കണ്ണൂർ: പച്ചപ്പിന് കോട്ടംതട്ടാതെ ധർമടം തുരുത്തും ഇനി ടൂറിസം ഭൂപടത്തിൽ 'തകർക്കും'. പ്രകൃതി രമണീയമായ തുരുത്ത് തലശ്ശേരിയുടെ അടയാളമാണെങ്കിലും കൂടുതൽ സഞ്ചാരികൾ ഇവിടെ എത്താറില്ല. തദ്ദേശീയരായ സഞ്ചാരികൾ പോലും ഇവിടെയുള്ള പരിമിതികൾ നിമിത്തം തുരുത്തിലെത്താറില്ല. ഇതിന് പരിഹാരമായാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കർമപദ്ധതി തയാറാക്കുന്നത്.
മുഴപ്പിലങ്ങാട് -ധർമടം ബീച്ച് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായാണ് ധർമടം തുരുത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുക. ഇതിന്റെ ഭാഗമായി തുരുത്തിൽ പ്രകൃതി കേന്ദ്രം പണിത് നാച്വറൽ ഹബ്ബാക്കി മാറ്റും.
പ്രകൃതിദത്തമായ രീതിയിൽ തുരുത്തിനെ സംരക്ഷിച്ചാണ് സൗന്ദര്യവത്കരണം നടത്തുക. പരിസ്ഥിതി ദുർബല മേലയിൽപെട്ടതിനാൽ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധ്യമല്ല. അതിനാൽ പൂർണമായും ഹരിതപെരുമാറ്റ ചട്ടം പാലിച്ചായിരിക്കും നവീകരണം. പ്രകൃതി നടപ്പാതകളും വ്യൂ പോയന്റുകളും ഒരുക്കും. മുളകൊണ്ടും മരങ്ങൾ കൊണ്ടുമുള്ള താൽക്കാലിക കഫ്റ്റീരിയകൾ നിർമിക്കും. ദ്വീപിലേക്ക് എത്തിപ്പെടാൻ കരയിൽ നിന്ന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കും.
ഏതാണ്ട് 233.71 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. ഇതിൽ നാല് ഘട്ടങ്ങളായാണ് നവീകരണം നടക്കുക.
ആദ്യ രണ്ട് ഘട്ടങ്ങളിൽ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പ്രവൃത്തിയാണ് നടക്കുക. മൂന്ന്, നാല് ഘട്ടങ്ങളിലായാണ് ധർമടം ബീച്ചിന്റെയും തുരുത്തിന്റെയും പ്രവൃത്തികൾ നടക്കുക. ഒന്നാം ഘട്ടത്തിൽ 78 കോടിയുടെ പ്രവൃത്തിയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരമായത്.
പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.ബി.ആർ.ഇ ലിമിറ്റഡാണ് പ്രവൃത്തിയുടെ നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. ആദ്യഘട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുക. തുരുത്തിന്റെ നവീകരണത്തിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറായിവരുകയാണെന്ന് ഡി.ടി.പി.സി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.