അതിരപ്പിള്ളി സിൽവർ സ്റ്റോമിൽ ഔഷധ ചെടികൾ നടുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ

മരുഭൂമിയിൽ വേരൂന്നി പടർന്നുപന്തലിക്കുന്ന ‘ഫോറെസ്റ്റിഫിക്കേഷൻ’

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ നിലനിൽപിന് തന്നെ ഭീഷണിയാകുന്ന കാലത്ത്​, മനുഷ്യരാശിക്ക് പ്രതീക്ഷയേകി ഒരു ഹരിത വിപ്ലവം ലോകമെമ്പാടും പടരുകയാണ്. ആറ് വർഷങ്ങൾക്ക് മുൻപ് ദുബൈ ആസ്ഥാനമായി ആരംഭിച്ച ‘ഫോറെസ്റ്റിഫിക്കേഷൻ’ എന്ന സംഘടന ഇപ്പോൾ ലോകമെമ്പാടും മരങ്ങൾ നട്ടുപിടിപ്പിച്ച്​ വളർച്ച പ്രാപിക്കുകയാണ്​. ചെറു കൂട്ടായ്മയിൽനിന്ന്​ തുടങ്ങി, ഇതിനോടകം ആഗോളതലത്തിൽ ലക്ഷത്തോളം വൃക്ഷത്തൈകളാണ് സംഘടന വെച്ചുപിടിപ്പിച്ചത്.

മരുഭൂമിയിലെ കുഞ്ഞു തൈകളിൽനിന്ന് ആഗോള ഹരിതാഭയിലേക്ക്

ദുബൈയിലെ അൽ വാസിലിൽ അഞ്ഞൂറോളം ഔഷധ ചെടികൾ നട്ടുകൊണ്ടായിരുന്നു ഫോറെസ്റ്റിഫിക്കേഷൻ പ്രസ്ഥാനത്തിൻറെ തുടക്കം. ഇന്ന് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള, 2050ഓടെ ദുബൈ നഗരത്തെ പൂർണമായും പച്ചയണിയിക്കുവാനുള്ള ‘പ്ലാൻറ്​ ദി എമിറേറ്റ്സ്’ പദ്ധതിയുടെ ഭാഗമായി സംഘടന സജീവമായി പ്രവർത്തിക്കുന്നു. ഇതിൻറെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള അൽ ഗർഹൂദിൽ നൂറുകണക്കിന് വേപ്പ് മരത്തൈകളും ആൽ മരത്തൈകളും വെച്ചുപിടിപ്പിച്ച്​ വലിയൊരു വനവൽക്കരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ദുബൈയിലെ പ്രശസ്ത കർഷകനും ഈജിപ്ത് സ്വദേശിയുമായ റിദ്വാൻ തുർക്കിയാണ് മരങ്ങൾ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

മിയാവാക്കി രീതി: കുറഞ്ഞ സ്ഥലത്ത് വലിയ വനങ്ങൾ

ചെറിയ സ്ഥലങ്ങളിൽ എങ്ങനെ സ്വാഭാവിക വനങ്ങൾ സൃഷ്ടിക്കാം എന്നതിന് ഫോറെസ്റ്റിഫിക്കേഷൻ ഉപയോഗിക്കുന്ന ഏറ്റവും മികച്ച മാതൃകയാണ് മിയാവാക്കി വനങ്ങൾ. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഈ രീതി ഇന്ന് ലോകമെമ്പാടും ജനപ്രിയമാണ്. വളരെ ചെറിയ ഭൂമിയിൽ പ്രാദേശികമായി വളരുന്ന വിവിധയിനം സസ്യങ്ങൾ വളരെ അടുത്തടുത്തായി നട്ടുപിടിപ്പിക്കുന്ന രീതിയാണിത്. സാധാരണ വനങ്ങളേക്കാൾ പത്തിരട്ടി വേഗത്തിൽ വളരുകയും മുപ്പതിരട്ടി കൂടുതൽ പച്ചപ്പ് നൽകുകയും ചെയ്യും എന്നതാണ് ഇതിൻറെ പ്രത്യേകത. കുറഞ്ഞ സ്ഥലം ഉള്ളവർക്ക് പോലും സ്വന്തം വീട്ടുപറമ്പിൽ ഒരു കാട് നിർമിക്കാൻ സാധിക്കും.

