മലയാള ഗാനശാഖയിലെ പക്ഷിപരമ്പരയിൽ പ്രധാനിയാണ് പ്രാവ്. പാട്ടിന്റെ കാൽപനിക ശിഖരങ്ങളിൽ ചേക്കേറിയ പക്ഷികൂടിയാണിത്. പാട്ടിൽ പ്രാവുകൾ വന്നുപോയിരുന്നു. മനസ്സിന്റെ പ്രതീകമായി മാറിയ പ്രാവുകൾ പാട്ടിൽ കുറുകിക്കൊണ്ടിരുന്നു. ലളിതകാൽപനികതകൾ പാട്ടിൽ പകരാൻ പറ്റിയ സൗമ്യരൂപകമായി മാറി പ്രാവുകൾ. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളിലെ പക്ഷിരൂപകമാണ് പ്രാവ്. എല്ലാത്തരം അപരത്വങ്ങളുടെയും പക്ഷി രൂപകമായി പ്രാവുകൾ പറന്നിറങ്ങുന്നു ഗിരീഷിന്റെ ഗാനങ്ങളിൽ.
ലാളിത്യത്തിന്റെ സ്വാഭാവിക നിർവചനംപോലെ പ്രാവുകൾ പാട്ടുകളിൽ ചേക്കേറുന്നു. മാടപ്രാവും വെൺപ്രാവും തൈമാസപ്രാവും അമ്പലപ്രാവും വെയിൽപ്പിറാവുമെല്ലാം ഗിരീഷ് പുത്തഞ്ചേരിപ്പാട്ടുകളിൽ പിച്ചവെച്ചുനടക്കുകയാണ്. ‘‘മായക്കൂടാരത്തിൽ മാടപ്രാവേ നിന്റെ മൂളിപ്പാട്ടിൻ സ്വരം മെല്ലെ കേൾക്കുന്നുണ്ടോ’’ എന്ന് അദ്ദേഹം ഒരു പാട്ടിലെഴുതി. മോഹത്തിന്റെ തിരത്തള്ളൽ വന്നുനിറയുമ്പോൾ ഗിരീഷിന്റെ പാട്ടിലെ കഥാപാത്രം ‘‘ആരും കേൾക്കാതുള്ളിൽ മാടപ്രാവോ കൊഞ്ചി’’ എന്ന് അകമഴിഞ്ഞാലപിക്കും. പ്രാണന്റെ വെൺപ്രാവായി പാടുന്ന ഒരാൾ ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടിലുണ്ടായിരുന്നു. സന്ദേഹ കൽപനകളുടെ ഇന്ദ്രജാലങ്ങൾ ഗിരീഷിന്റെ പാട്ടുകളിൽ നിറയെയുണ്ടായിരുന്നു. ‘ആണോ’, ‘അല്ല’, ‘ആവാം’ എന്നിങ്ങനെയൊക്കെയുള്ള സന്ദേഹ സങ്കൽപങ്ങൾ ആ ഗാനങ്ങളിൽ സാന്ദ്രമായി. പിന്നെയും പിന്നെയും പുത്തഞ്ചേരിയുടെ പാട്ടുകൾ നമ്മെ വന്നുതൊടുന്നത് ഈ സുന്ദര കൽപനകളിലൂടെയാണ്. ‘‘മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം’’ എന്ന് പാടുമ്പോൾ നമ്മുടെ മനസ്സിലും ഒരു പ്രണയപ്പിറാവ് വന്നു പാടുകയാണ്. ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്നാരോ സ്വകാര്യ പറയുകയാണ്.
