ജപ്പാൻ ഭൂകമ്പം: കൊടുംചൂടും കുടിവെള്ളക്ഷാമവും ദുരിതം ഇരട്ടിയാക്കി, മരണം 25 ആയി

ടോക്കിയോ: ജപ്പാനിലെ കുമമോട്ടോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ആഘാതത്തിനു പുറമെ ദുരിതബാധിതരുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കി കനത്ത വേനൽച്ചൂടും.വീടുകൾ തകരുകയും റോഡുകൾ പിളരുകയും കെട്ടിടങ്ങൾ നിലംപൊത്തിയതും മാത്രമല്ല, കുടിവെള്ളവും വൈദ്യുതിയും ലഭ്യമല്ലാതെ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ദൈനംദിന ജീവിതം കനത്ത  വേനൽച്ചൂടിൽ ആശങ്കയുയർത്തുകയാണ്.

ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നതായി കുമമോട്ടോ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള യാത്സുഷിറോ നഗരത്തിലെ ഏകദേശം 58,000 വീടുകളിൽ രണ്ടുദിവസം പിന്നിട്ടിട്ടും പല സ്ഥലങ്ങളിലും കുടിവെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. തകർന്ന ജലവിതരണ ശൃംഖല നന്നാക്കുന്നത് അതീവ സങ്കീർണമായ ജോലിയാണെന്നും ഇത് പൂർത്തിയാക്കാൻ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുക്കുമോയെന്ന് പോലും പറയാനാകാത്ത അവസ്ഥയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു.

വേനൽച്ചൂട് രൂക്ഷമായതിനാൽ വെള്ളത്തിന്റെ അഭാവം ജനങ്ങളെ ഏറ്റവും കൂടുതൽ വലക്കുയാണ്.ഭൂഗർഭ ജലപൈപ്പുകൾ വ്യാപകമായി തകർന്നതിനാൽ പുനഃസ്ഥാപനത്തിന് ഏറെ സമയമെടുക്കുന്നതാണ് കാരണം. ഏകദേശം 35 ഡിഗ്രി സെൽഷ്യസ് ചൂടും ഉയർന്ന ഈർപ്പവും രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ പ്രയാസകരമാക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ നൽുന്ന വിവരം.

ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ജനങ്ങളെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത് കൊടുംചൂടാണ്. വാരാന്ത്യത്തോടെ താപനില 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കിടയിൽ ഹീറ്റ് സ്ട്രോക്കിന്റെ സാധ്യത ഉയർന്നതായി അധികൃതർ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമായി ജപ്പാന്റെ സ്വയംപ്രതിരോധ സേന ഏകദേശം 300 എയർ കണ്ടീഷണറുകൾ സ്ഥാപിച്ചുവരികയാണ്. ഭൂകമ്പത്തിന് പിന്നാലെ സൈനിക ട്രക്കുകൾ ജലടാങ്കുകളുമായി കമ്മ്യൂണിറ്റി സെന്ററുകളിലേക്കും സ്കൂളുകളിലേക്കും എത്തി കുടിവെള്ളം വിതരണം ചെയ്തു. ഓരോരുത്തർക്കും അഞ്ച് ലിറ്റർ വീതമാണ് വെള്ളം അനുവദിച്ചത്.

2016-ൽ കുമമോട്ടോയെ തകർത്ത ഭൂകമ്പങ്ങളിൽ 260-ലേറെ പേർ മരിക്കുകയും ആയിരക്കണക്കിന് വീടുകൾ തകരുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ യാത്സുഷിറോയിൽ അനുഭവപ്പെട്ട കുലുക്കം അതിനേക്കാളും ഭീകരമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളി വീടുകൾ പുനർനിർമിക്കുന്നതല്ല, മറിച്ച് ശുദ്ധജലവും വൈദ്യുതിയും സുരക്ഷിതമായ താമസവും ഉറപ്പാക്കുന്നതാണ്. അതിനിടെ ഉയരുന്ന താപനില ദുരിതബാധിതരുടെ ആരോഗ്യത്തിനും പുതിയ ഭീഷണിയായി മാറുകയാണ്.

Tags:    
News Summary - ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ കൊടുംചൂടും കുടിവെള്ളക്ഷാമവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.