കേരളത്തിലെ മിയാവാക്കി വിപ്ലവം

ഈ മാതൃക പിന്തുടർന്ന് കേരളത്തിൽ തൃശൂർ ജില്ലയിലെ കോണത്തുകുന്നിൽ ഒരേക്കറിനടുത്ത് സ്ഥലത്ത് വലിയ മിയാവാക്കി കാട് നിർമിച്ച് ഫോറെസ്റ്റിഫിക്കേഷൻ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. പരിസ്ഥിതി സ്നേഹികളായ സാമുവലും ഇബ്രാഹിം ഷാലിമാറും ചേർന്ന് ഇതിൻറെ ഉദ്ഘാടനം നിർവഹിച്ചു. തങ്ങൾ താമസിക്കുന്ന വീടിൻറെ ചുറ്റുമുണ്ടായിരുന്ന സിമൻറ്​ കട്ടകളും മറ്റും ഇളക്കിമാറ്റി, വീടിൻറെ ഉമ്മറത്ത് വനങ്ങളിൽ നിന്ന് നേരിട്ട് ശേഖരിച്ച വനവൃക്ഷങ്ങളും, അടുക്കളഭാഗത്ത് വരുംതലമുറയ്ക്കായി പഴച്ചെടികളും നട്ടുപിടിപ്പിച്ചു. വീടിൻറെ മറുഭാഗത്ത് ഇരുപതോളം തരം മുളകൾ, ചൂരൽ, ഈറ്റ എന്നിവയും പിന്നാമ്പുറത്ത് ഔഷധ സസ്യങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വീടിന് സമീപത്തുള്ള തോടിൻറെ കരഭാഗം ഇടിഞ്ഞുപോകാതിരിക്കാൻ അവിടെ നട്ട നൂറുകണക്കിന് ഈറ്റകൾ വലിയ തോതിൽ സഹായകമായി. പൂർണമായും ജൈവവളങ്ങൾ മാത്രമാണ് ചെടികൾ വളരാൻ ഉപയോഗിക്കുന്നത്. കലാഭവനിലെ ഡബ്ബിങ് താരം മണികണ്ഠനാണ് കേരളത്തിലെ ഫോറെസ്റ്റിഫിക്കേഷൻ പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നത്.


തമിഴ്‌നാട്​ മന്ത്രിയുടെ ഭൂമിയിൽ 40 ഏക്കർ കാട്

കേരളത്തിൽ വിജയകരമായി മുന്നേറുന്ന സ്വകാര്യ വനങ്ങൾ രൂപപ്പെടുത്തുന്ന മാതൃക അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് ഫോറെസ്റ്റിഫിക്കേഷൻ അതിവേഗം വ്യാപിപ്പിക്കുകയാണ്. ഇതിൻറെ ഭാഗമായി തമിഴ്‌നാട് സർക്കാരുമായി കൈകോർത്തുള്ള പ്രൊജക്ടുകൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ഈ ദൗത്യത്തിൻറെ ഭാഗമായി ഗോപിചെട്ടിപ്പാളയത്തിനടുത്തുള്ള കള്ളിപ്പട്ടിയിൽ തമിഴ്‌നാട് റവന്യൂ മന്ത്രി സെങ്കോട്ടയ്യൻറെ കുടുംബവകയായ 40 ഏക്കർ സ്ഥലത്ത് വലിയൊരു വനം നട്ടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. മന്ത്രിയുടെ മരുമകൻ നവീൻ ഗൗണ്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ വനവൽക്കരണ പദ്ധതി ഇപ്പോൾ പുരോഗമിക്കുന്നത്.

