ഇടുക്കിയിലെ മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ കണ്ടെത്തിയ നെൽപ്പൊട്ടൻ പക്ഷി
തൃശൂർ: ഇടുക്കിയിലെ മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ ആദ്യമായി നെൽപ്പൊട്ടൻ പക്ഷിയെ (ഗോൾഡൻ ഹെഡഡ് സിസ്റ്റിക്കോള) കണ്ടെത്തി.പശ്ചിമഘട്ടത്തിൽ പാലക്കാട് ഗ്യാപ്പിന് തെക്ക്, ഒരു നൂറ്റാണ്ടിനുശേഷമാണ് ഈയിനം പക്ഷിയെ വീണ്ടും കണ്ടെത്തുന്നത്.
പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ തൃശൂർ കോൾ ബേഡേഴ്സ് അംഗങ്ങളായ കൊരട്ടി സ്വദേശിയും വടക്കാഞ്ചേരി വി.എച്ച്.എസ്.സി പ്രിൻസിപ്പലുമായ ലതീഷ് ആർ. നാഥും റിട്ട. അതിരപ്പിള്ളി വില്ലേജ് ഓഫിസർ കെ.സി. രവീന്ദ്രനുമാണ് അപൂർവ പക്ഷിയെ മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ഉയർന്ന പ്രദേശത്തെ പുൽമേടുകളിൽ പക്ഷിനിരീക്ഷണത്തിനിടെ കണ്ടെത്തിയത്.
കർണാടകയുടെയും തമിഴ്നാടിന്റെയും ചില ഭാഗങ്ങളിലും കേരളത്തിലുമാണ് ഈ പക്ഷിയെ കണ്ടിട്ടുള്ളത്. കേരളത്തിൽ വയനാട്, കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും പശ്ചിമഘട്ടത്തിലെ പാലക്കാട് ഗ്യാപ്പിന തെക്കുഭാഗത്ത് ഒരു നൂറ്റാണ്ടിനിടെ ഇവയെ കാണുന്നത് ആദ്യമായാണ്.
മലനിരകളിലെ പുൽമേടുകളിലെ സ്ഥിരതാമസക്കാരാണ് ഈ പക്ഷി. പ്രജനനകാലത്ത് ആൺപക്ഷികളുടെ തല, കഴുത്ത്, നെഞ്ച് എന്നിവ സ്വർണനിറം കലർന്ന ഓറഞ്ച് നിറമായിരിക്കും. പിങ്ക് നിറമുള്ള ചുണ്ടുകൾ, പിന്നിൽ കറുത്ത വരകൾ എന്നിവ ഈ പക്ഷിയുടെ പ്രത്യേകതകളാണ്. ഇവയുടെ ശബ്ദം എളുപ്പം തിരിച്ചറിയാം. നേരത്തേ വയനാട് ബാണാസുര മലയിലെ പുൽമേടുകളിൽ ഇതേ പക്ഷിയെ ഇവർതന്നെ കണ്ട ഓർമ ഇതിനെ തിരിച്ചറിയാൻ സഹായകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.