അഞ്ചൽ: വീട്ടിനുള്ളിൽ അപ്രതീക്ഷിതമായെത്തിയ 'അതിഥി'യെക്കണ്ട വീട്ടുകാർ ആദ്യം ഒന്ന് അമ്പരന്നു. അപൂർവമായ വെള്ളിമൂങ്ങയാണ് വന്നിരിക്കുന്നതെന്ന് മനസ്സിലായതോടെ വനപാലകരെ അറിയിച്ചു. ഏരൂർ വിളക്കുപാറ അജിൻഭവനിൽ അജിന്റെ വീട്ടിൽ ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് വെള്ളിമൂങ്ങ പറന്നെത്തിയത്.
വീട്ടുകാരെ കണ്ട അതിഥി പരിചയക്കുറവൊന്നും കാണിച്ചില്ല. വീട്ടിൽത്തന്നെ സ്വസ്ഥമായി ഒതുങ്ങിക്കൂടി ഇരിപ്പുറപ്പിക്കുകയായിരുന്നു. അഞ്ചൽ വനപാലകരെ അറിയിച്ചപ്പോൾ ലഭിച്ച നിർദ്ദേശം വെള്ളിമൂങ്ങയെ പുറത്തിറക്കി പറത്തിവിടാനായിരുന്നു. എന്നാൽ ഈ ശ്രമം വിജയിച്ചില്ല.
പിന്നീട് വനപാലകരെത്തി വെള്ളിമൂങ്ങയെ കൂട്ടിലാക്കി കൊണ്ടുപോയി. ഇതിനെ വനപ്രദേശത്ത് തുറന്ന് വിടുമെന്ന് അഞ്ചൽ റേഞ്ച് ഓഫീസർ ജി. അജികുമാർ പറഞ്ഞു.
സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട ജീവിയാണ് വെള്ളിമൂങ്ങ. ഇതിനെ പിടിക്കുന്നതും വളർത്തുന്നതും കൈമാറ്റം ചെയ്യുന്നത് ശിക്ഷാർഹമാണ്. അന്ധവിശ്വാസത്തിൻ്റെ പേരിൽ വെള്ളിമൂങ്ങകളെ പിടികൂടി കൈമാറ്റം നടത്തുന്ന സംഘങ്ങൾ നാട്ടിലുണ്ട്. ലക്ഷങ്ങളുടെ ഇടപാടാണ് ഇതിലൂടെ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.