ഇതിനുപുറമെ, തമിഴ്‌നാട്ടിലെ ദിണ്ടിഗലിനടുത്തുള്ള സിരുമലൈയിൽ പതിനാറ് ഏക്കറോളം ഭൂമിയിൽ ഔഷധ സസ്യങ്ങളുടെ മറ്റൊരു വനവും സംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു. പ്രശസ്ത നാട്ടുവൈദ്യ ചികിത്സകനായ ഗുരുജി സർവാനന്ദയുടെ നേതൃത്വത്തിലാണ് ഈ ഔഷധ വനം ഒരുങ്ങുന്നത്. ഈ ഭൂമിയിൽ ഒരു ആശ്രമം സ്ഥാപിച്ച്, അവിടെയെത്തുന്ന ജനങ്ങൾക്ക് നാട്ടുവൈദ്യ ചികിത്സകളും മരുന്നുകളും പൂർണ്ണമായും സൗജന്യമായി നൽകുവാനുള്ള ഒരു വലിയ മാനുഷിക പദ്ധതികൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സേതുമട, ആത്തുകുടി തുടങ്ങിയ തമിഴ്‌നാട്ടിലെ മറ്റു പ്രദേശങ്ങളിലേക്കും ഈ മാതൃക വ്യാപിപ്പിച്ചു വരുന്നു.

അതിരുകൾ ഭേദിക്കുന്ന ഹരിത പദ്ധതികൾ

ഫോറെസ്റ്റിഫിക്കേഷന്റെ പ്രവർത്തനങ്ങൾ കേവലം യു.എ.ഇയിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. യുനെസ്‌കോയുടെ പ്രത്യേക സഹായത്തോടെ ശ്രീലങ്കയിലെ കൊളംബോക്കടുത്തുള്ള ഒരു നദീതീരത്ത് ഏകദേശം ഇരുപത് ഏക്കറോളം വരുന്ന ഭൂമിയിലാണ് വലിയൊരു വനവൽക്കരണ പ്രക്രിയ നടക്കുന്നത്. മനോജ് ഡിസിൽവയാണ് ശ്രീലങ്കയിലെ ഈ പ്രോജക്റ്റുകൾ പൂർണമായി ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത്. മലയാള നക്ഷത്രങ്ങളുടെ പേരിലുള്ള 28 നക്ഷത്രവൃക്ഷങ്ങളും ദശപുഷ്പങ്ങളും കേരളത്തിൽ നിന്നും പ്രത്യേകമായി കൊണ്ടുപോയാണ് കൊളംബോയിലെ നദിതീരത്ത് നട്ടുപിടിപ്പിക്കുന്നത് എന്നത് ഏറെ സവിശേഷത നിറഞ്ഞതും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം വിളിച്ചോതുന്നതുമാണ്.

അതുപോലെ തന്നെ ഇന്ത്യയിലെ പ്രമുഖ നഗരമായ ബംഗളൂരുവിന്റെ തിരക്കുകൾക്കിടയിൽ, രണ്ടേക്കർ സ്ഥലത്ത് 'ഡിസൈൻ ഫാം' എന്ന പേരിൽ ഔഷധ സസ്യങ്ങളുടെ ഒരു മിയാവാക്കി വനം ഒരുക്കിയിരിക്കുന്നു. ഇന്റർനാഷണൽ ഡിസൈൻ ഓർഗനൈസേഷൻ ഡയറക്ടർ സോണിയ മൻചന്ദയും ഗിരീഷ് നായരും ചേർന്ന് ഇവിടെ ഏകദേശം ആയിരത്തോളം വരുന്ന വൈവിധ്യമാർന്ന ചെടികളാണ് നട്ടുപരിപാലിക്കുന്നത്.

യൂറോപ്പിലും ഈ വലിയ ഹരിതദൗത്യം ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. ഗ്രീസിലെ ഇതിഹാസ ഭൂമിയായ സ്പാർട്ടയ്ക്കടുത്തുള്ള മലഞ്ചെരുവിൽ നൂറോളം ഏക്കർ ഭൂമിയിലാണ് ഒലിവ് മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് വലിയൊരു വനവൽക്കരണം നടക്കുന്നത്. 'റോയൽ സ്പാർട്ടൻ' സ്ഥാപകൻ ജോർജ് അപ്പൊസ്‌ട്രോളാക്കസ് ആണ് യൂറോപ്പിലെ ഫോറെസ്റ്റിഫിക്കേഷൻ പദ്ധതികളിൽ പങ്കാളിയായിക്കൊണ്ട് ഈ വലിയ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്.

