോധ ശേഷി കുറയൽ തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. റഫ്രിജറേറ്റുകൾ, എയർ കണ്ടീഷണറുകൾ, അഗ്നിശമന ഉപകരണങ്ങൾ, എയറോസോളുകൾ എന്നിവയിൽ ഒരു കാലത്ത് കാണപ്പെട്ടിരുന്ന ഓസോൺ ശോഷണപദാർഥങ്ങളുടെ അനിയന്ത്രിത വർധന നിയന്ത്രിക്കാനാണ് 1987ലെ മോൺട്രിയൽ പ്രോട്ടോകോളിന് രൂപം നൽകിയത്.
ഓസോണിലെ വിള്ളൽ തടയുന്നതിൽ പാരിസ്ഥിതിക മാറ്റങ്ങൾ പങ്കുവഹിക്കുന്നുണ്ടെന്ന് എൻ.ടി.പി.സി. സ്കൂൾ ഓഫ് ബിസിനസിലെ പ്രഫസറും മോൺട്രിയൽ പ്രോട്ടോക്കോൾ ആൻഡ് ക്ലൈമറ്റ് ചേഞ്ച് സീനിയർ കൺസൾട്ടന്‍റുമായ ഡോ. ആർ. ഗോപിചന്ദ്രൻ പറയുന്നു. വിഷയത്തിന്‍റ ഗൗരവം കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭ 1995 മുതൽ സെപ്റ്റംബർ 16ന് ഓസോൺ പാളി സംരക്ഷണത്തിനായുളള അന്താരാഷ്ട്രദിനം ആചരിക്കാൻ തുടങ്ങി. 2040ഓടെ ഉഷ്ണമേഖല പ്രദേശങ്ങളിലും 2045ഓടെ ആർട്ടിക്ക് പ്രദേശത്തും 2066ഓടെ അന്‍റാർട്ടിക്കയിലും ഓസോൺ പാളി പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
2022ൽ ഓസോൺ പാളിയുടെ വിള്ളൽ അസാധാരണമായി വലുതും ആഴമേറിയതുമായിരുന്നു. 2024ൽ അത് ഏറെകുറെ ചെറുതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ 2025ൽ വീണ്ടും വിള്ളലിന്‍റെ വലുപ്പം വർധിച്ചു. ധ്രുവ സ്ട്രാറ്റോസ്ഫെറിക് മേഘങ്ങളുടെ രൂപീകരണം, അഗ്നിപർവത പ്രവർത്തനങ്ങൾ, ഫോസിൽ ഇന്ധനം എന്നിവ ഓസോൺ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 15 മുതൽ 25കിലോമീറ്റർ വരെ രൂപം കൊളളുന്ന ധ്രുവ സ്ട്രാറ്റോസ്ഫെറിക് മേഘങ്ങളിലെ തണുത്ത താപനില ഓസോൺ നശിപ്പിക്കുന്ന വസ്തുക്കൾക്ക് അനുയോജ്യമായ അന്തരീക്ഷമാണ് നൽകുന്നത്. ഈ മേഘങ്ങൾ ക്ലോറിൻ സംയുക്തങ്ങളെ ഓസോൺ തന്മാത്രകളായി പ്രതിപ്രവർത്തിച്ച് ഓക്സിജൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു.
സൗര വികിരണത്തിലെ സ്വാഭാവിക വ്യതിയാനവും 2023ലെ ഗുംഗ ടോംഗ അഗ്നിപർവത സ്ഫോടനവും ഓസോൺ പാളിയുടേ 30 ശതമാനം ശോഷണത്തിന് കാരണമായി. വർധിച്ച് വരുന്ന ആഗോളതാപനമാണ് മറ്റൊന്ന്. ഇത് ഭൂമിയുടെ രണ്ട് ധ്രുവങ്ങളെയും ചുറ്റിപ്പറ്റിയുളള തണുത്ത വായുവിന്‍റെ വലിയ പ്രദേശമായ പോളാർ വേർട്ടക്സിനെ ശക്തിപ്പെടുത്തുന്നു. ഇത് ധ്രുവങ്ങളിൽ കൂടുതലായി തണുത്ത കാലാവസ്ഥക്ക് കാരണമാകുന്നു.
ഓസോൺ വിളളൽ എത്രത്തോളം ഗുരുതരം
മോൺട്രിയൽ പ്രോട്ടോക്കോൾ പ്രതിവർഷം 2 ദശലക്ഷം ത്വക്ക്-അർബുദ കേസുകൾ തടയുന്നതായാണ് പഠനം. സ്ട്രാറ്റോസ്ഫെറിക് എയറോസോൾ കുത്തിവെപ്പ് ഭൂമിയുടെ ഉപരിതലത്തെ തണുപ്പിക്കാൻ കഴിയുമെങ്കിലും അത് ഓസോൺ ശോഷണം വർധിപ്പിക്കുന്നു.
മോൺട്രിയൽ പ്രോട്ടോക്കോൾ പ്രകാരം നിയന്ത്രിക്കപ്പെടുന്ന രാസവസ്കുക്കൾ പ്രകൃതിക്കും മനുഷ്യനും അത്യന്തം ദോഷകരമായ വസ്തുക്കളാണ്. അവ ട്രൈക്ലാറോ അസെറ്റിക്ക് ആസിഡ് രൂപീകരിക്കുന്നു. ഓസോൺ ശോഷണം ആവാസവ്യവസ്ഥ തകർക്കുന്നു. അതിന് ഉദാഹരണമാണ് ആർട്ടിക്ക് പ്രദേശത്തെ ഫൈറ്റോപ്ലാങ്ടൺ.
മോൺട്രിയൽ പ്രോട്ടോക്കോൾ
ലോകത്തിലേ എല്ലാ രാജ്യങ്ങളും ഒപ്പുവെച്ച ഉടമ്പടി ആണിത്. ഓസോൺ ശോഷണത്തിന് കാരണമാകുന്ന വസ്തുക്കളുടെ ആഘാതം കുറക്കുന്നതിന് മോൺട്രിയൽ പ്രോട്ടോക്കോൾ നിർണായകമായി. പ്രോട്ടോക്കോൾ ഇല്ലായിരുന്നുവെങ്കിൽ ആർട്ടിക്ക് താപനില 12 ഡിഗ്രി വർധിക്കുമായിരുന്നെന്ന് ഡോ. ആർ. ഗോപിചന്ദ്രൻ പറയുന്നു. ഓസോൺ ശോഷണത്തിന് കാരണമാകുന്ന വസ്തുക്കളെ ഘട്ടംഘട്ടമായി നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും ഇന്ധനങ്ങളുടേ ഉപയോഗം ഇപ്പോഴും ഭീക്ഷണിയാണ്.
2066ഓടെ അന്‍റാർട്ടിക്കയിൽ ഓസോൺ പാളിയുടേ ശോഷണം പുനഃസ്ഥാപിക്കുന്നതിന് ശാസ്തീയ ധനസഹായം, നവീകരണം, ആഗോള താപനത്തിനെതിരെ പോരാടാനുളള രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയിലൂടെ ആഗോള സഹകരണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.