അതിജീവനത്തിന്റെ പച്ചത്തുരുത്ത്: ആറ് മാസം, 600 ഗ്രാമവാസികൾ; ബക്കിംങ്ഹാം കനാലിന് ഇത് രണ്ടാം ജന്മം!

നാമാവശേഷമായെന്ന് കരുതിയ ഒരു നാടിൻറെ പ്രകൃതിസമ്പത്തിനെ നിശ്ചയദാർഢ്യത്താൽ വീണ്ടെടുത്തിരിക്കുകയാണ് ഒരു കൂട്ടം ഗ്രാമവാസികൾ. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പിച്ചാവരം ഗ്രാമം. മാലിന്യങ്ങൾ അടിഞ്ഞുകൂടി ശ്വാസംമുട്ടി നിന്നിരുന്ന ചരിത്രപ്രസിദ്ധമായ ബക്കിംങ്ഹാം കനാലിന്റെ മൂന്ന് കിലോമീറ്റർ ഭാഗമാണ് ഗ്രാമവാസികളുടെ ആറുമാസത്തെ വിയർപ്പിൽ നീർജലം ഒഴുകുന്ന മനോഹരമായ ജലപാതയായി മാറിയത്.

796 കിലോമീറ്റർ നീളമുള്ള ബക്കിംങ്ഹാം കനാൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങൾ വഴി കോറമാണ്ടൽ തീരത്തുകൂടി കടന്നുപോകുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ഈ കനാൽ പിച്ചാവരം ഗ്രാമത്തിൽ അവസാനിക്കുന്നു.

ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ബക്കിംങ്ഹാം കനാലിന്റെ ഈ പ്രദേശം കാലക്രമത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും അടിഞ്ഞ് ഉപയോഗശൂന്യമായി മാറിയിരുന്നു. ഒഴുക്ക് നിലച്ചതോടെ ഈ പ്രദേശം കൊതുകുകളുടെ താവളമായും ദുർഗന്ധം വമിക്കുന്ന ചതുപ്പായും മാറി. എന്നാൽ തമിഴ്‌നാട് സർക്കാരിന്റെ 'ക്ലൈമറ്റ് റെസിലിയന്റ് വില്ലേജ്' പദ്ധതി എത്തിയതോടെ ഗ്രാമത്തിന്റെ തലവര മാറി.

കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും  ജലാശയങ്ങളുടെ പുനഃസ്ഥാപനത്തിനുമായി കനാലിന്റെ മൂന്ന് കിലോമീറ്റർ ദൂരം പുനരുജ്ജീവിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. പിച്ചാവരം മേഖലയിലെ കിള്ളൈ ഗ്രാമപഞ്ചായത്തിലെ അറുന്നൂറോളം ആളുകളാണ് ഈ ദൗത്യത്തിനായി മുന്നിട്ടിറങ്ങിയത്. ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ ഇവർ ഓരോ ദിവസവും മണിക്കൂറുകളോളം കനാലിലിറങ്ങി പണിയെടുത്തു. 750 കിലോയോളം പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് കനാലിന്റെ അടിത്തട്ടിൽ നിന്നും വശങ്ങളിൽ നിന്നുമായി ഇവർ നീക്കം ചെയ്തത്.

 പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും അടിഞ്ഞുക്കൂടിയപ്പോൾ

 

കനാൽ വൃത്തിയാക്കുന്നതിനോടൊപ്പം തന്നെ അതിന്റെ ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാനും ഗ്രാമവാസികൾ ശ്രദ്ധിച്ചു. കനാലിന്റെ വശങ്ങളിൽ മണ്ണൊലിപ്പ് തടയാനും ജൈവവൈവിധ്യം വർധിപ്പിക്കാനുമായി 3,000-ത്തിലധികം കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ചു. ഇന്ന് ഈ കണ്ടൽത്തൈകൾ വളർന്ന് കനാലിന് പച്ചപ്പട്ട്  ചാർത്തിയിരിക്കുന്നു. കൃത്യമായ ഒഴുക്ക് പുനഃസ്ഥാപിക്കപ്പെട്ടതോടെ മഴക്കാലത്ത് ഗ്രാമത്തിലെ വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്ന അവസ്ഥക്ക് ഇതോടെ പരിഹാരമായി.

പിച്ചാവരം മേഖലയിലെ പ്രധാന ജനവിഭാഗമായ ഇരുളർ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ മുമ്പ് മീൻ പിടിക്കാൻ കിലോമീറ്ററുകൾ അകലെയുളള പുഴകളെയായിരുന്നു ആശ്രയിച്ചിരുന്നത്.  അവർക്ക് ഇന്ന് കനാലിൽ നിന്ന് തന്നെ സമൃദ്ധമായി മത്സ്യവും ഞണ്ടും ലഭിക്കുന്നു.

ഏകദേശം 69 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കിയ ഈ പ്രോജക്ട് കേവലം ഒരു ശുചീകരണ പദ്ധതിയല്ല, മറിച്ച് കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ പ്രാദേശിക സമൂഹങ്ങളെ എങ്ങനെ സജ്ജമാക്കാം എന്നതിന്റെ പാഠപുസ്തകമാണ്. ഗ്രാമവാസികളുടെ കൂട്ടായ പരിശ്രമവും സർക്കാരിന്റെ സാങ്കേതിക സഹായവും ഒത്തുചേർന്നപ്പോൾ കടലൂരിലെ ഈ കൊച്ചുഗ്രാമം ഇന്ന് ലോകത്തിന് തന്നെ മാതൃകയാവുകയാണ്.

Tags:    
News Summary - 600 villagers in six months grant the Buckingham Canal a new lease of life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.