ഫോറെസ്റ്റിഫിക്കേഷൻ നിർമിക്കുന്ന 'അട്ടപ്പാടിയേ' എന്ന സിനിമയുടെ ഭാഗമായി അട്ടപ്പാടിയിൽ വൃക്ഷത്തൈകൾ നടുന്നു

മരുഭൂമിയിൽ വേരൂന്നി പടർന്നുപന്തലിക്കുന്ന ‘ഫോറെസ്റ്റിഫിക്കേഷൻ’

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ നിലനിൽപിന് തന്നെ ഭീഷണിയാകുന്ന കാലത്ത്​, മനുഷ്യരാശിക്ക് പ്രതീക്ഷയേകി ഒരു ഹരിത വിപ്ലവം ലോകമെമ്പാടും പടരുകയാണ്. ആറ് വർഷങ്ങൾക്ക് മുൻപ് ദുബൈ ആസ്ഥാനമായി ആരംഭിച്ച ‘ഫോറെസ്റ്റിഫിക്കേഷൻ’ എന്ന സംഘടന ഇപ്പോൾ ലോകമെമ്പാടും മരങ്ങൾ നട്ടുപിടിപ്പിച്ച്​ വളർച്ച പ്രാപിക്കുകയാണ്​. ചെറു കൂട്ടായ്മയിൽനിന്ന്​ തുടങ്ങി, ഇതിനോടകം ആഗോളതലത്തിൽ ലക്ഷത്തോളം വൃക്ഷത്തൈകളാണ് സംഘടന വെച്ചുപിടിപ്പിച്ചത്.

ദുബൈയിലെ അൽ വാസിലിൽ അഞ്ഞൂറോളം ഔഷധ ചെടികൾ നട്ടുകൊണ്ടായിരുന്നു ഫോറെസ്റ്റിഫിക്കേഷൻ പ്രസ്ഥാനത്തിന്‍റെ തുടക്കം. ഇന്ന്, 2050ഓടെ ദുബൈ നഗരത്തെ പൂർണമായും പച്ചയണിയിക്കാൻ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ‘പ്ലാന്‍റ്​ ദി എമിറേറ്റ്സ്’ പദ്ധതിയുടെ ഭാഗമായി സംഘടന സജീവമായി പ്രവർത്തിക്കുന്നു. ഇതിന്‍റെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള അൽ ഗർഹൂദിൽ നൂറുകണക്കിന് വേപ്പ് മരത്തൈകളും ആൽ മരത്തൈകളും വെച്ചുപിടിപ്പിച്ചു.

ദുബൈ എക്സ്പോ സിറ്റിയിൽ നടന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫോറെസ്റ്റിഫിക്കേഷൻ അപൂർവ ഹരിത മുഹൂർത്തം സൃഷ്ടിച്ചു. സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഡിസംബർ 12ന്, ഉച്ച 12 മണി 12 മിനിറ്റ് 12 സെക്കൻഡ് ആയപ്പോൾ യു.എ.ഇ, ഇന്ത്യ, ശ്രീലങ്ക, ബ്രസീൽ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങി 12 രാജ്യങ്ങളിൽ ഒരേസമയം 12 മരങ്ങൾ വീതം നട്ട്​ ആഗോള ശ്രദ്ധ പിടിച്ചുപറ്റി.

അതിരുകൾ ഭേദിക്കുന്ന ഹരിത പദ്ധതികൾ

ഫോറെസ്റ്റിഫിക്കേഷന്‍റെ പ്രവർത്തനങ്ങൾ കേവലം യു.എ.ഇയിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. യുനെസ്‌കോയുടെ പ്രത്യേക സഹായത്തോടെ ശ്രീലങ്കയിലെ കൊളംബോയ്ക്കടുത്തുള്ള ഒരു നദീതീരത്ത് ഇരുപത് ഏക്കറോളം വരുന്ന ഭൂമിയിലാണ് വലിയൊരു വനവൽക്കരണ പ്രക്രിയ നടക്കുന്നത്. മലയാള നക്ഷത്രങ്ങളുടെ പേരിലുള്ള 28 നക്ഷത്രവൃക്ഷങ്ങളും ദശപുഷ്പങ്ങളും കേരളത്തിൽനിന്ന്​ പ്രത്യേകമായി കൊണ്ടുപോയാണ് കൊളംബോയിലെ നദീതീരത്ത് നട്ടുപിടിപ്പിക്കുന്നത്. യൂറോപ്പിലും ഈ ഹരിതദൗത്യം എത്തിക്കഴിഞ്ഞു. ഗ്രീസിലെ ഇതിഹാസ ഭൂമിയായ സ്പാർട്ടയ്ക്കടുത്തുള്ള മലഞ്ചെരുവിൽ നൂറോളം ഏക്കർ ഭൂമിയിലാണ് ഒലിവ് മരങ്ങൾ നട്ടുപിടിപ്പിച്ചത്.

