ശ്രീലങ്കയിൽ ചുഴലിക്കാറ്റും പ്രളയവും: 56 മരണം; ഓഫിസുകളും സ്കൂളുകളും അടച്ചു

കൊളംബോ: ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിലുടനീളം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 56 ആയി. മോശം കാലാവസ്ഥ തുടരുന്നതിനാൽ  രാജ്യത്തെ എല്ലാ സർക്കാർ ഓഫിസുകളും സ്കൂളുകളും അടച്ചു. 

കനത്ത മഴയിൽ വീടുകളും കൃഷിയിടങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിനും ഇത് കാരണമായി. ഇതുവരെ 600 ലധികം വീടുകൾ തകർന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.  അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് കേരള- തമിഴ്നാട് തീരങ്ങളും ജാഗ്രതയിലാണ്.

തലസ്ഥാന നഗരമായ കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ബദുള്ള, നുവാര ഏലിയ എന്നിവിടങ്ങളിലെ തേയിലത്തോട്ടം മേഖലയിൽ 25 ൽ അധികം പേർ മരിച്ചു.  21 പേരെ കാണാതായെന്നും14 പേർക്ക് പരിക്കേറ്റതായും സർക്കാറിന്റെ ദുരന്തനിവാരണ കേന്ദ്രം പുറത്തുവിട്ടു. 

നദികളിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത 48 മണിക്കൂറിനുള്ളിൽ കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങൾക്ക് വെള്ളപ്പൊക്ക അപകട  മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജലസേചന വകുപ്പിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കൊളംബോയും അപകടസാധ്യതയുള്ള പ്രദേശങ്ങളാണ്.

കനത്ത മഴയെത്തുടർന്ന് മിക്ക ജലസംഭരണികളും നദികളും കരകവിഞ്ഞൊഴുകിയതിനാൽ റോഡുകൾ  തടസ്സപ്പെട്ടിരിക്കുകയാണ്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും പാറകൾ, ചെളി, മരങ്ങൾ എന്നിവ വീണതിനെത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന റോഡുകൾ അടച്ചു.

അവശ്യ സർവിസുകൾ ഒഴികെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. രാജ്യത്തുടനീളം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി ഏകദേശം 20,500 സൈനികരെ വിന്യസിച്ചതായാണ് റിപ്പോർട്ട്.

വെള്ളപ്പൊക്കത്തിൽ ചുറ്റപ്പെട്ട ഒരു വീടിന്റെ മേൽക്കൂരയിൽ കുടുങ്ങിയ മൂന്ന് പേരെ വ്യോമസേനയുടെ ഹെലികോപ്റ്റർ രക്ഷപ്പെടുത്തി. നാവികസേനയും പൊലീസും കുടുങ്ങിക്കിടക്കുന്ന താമസക്കാരെ കൊണ്ടുപോകാൻ ബോട്ടുകൾ ഉപയോഗിച്ചു. കിഴക്കൻ പട്ടണമായ അമ്പാറക്കു സമീപം വെള്ളപ്പൊക്കത്തിൽ ഒരു കാർ ഒഴുകിപ്പോയി മൂന്ന് യാത്രക്കാർ മരിച്ചതായും റിപ്പോർട്ടുണ്ട്.


Tags:    
News Summary - Heavy rains in Sri Lanka; Death toll rises to 56 in floods and landslides; Offices and schools closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.