കാലാവസ്ഥാ ഉച്ചകോടിയും അപൂർവ്വ ചരിത്ര മുഹൂർത്തവും

ഭൂമിയെ സംരക്ഷിക്കാൻ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തരമായ നടപടിക്ക് ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ യു.എൻ. ആഹ്വാനം ചെയ്തിരിക്കുന്ന ഈ വേളയിൽ കാലാവസ്ഥ പ്രവർത്തനത്തിൽ ഹരിതകൃഷി പദ്ധതികൾക്ക് കേന്ദ്രസ്ഥാനം നൽകുമെന്ന് ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾ പ്രതിജ്ഞയെടുത്തു. ഇന്ത്യ, യു.എ.ഇ, യു.എസ്, ചൈന എന്നിവയുൾപ്പെടെ 134 രാജ്യങ്ങൾ ഈ കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു. കാർഷിക മേഖലയിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറക്കുക എന്നതാണ് ഹരിതകൃഷി എന്ന ആശയം കൊണ്ട് മുമ്പോട്ട് വെക്കുന്നത്.


ദുബൈ എക്സ്പോ സിറ്റിയിൽ നടന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തിന് (COP28) പിന്തുണ പ്രഖ്യാപിച്ച് ഫോറെസ്റ്റിഫിക്കേഷൻ അപൂർവ്വ ഹരിത മുഹൂർത്തം സൃഷ്ടിക്കുകയുണ്ടായി. സമ്മേളനത്തിൻറെ അവസാന ദിവസമായ ഡിസംബർ 12ന്, ഉച്ചക്ക് കൃത്യം 12 മണി 12 മിനിറ്റ് 12 സെക്കൻഡ് ആയപ്പോൾ യു.എ.ഇ, ഇന്ത്യ, ശ്രീലങ്ക, ബ്രസീൽ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങി ലോകത്തിലെ 12 രാജ്യങ്ങളിൽ ഒരേസമയം 12 മരങ്ങൾ വീതം നട്ടുകൊണ്ട് അവർ ആഗോള ശ്രദ്ധ പിടിച്ചുപറ്റി.

സോഷ്യൽ മീഡിയയും പരിസ്ഥിതി നേരിടുന്ന പുതിയ വെല്ലുവിളികളും

പരിസ്ഥിതി സംരക്ഷണത്തിന് സോഷ്യൽ മീഡിയ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും, അതിന് മറുപുറവുമുണ്ടെന്ന് ഫോറെസ്റ്റിഫിക്കേഷൻ ചൂണ്ടിക്കാണിക്കുന്നു. മനോഹരമായ മരുഭൂമികളും വനങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രശസ്തമാകുമ്പോൾ, മനുഷ്യസ്പർശമേൽക്കാത്ത നിശബ്ദമായ പല രഹസ്യ സങ്കേതങ്ങളിലേക്കും സഞ്ചാരികളുടെ അനിയന്ത്രിതമായ തിരക്ക് വർധിക്കുന്നു. ഇത് വന്യജീവികളുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കുകയും മണ്ണൊലിപ്പിന് കാരണമാകുകയും ചെയ്യുന്നു.

കൂടാതെ, കാട്ടുമൃഗങ്ങളെ വളർത്തുമൃഗങ്ങളാക്കി ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ വന്യജീവികളുടെ അനധികൃത കച്ചവടത്തിന് ആക്കം കൂട്ടുന്നു. എന്നാൽ ഇതേ സോഷ്യൽ മീഡിയയെ പരിസ്ഥിതി മലിനീകരണങ്ങൾ, പ്ലാസ്റ്റിക് ഭീഷണി, കാട്ടുതീ തുടങ്ങിയ പ്രശ്നങ്ങൾ പൊതുജന മധ്യത്തിൽ എത്തിക്കാനും തത്സമയ ഫോട്ടോകൾ പങ്കുവെക്കാനും സാധാരണക്കാർ നല്ല രീതിയിൽ ഉപയോഗിക്കുന്നു എന്നതും യാഥാർത്ഥ്യമാണ്.