ഗിരീഷ് പുത്തഞ്ചേരി
പ്രാവ് എന്ന ഒരൊറ്റ കാവ്യബിംബത്തിൽ ഗിരീഷിന്റെ ഭാവനയെ ഒട്ടാകെ ഉയിർപ്പിക്കുന്നു. പ്രാവുകൾ പ്രണയമൊരുക്കുന്നു. പ്രാവുകളാൽ എഴുതപ്പെട്ട ഭാവനയുടെ ഋതുശോഭകളത്രയും ആ പാട്ടുകളിൽ നിറഞ്ഞുനിന്നു. പ്രാവുകളുടെ പറക്കലുകൾ അത്രമേൽ ഗാഢമായി മുഴങ്ങിക്കേൾക്കുന്നുണ്ട്, ഈ ഗാനങ്ങളിൽ. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളുടെ ആധാരശ്രുതിയിലായിരുന്നു പ്രാവ് എന്ന വാക്കും അതുകൊണ്ടുവരുന്ന ഭാവതലവും. വെൺപ്രാവുകൾ ചേക്കേറുന്ന ചുരങ്ങളിലും മരങ്ങളിൽവന്ന് മൊഴിയുതിർക്കുന്ന കാറ്റിനെ കൊണ്ടുവരുന്നുണ്ട് ഗിരീഷ് പുത്തഞ്ചേരി ഒരു പാട്ടിൽ. കുന്നിമണിക്കൂട്ടിൽ കുറുകിക്കൊണ്ടാടുന്ന കുറുമ്പുള്ളൊരരിപ്രാവിനെ കാണാം മറ്റൊരു പാട്ടിൽ. പാട്ടിൽ സന്നിഹിതമാകുന്ന അഴകിന്റെയും അനുഭൂതിയുടെയും ലോകങ്ങൾ സൃഷ്ടിക്കാൻ പ്രാവ് എന്ന രൂപകം കവിയെ സഹായിക്കുന്നുണ്ട്. പാട്ടിൽ പ്രണയവും പ്രണയത്തിൽ പാട്ടും കണ്ടെത്താനുള്ള തിരിച്ചറിവ് നൽകുന്നതാണ് ഇവിടെ പ്രാവ് എന്ന സൗമ്യരൂപകം. പ്രണയം കണ്ടെത്താൻ ശ്രമിക്കുന്ന കവിയുടെ മുന്നിൽ അനുരാഗത്തിന്റെ പ്രപഞ്ചം തുറന്നുവെക്കുന്നത് പിറാവുകളാണ്. പരസ്പരമറിയാൻ വെമ്പുന്നവരുെട വ്യഗ്രതയാവിഷ്കരിക്കാൻ ഈ വെൺപിറാവുകൾ പാട്ടിലേക്ക് വന്നണയുന്നു. പാട്ടിൽ മറ്റൊരു കാലത്തിന്റെ പ്രണയഭാവുകത്വം ആവിഷ്കരിക്കാൻ പ്രാവുകൾ പാട്ടിലേക്ക് പറന്നിറങ്ങുന്നു. പാട്ടിൽ പ്രണയനിമിഷങ്ങളെ ചേർത്തുപിടിക്കുന്ന ഓർമയുടെയും മോഹത്തിന്റെയും കാൽപനികശിഖരങ്ങളിൽ പ്രാവുകൾ ജീവിത മഹിമകൾ തുയിലുർത്തുന്നു. സ്വാഭാവികമായ വിധത്തിൽ പ്രണയം പറയാൻ പാട്ടിൽ ഗിരീഷ് പുത്തഞ്ചേരി പ്രാവുകളെ പറഞ്ഞയക്കുന്നു. പ്രാവുകൾ കുറുകുന്ന അനുഭൂതികൾ പാട്ടിൽ പ്രണയത്തെ കൊണ്ടുവരുന്നു. മനുഷ്യ വ്യാകരണങ്ങളുടെയും ഹൃദയസൗന്ദര്യത്തിന്റെയും അനുഭൂതികൾ മുഴുവൻ ഇങ്ങനെ പാട്ടിൽ നിറയുന്നു. ഇങ്ങനെ പ്രാവ് എന്ന പരിമിത രൂപകം പ്രണയത്തിന്റെ അലൗകികാനുഭൂതിയെയും അസാധാരണത്വത്തെയും അതിജീവിച്ച് പാട്ടിൽ പതുങ്ങുന്നു.
