ലണ്ടൻ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനില അതിന്റെ വാർഷിക ചൂട് റെക്കോർഡുകൾ തകർക്കാനുള്ള സാധ്യത 80ശതമാനമാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ പുതിയ റിപ്പോർട്ട്. ഇത് കടുത്ത വരൾച്ച, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവയുടെ സാധ്യതയേറ്റുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആദ്യമായി, 2030നു മുമ്പ് ലോകം വ്യാവസായികത്തിനു മുമ്പത്തെ കാലഘട്ടത്തേക്കാൾ കൂടുതൽ ചൂടിലൂടെ കടന്നുപോവാനുള്ള സാധ്യതയുണ്ടെന്നും ഡാറ്റ സൂചിപ്പിക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.5 ഡിഗ്രി താപനില ഉയരാനുള്ള സാധ്യത 86 ശതമാനമാണ്. നടുക്കമുളവാക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിച്ചത്.
എണ്ണ, വാതകം, കൽക്കരി, മരങ്ങൾ എന്നിവ കത്തിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രകൃതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥക്കും അത് കൂടുതൽ ഭീഷണി ഉയർത്തുമെന്നും റിപ്പോർട്ട് പറയുന്നു. ഇത് പാരീസ് ഉടമ്പടിയുടെ ഏറ്റവും വലിയ ലക്ഷ്യമായ ‘അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ഉടമ്പടി’യുടെ ലംഘനത്തിലേക്ക് ലോകത്തെ എത്തിക്കും.
2024ൽ, ആദ്യമായി വാർഷികാടിസ്ഥാനത്തിൽ 1.5 ഡിഗ്രി സെൽഷ്യസ് പരിധി ലംഘിച്ചു. 175 വർഷത്തെ നിരീക്ഷണ റെക്കോർഡിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024.
യു.കെയിലെ മെറ്റ് ഓഫിസ്, ബാഴ്‌സലോണ സൂപ്പർകമ്പ്യൂട്ടിങ് സെന്റർ, കനേഡിയൻ സെന്റർ ഫോർ ക്ലൈമറ്റ് മോഡലിങ് ആൻഡ് അനാലിസിസ്, ഡ്യൂഷർ വെറ്റർഡിയൻസ്റ്റ് എന്നിവയുൾപ്പെടെ 15 വ്യത്യസ്ത സ്ഥാപനങ്ങളുടെ മോഡലുകളിൽ നിന്നുള്ള 220 അംഗങ്ങൾ സമാഹരിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
2 ഡിഗ്രി സെൽഷ്യസ് ഞെട്ടിപ്പിക്കുന്നതാണെന്ന് ഡാറ്റ സമാഹരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മെറ്റ് ഓഫിസിലെ ആദം സ്കൈഫ് പറഞ്ഞു. ആഘാതങ്ങൾ ഒരുപോലെയാവില്ല ബാധിക്കുക. ആർട്ടിക് മേഖലആഗോള ശരാശരിയേക്കാൾ 3.5 മടങ്ങ് വേഗത്തിൽ ചൂടാകും. കാരണം കടൽ മഞ്ഞ് ഉരുകുകയാണ്. അതായത്, സൂര്യന്റെ ചൂട് ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കുന്നതിന് ഉപരിതലത്തിൽ ഒരു പാളി രൂപപ്പെടുന്നതിനു പകരം മഞ്ഞ് നേരിട്ട് സമുദ്രത്തിലേക്ക് പതിക്കും. ആമസോൺ മഴക്കാടുകളിൽ കൂടുതൽ വരൾച്ച ഉണ്ടാവുമെന്നും യു.കെ, വടക്കൻ യൂറോപ്പ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ അതി തീവ്ര മഴ പെയ്യുമെന്നും പ്രവചിക്കപ്പെടുന്നു.
റിപ്പോർട്ട് തയ്യാറാക്കാൻ നേതൃത്വം നൽകിയ മെറ്റ് ഓഫിസിലെ ലിയോൺ ഹെർമൻസൺ, 2025 രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ മൂന്ന് വർഷങ്ങളിൽ ഒന്നായിരിക്കുമെന്ന് പറഞ്ഞു. കാലാവസ്ഥാ സംഘടനയുടെ സേവന വിഭാഗം ഡയറക്ടർ ക്രിസ് ഹെവിറ്റ് ഉഷ്ണതരംഗങ്ങൾക്കും മനുഷ്യന്റെ ആരോഗ്യത്തിനും ‘ആശങ്കാജനകമായ ചിത്രം’ വിവരിച്ചു. എന്നാൽ, ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് കുറക്കുന്നതിലൂടെ താപനം പരിമിതപ്പെടുത്തൽ ഇപ്പോഴും വൈകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.