'ശങ്കർ സാറിന് കൊടുത്ത കഥ ഇതല്ല'; 'ഗെയിം ചേഞ്ചർ' കണ്ടപ്പോഴാണ് കഥ മാറിയകാര്യം മനസ്സിലായതെന്ന് കാർത്തിക് സുബ്ബരാജ്
'ശങ്കർ സാറിന് കൊടുത്ത കഥ ഇതല്ല'; 'ഗെയിം ചേഞ്ചർ' കണ്ടപ്പോഴാണ് കഥ മാറിയകാര്യം മനസ്സിലായതെന്ന് കാർത്തിക് സുബ്ബരാജ്ചെന്നൈ : രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത 'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിന്റെ യഥാർത്ഥ കഥയെക്കുറിച്ച് വെളിപ്പെടുത്തലുമായി പ്രമുഖ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. താൻ തയ്യാറാക്കിയ കഥയിൽനിന്ന് ഏറെ വ്യത്യസ്തമായാണ് സിനിമ വെള്ളിത്തിരയിൽ എത്തിയതെന്ന് കാർത്തിക് സുബ്ബരാജ് വെളിപ്പെടുത്തി. തമിഴ് പശ്ചാത്തലത്തിൽ മധുര ആസ്ഥാനമായുള്ള ഒരു ഗാങ്സ്റ്റർ പ്രമേയവും റിയലിസ്റ്റിക് ആക്ഷനുമായിരുന്നു തന്റെ കഥയിലുണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ രാം ചരൺ ചിത്രം 'ഗെയിം ചേഞ്ചർ' ബോക്‌സ് ഓഫീസിൽ തിളങ്ങാനാവാതെ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ കഥാകൃത്തായ കാർത്തിക് സുബ്ബരാജ് തന്റെ യഥാർത്ഥ പ്രമേയത്തെക്കുറിച്ച് മനസ്സ് തുറന്നത്.
സിനി ചിത്രാലുവിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് തന്റെ പ്രമേയത്തെക്കുറിച്ച് വിശദീകരിച്ചു. "ശങ്കർ സാറിന് ഞാൻ ഒരു കഥ കൈമാറുകയായിരുന്നു. അതിന് തിരക്കഥ കൂടി എഴുതി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, 'മഹാൻ' സിനിമയുടെ പ്രീ-പ്രൊഡക്ഷൻ തിരക്കുകളിലായതിനാൽ കഥ മാത്രം നൽകുകയായിരുന്നു" എന്ന് കാർത്തിക് പറഞ്ഞു.
ഭരണസംവിധാനത്തിനുള്ളിൽ നിന്നുകൊണ്ട് അതിലെ അഴിമതികൾക്കെതിരെ പോരാടുന്ന ഒരു ഉദ്യോഗസ്ഥന്റെ കഥയായിരുന്നു അത്. രാജ്‌കുമാർ റാവു നായകനായ പ്രശസ്ത ഹിന്ദി ചിത്രം 'ന്യൂട്ടൻ' പോലെ റിയലിസ്റ്റിക് ആയ പശ്ചാത്തലമാണ് താൻ മനസ്സിൽ കണ്ടിരുന്നതെന്നും എന്നാൽ അതിൽ ആക്ഷനും ഒരു മധുര ഗാംഗ്‌സ്റ്റർ കോണും ഉൾപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ബജറ്റും വൻ മാറ്റങ്ങളും
രാം ചരണിനെപ്പോലൊരു മുൻനിര താരത്തെയും വലിയ ബജറ്റിനെയും മുൻനിർത്തി ശങ്കർ ചിത്രം പ്ലാൻ ചെയ്തപ്പോൾ കഥയുടെ ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ചിത്രം തിയേറ്ററിൽ കണ്ടപ്പോഴാണ് മാറ്റങ്ങളുടെ വ്യാപ്തി മനസ്സിലായതെന്നും എന്നാൽ ശങ്കറിനെപ്പോലൊരു മുതിർന്ന സംവിധായകൻ തന്റെ കഥ എടുത്തതിൽ സന്തോഷമുണ്ടെന്നും കാർത്തിക് സുബ്ബരാജ് വ്യക്തമാക്കി.
കിയാര അദ്വാനി, അഞ്ജലി, എസ്.ജെ. സൂര്യ, ശ്രീകാന്ത്, സമുദ്രക്കനി തുടങ്ങിയ വൻ താരനിര അണിനിരന്ന 'ഗെയിം ചേഞ്ചർ' ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ പോരാട്ടമാണ് ദൃശ്യവൽക്കരിച്ചത്. ഒരു വലിയ മാസ് കോമേഷ്യൽ ചിത്രത്തിലേക്ക് മാറുമ്പോൾ പ്രമേയത്തിന് സംഭവിക്കുന്ന പരിണാമത്തെയാണ് കാർത്തിക് സുബ്ബരാജിന്റെ ഈ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.