‘കോപ് 30ൽ’ 2035ലെ പുതിയ കാലാവസ്ഥാ ലക്ഷ്യങ്ങൾ അവതരിപ്പിക്കുന്നതിൽ ജി 20 രാജ്യങ്ങൾ പരാജയപ്പെട്ടു -ഗ്രീൻപീസ്

ബെലെം: ബ്രസീലിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയായ ‘കോപ് 30ൽ’ ജി 20 രാജ്യങ്ങൾ സമർപ്പിച്ച പുതിയ ലക്ഷ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് കാലാവസ്ഥാ പ്രതിസന്ധികൾ നേരിടുന്നതിന് അപര്യാപ്തമെന്ന് ഗ്രീൻപീസിന്റെ വലിയിരുത്തൽ.

‘ൈക്ലമറ്റ് അമ്പീഷൻ റി​പ്പോർട്ട് 2035 ’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട് ബെലെമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കൺവെൻഷനിൽ പുറത്തിറക്കി. കാലാവസ്ഥാ നിയന്ത്രണത്തിനായുള്ള ആഗോള പ്രതികരണ പദ്ധതിയിൽ യോജിക്കാനും 1.5ഡിഗ്രി സെൽഷ്യസ് പരിധി കൈവരിക്കാനാകുമെന്ന് ഉറപ്പാക്കാനും സർക്കാറുകളോട് ഗ്രീൻപീസ് നടത്തിയ ആഹ്വാനത്തിന്റെ ഭാഗമായിരുന്നു ഈ പ്രഖ്യാപനം.

ആഗോള താപനില വർധനവ് 1.5ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്തുക, 2035 ആകുമ്പോഴേക്കും കാർബൺ ബഹിർഗമനം 60 ശതമാനം കുറക്കുക, 2030 ആകുമ്പോഴേക്കും പുനഃരുപയോഗ ഊർജം മൂന്നിരട്ടിയാക്കുക, ഊർജ കാര്യക്ഷമത ഇരട്ടിയാക്കുക, ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുക എന്നിവക്കായി കൂട്ടായ പ്രതിബദ്ധതകളിൽ രാജ്യങ്ങൾ യോജിച്ചിട്ടുണ്ട്. എങ്കിലും കാലാവസ്ഥാ ഉച്ചകോടി അതിന്റെ പകുതി ദിവസങ്ങൾ പിന്നിട്ടിട്ടും പല രാജ്യങ്ങളും പുതിയ ലക്ഷ്യങ്ങൾ സമർപ്പിച്ചിട്ടില്ല.

ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ ഭൂരിഭാഗത്തിനും, ഫോസിൽ ഇന്ധന ഉപഭോഗത്തിന്റെ ഭൂരിഭാഗത്തിനും ഉത്തരവാദികളായ വികസിത രാജ്യങ്ങൾ ഉൾപ്പെടെയുള്ള ജി 20 രാജ്യങ്ങൾ മതിയായ ലക്ഷ്യങ്ങളും നടപടികളും അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് ഗ്രീൻപീസ് ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് അനുസരിച്ച് നിലവിലെ കാർബൺ പുറന്തള്ളലിന്റെ 80 ശതമാനവും ആഗോള മൊത്ത ആഭ്യന്തര ഉൽ‌പാദനത്തിന്റെ ഏകദേശം 85 ശതമാനവും അമേരിക്ക അടക്കമുള്ള പ്രധാന വികസിത രാജ്യങ്ങൾ വഹിക്കുന്നു. അവരുടെ ആഗോള വ്യാപാരം, നിക്ഷേപം, സാങ്കേതിക പ്രവാഹങ്ങൾ എന്നിവയുമായി വലിയ തോതിൽ ബന്ധപ്പെട്ടിരിക്കുന്നു. 

ജി20 അംഗരാജ്യങ്ങളിൽ ആസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഇയു, ഇന്തോനേഷ്യ, ജപ്പാൻ, റഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യു.എസ് എന്നിവ 2035 ലക്ഷ്യം സമർപ്പിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങൾ (മെക്സിക്കോ, ദക്ഷിണ കൊറിയ) 2035 ലക്ഷ്യങ്ങൾ പരസ്യമായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഇത് യു.എന്നിന് ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ല.

മൂന്ന് ജി20 രാജ്യങ്ങൾ (അർജന്റീന, ഇന്ത്യ, സൗദി അറേബ്യ) അവരുടെ ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുകയോ സമർപ്പിക്കു​കയോ ചെയ്തിട്ടില്ല.

Tags:    
News Summary - G20 countries failed to present new 2035 targets at 'COP30' - Greenpeace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.