പ്രാവിന്റെ വെൺമയിലും വിശുദ്ധിയിലും പാട്ടിന് മുമ്പെങ്ങുമില്ലാത്ത സൗന്ദര്യശോഭ കൈവരുകയാണ്. ഗിരീഷിന്റെ ബിംബഭാഷയിൽ നിബിഡ സാന്നിധ്യമായി മാറുന്നു പ്രാവുകളുടെ ലോകം. സിനിമയിലെ കഥാപാത്രങ്ങളുടെ ആത്മാലാപങ്ങൾ, വിഷാദങ്ങൾ, ധർമസങ്കടങ്ങൾ, ഏകാന്തതകൾ, കിനാവുകൾ എന്നിവയെല്ലാം ദ്യോതിപ്പിക്കുന്ന രൂപകമായി മാറുന്നു. പ്രാവ് അനുരാഗത്തിന്റെ അലങ്കാരങ്ങൾ വെൺപ്രാവിന്റെ അടയാwളത്തിൽ വരുന്നത് ശ്രദ്ധേയമാണ്. ‘‘വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കുളിർമഞ്ഞിൽ കുറുകുന്ന വെൺപ്രാവേ, ഒന്നു കണ്ടോട്ടേ ഞാൻ മെയ്യിൽ തൊട്ടോട്ടേ ഞാൻ നിനക്കെന്തഴകാണഴകേ’’ എന്ന വരിയിൽ അനുരാഗം പ്രാവായ് കുടികൊള്ളുന്നു. ഒരു പെൺ പിറാവ് കുറുകുന്ന നെഞ്ചിൻ ചില്ലയിൽ കുളിർമഞ്ഞണിഞ്ഞു കുതിരുന്ന കാറ്റിന്റെ മർമരം ഒരുപാട്ടിൽ ഉലയുന്നുണ്ട്. ഉള്ളിൽ ആഹ്ലാദത്തിന്റെ മണിമുകിൽ പ്രാവുകൾ കുറുകുന്ന നേരത്തെ കുറിച്ച് ഗിരീഷ് പുത്തഞ്ചേരി ഒരു പാട്ടിൽ എഴുതിയിട്ടുണ്ട്. തുലാമഴ തുള്ളിക്കൊപ്പം മിന്നും മിന്നൽച്ചിലമ്പോടെ തഞ്ചി തഞ്ചി ക്കൊഞ്ചാൻ വെയിൽ പ്രാക്കളെ വിളിക്കുന്നുണ്ട് ‘എഴുപുന്ന തരകനി’ലെ കഥാപാത്രം. മുകിൽ പ്രാവുകളും വെയിൽപ്രാവുകളും മഴ പ്രാവുകളും തൈമാസ പ്രാവുകളും അരിപ്രാവുകളും തൂമണി പ്രാവും, പൂംപിറാവുകളും കുറുമണി പ്രാവുകളും -അങ്ങനെ എത്രയെത്ര പ്രാവുകളാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളിൽ കുറുകി അണയുന്നത്.
അതേസമയം വിഷാദ നേരങ്ങളെ പാട്ടിൽ കൊണ്ടുവരാൻ ഗിരീഷ് ഒരുപറ്റം പ്രാവുകളെ അണിനിരത്തുന്നുണ്ട്. ‘‘ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞുമൺവിളക്കൂതിയില്ലേ’’ എന്ന പാട്ടു ശ്രദ്ധിച്ചാലറിയാം -അതിൽ പ്രാവുകൾ തേങ്ങുന്നത് ‘‘ചന്ദനപ്പൊൻചിതയിൽ എന്റെ അച്ഛനെരിയുമ്പോൾ മച്ചകത്താരോ തേങ്ങിപ്പറക്കുന്നമ്പല പ്രാവുകളോ’’ എന്ന വരിയിൽ വിഷാദം നിറക്കുന്നത് പ്രാവുകളുടെ തേങ്ങലാണ്. പ്രാവുകൾ കൊണ്ടുവരുന്ന മറ്റൊരു വിടപറയൽ മുഹൂർത്തം പാട്ടിൽ ഇങ്ങനെയായിരുന്നു. ‘‘എന്തിത്ര വൈകി നീ സന്ധ്യ മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാവാൻ; തൂവലുപേക്ഷിച്ചു പറന്നുപോമെന്റെയീ തൂമണി പ്രാവിനെ താലോലിക്കാൻ’’ എന്ന വരികളിലുണ്ടല്ലോ നേരത്തേ പറഞ്ഞ വിഷാദനേരം.
