ഗുജറാത്തിൽ 2019-നും 2021-നുമിടയിൽ ചത്തൊടുങ്ങിയത് 397 ഏഷ്യൻ സിംഹങ്ങള്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ 2019-നും 2021-നുമിടയില്‍ ചത്തൊടുങ്ങിയത് 397 ഏഷ്യൻ സിംഹങ്ങളെന്ന് കണക്കുകൾ. ഇതില്‍ 182 എണ്ണം സിംഹക്കുഞ്ഞുങ്ങളാണ്. പത്ത് ശതമാനം വരുന്ന മരണങ്ങൾക്കും പിന്നിൽ അസ്വാഭാവിക കാരണങ്ങളായിരുന്നു. രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാറാണ് കണക്കുകള്‍ പുറത്തുവിട്ടത്.

2019-ല്‍ 66 പ്രായപൂര്‍ത്തിയായ സിംഹങ്ങളും 60 കുഞ്ഞുങ്ങളും ചത്തു. 2020-ൽ 73 പ്രായപൂര്‍ത്തിയായ സിംഹങ്ങളും 76 കുഞ്ഞുങ്ങളും ചത്തൊടുങ്ങി. കണക്കുകൾ പ്രകാരം 2021-ലാണ് ഏറ്റവുമധികം സിംഹങ്ങള്‍ ചത്തൊടുങ്ങിയത്. 76 എണ്ണമായിരുന്നു. 3.82 ശതമാനം സിംഹക്കുട്ടികളും അസ്വാഭാവിക കാരണങ്ങള്‍ മൂലമാണ് ചത്തത്.

ഏഷ്യന്‍ സിംഹങ്ങളുടെ സംരക്ഷണത്തിന് കേന്ദ്രം ഏഷ്യാറ്റിക് ലയണ്‍ പ്രൊജക്ട് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സിംഹങ്ങളുടെ ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുക, വംശവര്‍ധനവിന് അനുയോജ്യമായ ഘടകങ്ങള്‍ നൽകുക തുടങ്ങിയവയാണ് പ്രൊജ്ക്ട് ലയണിന്‍റെ ലക്ഷ്യം. നിലവില്‍ ഗുജറാത്തില്‍ നിന്ന് മധ്യപ്രദേശിലേക്ക് സിംഹങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏഷ്യൻ സിംഹങ്ങളുടെ സംരക്ഷണത്തിന് ഇത്തരം മാറ്റിപാർപ്പിക്കലുകൾ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ പ്രതികരണം. ഗുജറാത്തില്‍ സിംഹങ്ങളുടെ സംരക്ഷണത്തിന് കേന്ദ്ര ഇടപെടല്‍ അനിവാര്യമാണെന്നും അശ്വനി കുമാര്‍ ആവശ്യപ്പെട്ടു.

നിലവില്‍ ഗിര്‍ ദേശീയോദ്യാനത്തിലാണ് ഏഷ്യന്‍ സിംഹങ്ങളധികവും ഉള്ളതെങ്കിലും ബര്‍ദ വന്യജീവി സങ്കേതം പോലെയുള്ളയിടങ്ങള്‍ ഏഷ്യന്‍ സിംഹങ്ങളെ പാര്‍പ്പിക്കാന്‍ അനുയോജ്യമാണെന്ന് കരുതപ്പെടുന്നു. ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനത്തില്‍ നിന്ന് സിംഹങ്ങളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിക്കാനും പദ്ധതിയുണ്ട്.

Tags:    
News Summary - 397 Asiatic lions died in Gujarat between 2019 and 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.