യുനൈറ്റഡ് നാഷൻസിന്‍റെ ഭാഗമായ ‘പ്ലാന്‍റ്​ ഫോർ പ്ലാനറ്റ്’ എന്ന ആഗോള പദ്ധതിയുടെ പ്രചാരണാർഥം ലോകമെമ്പാടും ഒരു ട്രില്യൺ മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന വലിയ ദൗത്യത്തിനും തുടക്കമായിട്ടുണ്ട്. ഇതിന്‍റെ കേരളത്തിലെയും ശ്രീലങ്കയിലെയും അബുദാബിയിലെയും പ്രവർത്തനങ്ങൾക്ക് ഫോറെസ്റ്റിഫിക്കേഷൻ തുടക്കം കുറിച്ചു കഴിഞ്ഞു. വിയറ്റ്നാമിലും ഇന്തോനേഷ്യയിലും ഇതിനകം ഇത് ആരംഭിച്ചിരുന്നു.

ആർട്ടിസ്റ്റ് റെസിഡൻസിയും ചലച്ചിത്ര പ്രൊജക്റ്റും

കലയെയും പരിസ്ഥിതിയെയും കൂട്ടിയിണക്കുന്ന മറ്റൊരു അന്താരാഷ്ട്ര പദ്ധതിയാണ് ഫോറെസ്റ്റിഫിക്കേഷനും ആർട്ട് യു.എ.ഇയും സംയുക്തമായി ഇന്ത്യയിൽ ആരംഭിക്കുന്ന ഏറ്റവും മനോഹരമായ വന റെസിഡൻസി. മുംബൈ-ഗോവ അതിർത്തിയിലെ പ്രകൃതിരമണീയമായ മംഗേലി എന്ന കുന്നിൻമുകളിൽ 272 ഏക്കർ സ്ഥലത്താണ് ലോകമെമ്പാടുമുള്ള കലാകാരന്മാർക്കും ഡിസൈനർമാർക്കുമായി മാത്രം ‘മൽഗോവ’ എന്ന പേരിൽ ഈ കേന്ദ്രം ഒരുങ്ങുന്നത്. അബൂദബി രാജകുടുംബാംഗത്തിന്‍റെ പ്രത്യേക നേതൃത്വത്തിൽ ആർട്ട് യു.എ.ഇ സ്ഥാപകൻ സത്താർ അൽ കരൻ, മെർകുറിയോ ഡിസൈൻ ലബോറട്ടറി സ്ഥാപകൻ മാസ്സിമോ മെർകുറിയോ, ബ്ലാക്ക് ക്വറി സ്ഥാപകൻ സാബ് സോംഹൂൻ എന്നിവർ ചേർന്നാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

ഇതിനെല്ലാം പുറമെ, പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ലോകത്തിന് മുന്നിൽ എത്തിക്കാനായി 'അട്ടപ്പാടിയേ' എന്ന പേരിൽ ഒരു രാജ്യാന്തര ചലച്ചിത്രം സംഘടനയുടെ ബാനറിൽ നിർമിച്ചു വരികയാണ്. നാല് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ പ്രശസ്തമായ കുറിപ്പിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആർട്ട് യു.എ.ഇ സ്ഥാപകൻ സത്താർ അൽ കരനാണ് സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. കവി റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഈണം പകരുന്ന ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ പ്രധാന വേഷത്തിൽ എത്തുന്നു. പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ടാണ് കാമറമാൻ.

ചെറിയ സ്ഥലങ്ങളിൽ സ്വാഭാവിക വനങ്ങൾ സൃഷ്ടിക്കുന്ന മിയാവാക്കി മാതൃക പിന്തുടർന്ന് തൃശൂർ ജില്ലയിലെ കോണത്തുകുന്നിൽ ഒരേക്കറിനടുത്ത് സ്ഥലത്ത് വലിയ മിയാവാക്കി കാട് നിർമിച്ച് ഫോറെസ്റ്റിഫിക്കേഷൻ തരംഗം സൃഷ്ടിച്ചു. ഈ മാതൃക തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് ഫോറെസ്റ്റിഫിക്കേഷൻ അതിവേഗം വ്യാപിപ്പിക്കുന്നു. ബെംഗളൂരുവിൽ, രണ്ടേക്കറിൽ ‘ഡിസൈൻ ഫാം’ എന്ന പേരിൽ ഔഷധ സസ്യങ്ങളുടെ ഒരു മിയാവാക്കി വനം ഒരുക്കിയിരിക്കുന്നു.

മനുഷ്യന്‍റെ വിവേചനരഹിതമായ ചൂഷണത്തിന് മുഴുവൻ മനുഷ്യരാശിയും വില നൽകേണ്ടി വരുന്ന കാലത്ത്, ജനപങ്കാളിത്തത്തോടെ കാർബൺ പുറന്തള്ളൽ കുറക്കാനും ഭൂമിയെ പച്ചപ്പണിയിക്കാനും ദുബൈയിൽനിന്ന് തുടങ്ങിയ ഈ 'ഫോറെസ്റ്റിഫിക്കേഷൻ' പ്രസ്ഥാനം ലോകത്തിന് മാതൃകയാവുകയാണ്. ഒരു തൈ നടാം, നമുക്കും ഈ മഹാദൗത്യത്തിൽ പങ്കാളികളാകാം!

Tags:    
News Summary - ‘Forestification’ taking root and spreading in the desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.