ഗിരീഷിന്റെ പാട്ടുകളിലെ ഇരുൾ വീണുകിടക്കുന്ന നാലുകെട്ടിലും ഇടനാഴിയിലും മച്ചിലുമെല്ലാം പ്രാവുകൾ കുറുകുന്ന വിഷാദച്ചുവ കലർന്ന നേരങ്ങളുണ്ട്. പട്ടിണികിടന്ന ബാല്യകൗമാരങ്ങൾ, അലഞ്ഞുതീർത്ത യാതനയുടെ വഴികൾ എന്നിവയൊക്കെ ഗിരീഷിന്റെ പാട്ടുകളിൽ പ്രാവുകൾ പലമട്ടിൽ പകർന്നു. അളന്നുതീർത്ത സങ്കടവഴികളിൽ പ്രാവുകൾ പ്രതി വചനമൊഴികൾ തീർത്തു. ജീവിതയാത്രകളുടെ പൊരുളുകൾ അന്വേഷിക്കുന്ന പ്രണയയാത്രികന്റെ വിനിമയങ്ങൾ പ്രാവുകളാണ് നമുക്ക് പറഞ്ഞുതന്നത്. ‘‘പകുതി പൂക്കുന്ന പാരിജാതങ്ങൾ പ്രാവുപോൽ നെഞ്ചിലമരുന്നു.’’ അഗാധമായ നോവിന്റെ സ്പർശമുള്ള ഗിരീഷിന്റെ ഗാനങ്ങളിൽ അരുമപ്രാവുകളുടെ സാന്ത്വനവും മൂളലും കുറുകലും ചിറകടിയൊച്ചയുമെല്ലാമുണ്ട്. നോവും ദുഃഖവും ലയിപ്പിച്ചുചേർത്ത വിഷാദ കാൽപനികതയിൽ മൂളുകയാണ് ഈ പ്രാവുകൾ. നോവിന്റെ വെയിൽ പ്രാവുകൾ പാട്ടുകളിൽ തീരാവ്യഥയുടെ സങ്കടമൊരുക്കുന്നു. ‘സ്വയമുരുകുന്ന’ ഈ ശൈലിയിൽ എത്രയെത്ര സങ്കടപ്രാവുകളാണ് ഗിരീഷിന്റെ ഗാനങ്ങളിൽ ചിറകടിച്ചുയരുന്നത്. പ്രാവുകൾ പലപ്പോഴും അദ്ദേഹത്തിന്റെ പാട്ടുകളിൽ ദുഃഖിതമായ ഒരു ഭാവുകത്വത്തിന്റെ രേഖകൾ പ്രകാശിപ്പിക്കുന്നു. അനന്തവേദനയുടെയും അനിവാര്യ വിയോഗത്തിന്റെയുമൊക്കെ സങ്കട പ്രാവുകൾ ആ പാട്ടുകളെ ശോകമയമാക്കുന്നു. ‘‘പ്രാവുകൾ കുറുകുന്ന കൂടിന്റെ അഴിവാതിൽ ചാരിയില്ലേ കാണാക്കാറ്റേ’’ (ആരോടും മിണ്ടാതെ മിഴികളിൽ നോക്കാതെ) എന്ന വരിയിൽ പറക്കുന്നുണ്ട് വിരഹ പ്രാവുകളുടെ ഒരു ജാലം. ഇങ്ങനെ പ്രാവുകൾ ജീവിതത്തിലെ വൈവിധ്യമാർന്ന വികാരങ്ങളെയും സന്ദർഭങ്ങളെയും പാട്ടിൽ പുനർ നിർവചിക്കാൻ സഹായിക്കുന്നു.
കർമബന്ധത്തിന്റെ വിയോഗവീഥിയിൽ തനിച്ചുനിൽക്കുന്ന ഒരാളുടെ തീവ്ര ഖേദങ്ങളെ അടയാളപ്പെടുത്താനുള്ള ഇമേജറിയായി മാറുകയാണ് പ്രാവുകൾ. കർമബന്ധത്തിന്റെ അനേക സഞ്ചാരപഥങ്ങളിലൂടെ തിരികെ ബന്ധത്തിലേക്കും അതിൽനിന്ന് സ്വത്വത്തിലേക്കുമുള്ള പിൻമടങ്ങൽ; ദുഃഖിതമായ ഏകാന്തഭരിതങ്ങൾ, പ്രണയപരിഭവങ്ങൾ, ആഹ്ലാദ സൗന്ദര്യങ്ങൾ, നോവിന്റെ വഴികളിലെ തീരായാത്രകൾ -ഇങ്ങനെ പലതിനെയും പൂരിപ്പിക്കാനുള്ള ഇമേജറിയായി ഗിരീഷിന്റെ പാട്ടുകളിൽ, പ്രാവുകൾ ഇടക്കിടക്ക് വന്നുംപോയുമിരുന്നു. പാട്ടുകേൾക്കുന്നവന് തന്റെ മനസ്സുകൂടി പറിച്ചുകൊടുത്ത് അവരെ കാവ്യാനുരാഗികളാക്കുന്ന കലാതന്ത്രമായിരുന്നു ഗിരീഷിന്റേത്. അദ്ദേഹത്തിന്റെ മനസ്സിന്റെ മച്ചിൽ കൂടൊരുക്കിയ അക്ഷരപ്രാവുകൾ പിന്നെയും പിന്നെയും പാട്ടിന്റെ പടികടന്നെത്തുമെന്നുറപ്പാണ്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.