'പ്ലാൻറ്​ ഫോർ പ്ലാനറ്റ്' ഉദ്യമവും വരാനിരിക്കുന്ന പദ്ധതികളും

യുനൈറ്റഡ് നാഷൻസിന്റെ ഭാഗമായ 'പ്ലാന്റ് ഫോർ പ്ലാനറ്റ്' എന്ന ആഗോള പദ്ധതിയുടെ പ്രചരണാർഥം ലോകമെമ്പാടും ഒരു ട്രില്യൺ മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന വലിയൊരു ദൗത്യത്തിനും തുടക്കമായിട്ടുണ്ട്. കേരളത്തിലെയും ശ്രീലങ്കയിലെയും അബുദാബിയിലെയും പ്രവർത്തനങ്ങൾക്ക് ഫോറെസ്റ്റിഫിക്കേഷൻ തുടക്കം കുറിച്ചു കഴിഞ്ഞു. ശ്രീലങ്കയിൽ സിഗിരിയയിൽ സിലോണിസം സ്ഥാപകൻ മിനോജ് സിൽവയും സഹസ്ഥാപക നിലു രജപക്സെയും ചേർന്ന് നവവർഷത്തിൽ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു.


ജനുവരി ഒന്നിന് അബുദാബിയിൽ നടന്ന ചടങ്ങിൽ അറേബ്യൻ ഫാൽക്കൺ ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആമിന അൽ ദാഹിരി, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജാസിം അൽ ബസ്തകി, ചീഫ് ഇൻഫർമേഷൻ ഓഫീസർ സഞ്ജയ് നദ്കർണി എന്നിവർ ചേർന്ന് മരങ്ങൾ നട്ടു. വിയറ്റ്നാം, ഇന്തോനേഷ്യ, യു.എ.ഇയിലെ മറ്റ് എമിറേറ്റ്സുകൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ-സാമൂഹിക പ്രമുഖർ ഈ പദ്ധതിയുടെ ഭാഗമാകും.

റെക്കോർഡുകളും കലയിലൂടെയുള്ള പരിസ്ഥിതി സന്ദേശവും

കലയിലൂടെയും സാംസ്‌കാരിക വൈവിധ്യങ്ങളിലൂടെയും ഹരിത സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന വേറിട്ട പാതയാണ് ഫോറെസ്റ്റിഫിക്കേഷൻ സംഘടന മുന്നോട്ട് വെക്കുന്നത്. പരിസ്ഥിതി ബോധവൽക്കരണം കേവലം പ്രസംഗങ്ങളിലോ മുദ്രാവാക്യങ്ങളിലോ ഒതുക്കാതെ, അതിനെ റെക്കോർഡുകളിലേക്കും വെള്ളിത്തിരയിലേക്കും സമന്വയിപ്പിച്ച് ജനകീയമാക്കാൻ സംഘടനക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സംഘടനയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ നടന്ന വേറിട്ട ഹരിത പദ്ധതി.

പഞ്ചായത്തിലെ മനക്കലപ്പടിയിൽ ഫോറെസ്റ്റിഫിക്കേഷനും ആലുവക്കാരൻ ഫൗണ്ടേഷനും സംയുക്തമായി 2024 ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ്, ഋഷിവര്യന്മാർ പുരാതന കാലം മുതൽ ഉപയോഗിച്ചുപോരുന്നതും ഏറെ സവിശേഷത നിറഞ്ഞതുമായ 'കമണ്ഡലു' വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഈ വലിയ ദൗത്യത്തിന് തുടക്കം കുറിച്ചത്. കൊടുങ്ങല്ലൂർ മാടവന അൽ അമീൻ സ്‌കൂളിലെ നൂറുകണക്കിന് വിദ്യാർഥികളും ഈ പരിപാടിയിൽ പങ്കാളികളായി.

കൂടാതെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളത്തിൽ മാത്രം ഒരു ലക്ഷം ചെടികൾ വെച്ചുപിടിപ്പിക്കുക എന്ന ബൃഹത്തായ ഉദ്യമത്തിന് തുടക്കം കുറിച്ചത് ഗിന്നസ് റെക്കോർഡ് ജേതാവും പ്രശസ്ത സംവിധായകനുമായ വിജീഷ് മണിയാണ്. ഈ ഹരിത വിപ്ലവത്തിന്റെ തുടർച്ചയെന്നോണം കേരളത്തിൽ പാലക്കാട്, ഗുരുവായൂർ, അതിരപ്പിള്ളി എന്നിവിടങ്ങളിൽ വൻതോതിൽ സ്വകാര്യ വനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.

