'കേരളത്തിൽ നിന്നുകൊണ്ട് എന്തിനാണ് ഇംഗ്ലീഷിൽ ഈ കടുകു വറക്കുന്നത്?'; അവതാരകയെ ട്രോളി ഉർവശി
കൊച്ചി: പുതിയ ചിത്രമായ 'ആശ'യുടെ പ്രമോഷൻ പരിപാടിക്കിടെ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകയെ നടി ഉർവശി വേദിയിൽ വച്ച് ട്രോളിയ രീതി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ചിത്രത്തിന്റെ സംവിധായകൻ എന്നിവർക്കൊപ്പം വേദിയിലിരിക്കവെയായിരുന്നു താരത്തിന്റെ രസകരമായ പ്രതികരണം.
വേദിയിലെത്തിയ അവതാരക ഇംഗ്ലീഷിൽ സംസാരിച്ചതോടെയാണ് ഉർവശി തന്റെതായ ശൈലിയിൽ ഇതിനെതിരെ രംഗത്തുവന്നത്. "കൊച്ചേ കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്ര വലിയ ആൾക്കാരാണ് എന്നു കരുതി ഇംഗ്ലീഷിൽ എന്തിനാണ് ഈ കടുകു വറക്കുന്നത്? മലയാളികളല്ലേ ഈ നിൽക്കുന്നവർ എല്ലാവരും. ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് ബിസിയായി വന്നതുകൊണ്ട് അവളോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. എന്നെയും ഇംഗ്ലീഷിൽ പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങളെന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരേ, എന്നെയൊന്ന് രക്ഷപ്പെടുത്തൂ" - ഉർവശി പറഞ്ഞു.
ഉർവശിയുടെ പ്രതികരണത്തിന് പിന്നാലെ 'ഐ ആം ദി സോറി ചേച്ചി' എന്ന് അവതാരക ദക്ഷ രവീന്ദ്രനാഥ് മറുപടി നൽകി. എന്നാൽ സോറി പറയാൻ മാത്രം മോശമായിട്ടൊന്നുമില്ലെന്നും, നമ്മൾ നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, എല്ലാവർക്കും മനസ്സിലാകുമല്ലോ എന്നും ഉർവശി സ്നേഹത്തോടെ കൂട്ടിച്ചേർത്തു. മാതൃഭാഷയോടുള്ള നടിയുടെ നിലപാടിനെയും അവതാരക ആ സാഹചര്യം കൈകാര്യം ചെയ്ത രീതിയെയും പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.