ബിഹാറിലെ ഗംഗയിൽ പരിധി കവിഞ്ഞ് മലത്തിൽ നിന്നുള്ള കോളിഫോമുകൾ; മനുഷ്യോപയോഗത്തിന് യോഗ്യമല്ലെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പ്

പട്ന: ബിഹാറിലൂടെ ഒഴുകുന്ന ഗംഗാ നദിയിലാകെയും മലത്തിൽനിന്നുള്ള കോളിഫോം ബാക്ടീരിയയുടെ നിശ്ചിത പരിധി കവിഞ്ഞതിനാൽ മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമല്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാന പരിസ്ഥിതി വകുപ്പ്. ഗംഗയിലെ ജലമലിനീകരണം നിയന്ത്രിക്കുന്നതിനായി മലിനജല സംസ്കരണ പ്ലാന്റുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും സംസ്ഥാന സർക്കാർ എൻ.ജി.ടിയെ അറിയിച്ചിട്ടുണ്ട്. ബിഹാറിലെ ഗംഗയിലെയും അതിന്റെ പോഷക നദികളിലെയും മലിനീകരണ തോത് സംബന്ധിച്ച എൻ.ജി.ടിയുടെ ചോദ്യത്തിന് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

ബന്ധപ്പെട്ട നഗരപ്രദേശങ്ങളിൽനിന്നുള്ള ഗാർഹിക മലിനജലം നേരിട്ട് ഗംഗാ നദിയിലേക്ക് പുറന്തള്ളുന്നതിനാൽ മൊത്തം കോളിഫോം, വിസർജ്യത്തിൽനിന്നുള്ള കോളിഫോം എന്നിവ നിശ്ചിത മാനദണ്ഡങ്ങൾക്കപ്പുറമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 34 സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച ജല സാമ്പിളുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ.

ടി.സി എന്നത് മണ്ണിൽ നിന്നോ സസ്യജാലങ്ങളിൽ നിന്നോ ഉള്ള പൊതുവായ ബാക്ടീരിയ മലിനീകരണത്തെ സൂചിപ്പിക്കുന്നു. എഫ്.സി എന്നത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ വിസർജ്യത്തിൽ നിന്നുള്ള മലിനീകരണത്തെ സൂചിപ്പിക്കുന്നു. ടി.സി, എഫ്.സി എന്നിവ മാനദണ്ഡ പരിധി കവിയുമ്പോൾ, വെള്ളം കുളിക്കുന്നതിനോ മനുഷ്യ ഉപഭോഗത്തിനോ അനുയോജ്യമല്ലാതാകുന്നു.

വിവിധ നഗരങ്ങളിൽ മലിനജല സംസ്കരണ പ്ലാന്റുകൾ നിർമിക്കുന്നുണ്ടെന്നും ഗംഗയുടെയും അതിന്റെ പോഷകനദികളുടെയും ജലഗുണം മെച്ചപ്പെടാൻ സംസ്ഥാന പരിസ്ഥിതി വകുപ്പ് ആലോചിക്കുന്നുണ്ടെന്നും ബിഹാർ സർക്കാർ ട്രിബൂണലിനെ അറിയിച്ചു. മലിനജലം സംസ്കരിക്കുന്നതിന് ‘ബയോറെമിഡിയേഷൻ’ ഉപയോഗിക്കുന്നതായും സർക്കാർ പറഞ്ഞു. മലിനമായ ഒരു സ്ഥലം വൃത്തിയാക്കുന്നതിന് സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് പരിസ്ഥിതി മാലിന്യങ്ങൾ ആഗിരണം ചെയ്ത് വിഘടിപ്പിക്കുന്ന പ്രക്രിയയാണ് ബയോറെമിഡിയേഷൻ. 

പട്നയിൽ നാല് മലിനജല പ്ലാന്റുകളും ബാർ, മുൻഗർ, സോൻപൂർ, സുൽത്താൻഗഞ്ച്, മാനർ, നവ്ഗച്ചിയ, ചാപ്ര, ദാനാപൂർ, ഫുൽവാരി ഷെരീഫ് എന്നിവിടങ്ങളിൽ ഓരോന്നും വീതവും ഉണ്ട്. മലിനജല സംസ്കരണത്തിലെ വീഴ്ചകൾക്ക് നിയമലംഘനം നടത്തുന്ന കരാറുകാർക്കും സാങ്കേതിക ദാതാക്കൾക്കുമെതിരെ പരാതികൾ രജിസ്റ്റർ ചെയ്യാൻ എൻ.ജി.ടി കഴിഞ്ഞ വാദം കേൾക്കലിൽ പ്രാദേശിക ഭരണകൂടത്തോട് നിർദേശിച്ചിരുന്നു.

നാഷനൽ മിഷൻ ഫോർ ക്ലീൻ ഗംഗ മലം കോളിഫോമിന്റെ നിരീക്ഷണ പഠനവും മാപ്പിങും വരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ ഏൽപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഉത്തർപ്രദേശിലെ ഗാസിപൂരിനും ബീഹാറിലെ ഭഗൽപൂരിനും ഇടയിലുള്ള ഗംഗാ നദിയുടെ ഭാഗത്തുള്ള മലം കോളിഫോമും അതിന്റെ മാപ്പിങ്ങും നിർണ്ണയിക്കുക എന്നതാണ് നിരീക്ഷണ, മാപ്പിങ്, വിശകലന പഠനത്തിന്റെ പ്രധാന ലക്ഷ്യം. 

Tags:    
News Summary - Coliform levels from faeces in Ganga in Bihar exceed limit; state environment department says it is not fit for human consumption.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.