ആർട്ടിസ്റ്റ് റെസിഡൻസിയും ചലച്ചിത്ര പ്രൊജക്റ്റും

കലയെയും പരിസ്ഥിതിയെയും കൂട്ടിയിണക്കുന്ന മറ്റൊരു അന്താരാഷ്ട്ര പദ്ധതിയാണ് ഫോറെസ്റ്റിഫിക്കേഷനും ആർട്ട് യു.എ.ഇയും സംയുക്തമായി ഇന്ത്യയിൽ ആരംഭിക്കുന്ന ഏറ്റവും മനോഹരമായ വന റെസിഡൻസി. മുംബൈ-ഗോവ അതിർത്തിയിലെ പ്രകൃതിരമണീയമായ മംഗേലി എന്ന കുന്നിൻമുകളിൽ 272 ഏക്കർ സ്ഥലത്താണ് ലോകമെമ്പാടുമുള്ള കലാകാരന്മാർക്കും ഡിസൈനർമാർക്കുമായി മാത്രം 'മൽഗോവ' എന്ന പേരിൽ ഈ കേന്ദ്രം ഒരുങ്ങുന്നത്. പ്രശസ്ത ഇറ്റാലിയൻ ആർക്കിടെക്റ്റാണ് ഇതിന്റെ രൂപകൽപ്പന നിർവഹിക്കുന്നത്. ഇന്നത്തെ തലമുറയെ മൊബൈൽ ഫോണിന്റെ മാസ്മരിക വലയത്തിൽ നിന്നും താൽക്കാലികമായി മോചിപ്പിച്ച്, പ്രകൃതിയോട് ഇണങ്ങി ജീവിച്ചുകൊണ്ട് അവരുടെ കലാപരമായ കഴിവുകൾ പുറത്തെടുക്കാനുള്ള ഒരു അപൂർവ്വ വേദിയൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അബുദാബിയിലെ രാജകുടുംബാംഗത്തിന്റെ പ്രത്യേക നേതൃത്വത്തിൽ ആർട്ട് യു.എ.ഇ സ്ഥാപകൻ സത്താർ അൽ കരൻ, മെർകുറിയോ ഡിസൈൻ ലബോറട്ടറി സ്ഥാപകൻ മാസ്സിമോ മെർകുറിയോ, ബ്ലാക്ക് ക്വറി സ്ഥാപകൻ സാബ് സോംഹൂൻ എന്നിവർ ചേർന്നാണ് ഈ ബൃഹത്തായ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.


ഇതിനെല്ലാം പുറമെ, പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ദൃശ്യമാധ്യമത്തിലൂടെ ലോകത്തിന് മുന്നിൽ എത്തിക്കാനായി 'അട്ടപ്പാടിയേ' എന്ന പേരിൽ ഒരു രാജ്യാന്തര ചലച്ചിത്രം സംഘടനയുടെ ബാനറിൽ നിർമിച്ച് വരികയാണ്. നാല് ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗിന്നസ് റെക്കോർഡ് സംവിധായകൻ വിജീഷ് മണിയാണ്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ഒരു പ്രശസ്തമായ കുറിപ്പിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആർട്ട് യു.എ.ഇ സ്ഥാപകൻ സത്താർ അൽ കരനാണ് ഈ സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

പ്രശസ്ത കവി റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകരുന്ന ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ പ്രധാന വേഷത്തിൽ എത്തുന്നു. ഇതിഹാസ ഛായാഗ്രാഹകൻ മധു അമ്പാട്ടാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനകം തന്നെ അട്ടപ്പാടിയിലെ ഒരു വലിയ കുന്നിൻചെരുവിൽ നൂറുകണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു കഴിഞ്ഞു.

നമ്മുടെ നിലനിൽപ്പ് വനങ്ങളിലാണ് -സത്താർ അൽ കരൻ

നമ്മൾ ശ്വസിക്കുന്ന ശുദ്ധവായു, കഴിക്കുന്ന ഭക്ഷണം, മരുന്നുകളും വ്യവസായങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കളും എല്ലാം വനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഭൂമിയെ മുറുകെ പിടിച്ച് മണ്ണൊലിപ്പ് തടയുന്നതും വനങ്ങളാണ്. ലോകത്ത് ഒരു ബില്ല്യണിലധികം ആളുകൾ വനങ്ങളെ ആശ്രയിച്ച് ജീവിക്കുമ്പോഴും, മനുഷ്യന്റെ ഇടപെടലുകൾ കാരണം ഇതിനകം നാൽപ്പത് ശതമാനത്തോളം വനങ്ങളും നശിച്ചു കഴിഞ്ഞു. ഇന്നും ഓരോ സെക്കൻഡിലും ഒരു വലിയ കളിക്കളത്തിന്റെ വലിപ്പമുള്ള വനപ്രദേശം ഭൂമിയിൽ ഇല്ലാതാകുന്നു.

