ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം ഗുരുതരമായി തുടരുന്നതിൽ എയർ ക്വാളിറ്റി മാനേജ്മെന്‍റ് കമീഷനെതിരെ വിമർശനവുമായി സുപ്രീംകോടതി. മലിനീകരണം നിയന്ത്രിക്കുന്നതിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപനം പരാജയപ്പെടുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
നിരന്തരമായി വായു ഗുണനിലവാരം മോശമാകുന്ന സാഹചര്യത്തിൽ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ കണ്ടെത്താനും ദീർഘകാല പരിഹാര മാർഗങ്ങൾ നിർദേശിക്കാനും സി.എ.ക്യു.എം ഇതുവരെ ഫലപ്രദമായ രീതിയിൽ പ്രവർത്തനം നടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മലിനീകരണത്തിന് കാരണമാകുന്ന ഘടകങ്ങൾ വ്യക്തമായി തിരിച്ചറിയുന്നതിനായി വിദഗ്ധരുടെ ഒരു സംഘം രൂപവത്കരിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി സി.എ.ക്യു.എമ്മിനോട് നിർദേശിച്ചു. വെറും സ്റ്റാറ്റസ് റിപ്പോർട്ടുകൾ മതിയാകില്ലെന്നും ശാസ്ത്രീയവും പ്രായോഗികവുമായ പ്രവർത്തന പദ്ധതി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
ഡൽഹി അതിർത്തികളിലെ ടോൾ പ്ലാസകളുടെ അടച്ചുപൂട്ടൽ അല്ലെങ്കിൽ മാറ്റിസ്ഥാപിക്കൽ പോലുള്ള അടിയന്തര വിഷയങ്ങൾ പരിഗണിക്കാൻ രണ്ട് മാസം സമയം വേണമെന്ന സി.എ.ക്യു.എമ്മിന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു.
നിലവിൽ ഡൽഹിയിലെ വായു നിലവാര സൂചിക 293 ആയിരുന്നു. ഇത് ‘മോശം’ വിഭാഗത്തിൽ സ്ഥിരമായി ഉൾപ്പെട്ടതായി കേന്ദ്ര മലിനീകരണ ബോർഡ് അറിയിച്ചു. ചാന്ദ്നി ചൗക്കിൽ 352 ‘എറ്റവും മോശം’ വായുവും രേഖപ്പെടുത്തി. ഇത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്ന് കോടതി ഓർമിപ്പിച്ചു.
മലിനീകരണ പ്രശ്നത്തെ ഗൗരവമായി കാണാതെ നീട്ടിക്കൊണ്ടുപോകുന്ന സമീപനം ഇനി അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹിയിലെ വായുമലിനീകരണ പ്രശ്നത്തിൽ തൽക്ഷണവും ദീർഘകാലവുമായ നടപടികൾ വേണമെന്ന് കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.