ഇന്ത്യയിലെ പശ്ചിമഘട്ടം, ഗ്രീസിലെ ഒലിവ് വനങ്ങൾ, ശ്രീലങ്കയിലെ വനങ്ങൾ, നൈനിറ്റാളിലെ പൈൻ വനങ്ങൾ എന്നിവയുമായി മനുഷ്യന് അർത്ഥവത്തായ ബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഫോറെസ്റ്റിഫിക്കേഷൻ ലക്ഷ്യമിടുന്നത്.

'ഈ ഭൂമിയും പ്രകൃതിയും നമുക്ക് നൽകുന്നതെല്ലാം ഒരു അന്താരാഷ്ട്ര നിധിയാണ്. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ പ്രകൃതിയോട് നമ്മൾ ചെയ്ത തെറ്റുകൾ തിരുത്താൻ ലോകത്തിന് ഇനി അധികം സമയമില്ല. അതുകൊണ്ട് കുറച്ച് പണം ചിലവഴിക്കൂ, ഒരു മരം നടൂ, നമ്മുടെ സ്വന്തം വനം സൃഷ്ടിക്കൂ...' - സത്താർ അൽ കരൻ (ഫോറെസ്റ്റിഫിക്കേഷൻ സ്ഥാപകൻ)

മനുഷ്യന്റെ വിവേചനരഹിതമായ ചൂഷണത്തിന് മുഴുവൻ മനുഷ്യരാശിയും വില നൽകേണ്ടി വരുന്ന ഈ കാലത്ത്, ജനപങ്കാളിത്തത്തോടെ കാർബൺ പുറന്തള്ളൽ കുറക്കാനും ഭൂമിയെ പച്ചപ്പണിയിക്കാനും ദുബൈയിൽ നിന്ന് തുടങ്ങിയ ഈ 'ഫോറെസ്റ്റിഫിക്കേഷൻ' പ്രസ്ഥാനം ലോകത്തിന് മുഴുവൻ മാതൃകയാവുകയാണ്. ഒരു തൈ നടാം, നമുക്കും ഈ മഹാദൗത്യത്തിൽ പങ്കാളികളാകാം!


കേരളത്തിൽ ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് ഫോറെസ്റ്റിഫിക്കേഷൻ ചുവടുവെക്കുമ്പോൾ, അതിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്ന് തൃശൂർ ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോമിലാണ് ഒരുങ്ങുന്നത്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിൽവർ സ്റ്റോമിലെ ഒരേക്കർ സ്ഥലത്ത് സ്കൂൾ കുട്ടികൾക്കായി ഫോറെസ്റ്റിഫിക്കേഷൻ ഒരുക്കുന്ന ഔഷധ വനത്തിന്റെ ഉദ്ഘാടനം അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ ശ്രീ വി.ഡി. സതീശൻ മരങ്ങൾ നട്ടുകൊണ്ട് നിർവ്വഹിച്ചു.

ചടങ്ങിൽ ഫോറെസ്റ്റിഫിക്കേഷൻ സ്ഥാപകൻ സത്താർ അൽ കരൻ, സിൽവർ സ്റ്റോം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷാലിമാർ ഇബ്രാഹിം, സീഷോർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദലി, ആലിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിദ്ധിക്ക്, ബ്ലാക്ക് ക്വാറി സ്ഥാപകൻ സാബ് സോംഹൂൻ, അമാൻ, നവാസ്, പരിസ്ഥിതി സിനിമാ സംവിധായകൻ വിജീഷ് മണി എന്നിവർ സംബന്ധിച്ചു. കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വനം പരിപാലിച്ചു വരുന്നത്.

Tags:    
News Summary - ‘Forestification’ taking root and spreading in the desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.