ഹിഷാമിന്റെ ഈണത്തിൽ ഹനാന്റെ ശബ്ദം; മനംനിറച്ച് ‘ഹംദം’

കോഴിക്കോട്: പ്രഖ്യാപന സമയം മുതൽ സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മ്യൂസിക് ആൽബം 'ഹംദം' പ്രേക്ഷകരുടെ മനം കവരുന്നു. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സക്കരിയയുടെ ദൃശ്യഭംഗിയിൽ, പ്രശസ്ത സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ഈണം പകർന്ന് ആലപിച്ച 'ഹംദം' ഒഫീഷ്യൽ മ്യൂസിക് വിഡിയോ പുറത്തിറങ്ങി. പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് മനോഹരമായ ഈ സൂഫി പ്രണയഗീതം യൂട്യൂബിലും മറ്റ് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്തിരിക്കുന്നത്. ​'പ്രാർത്ഥനകൾക്കും ഓർമ്മകൾക്കുമിടയിൽ ഒരു ഹംദം ജീവിക്കുന്നു...' എന്ന ഹൃദയസ്പർശിയായ വരികളോടെയാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

Full View

ഹനാൻ ഷായും ഹിഷാം അബ്ദുൽ വഹാബും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാപ്പിളപ്പാട്ട് ആസ്വാദകരുടെ പ്രിയപ്പെട്ട കവി ഷാഫി കൊല്ലത്തിന്റേതാണ് വരികൾ. ഹാരിസ് സലീമാണ് ആൽബത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഹിഷാമിന്റെ പ്രൊഡക്ഷൻ ബാനറായ ആച്ചൂസ് പ്രൊഡക്ഷൻസാണ് മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരിൽ നിന്ന് ലഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധിപ്പേരാണ് വിഡിയോ കണ്ടാസ്വദിച്ചിരിക്കുന്നത്.

വെറുമൊരു ആൽബം ഗാനത്തിനപ്പുറം സിനിമയെ അനുസ്മരിപ്പിക്കുന്ന മികച്ചൊരു ദൃശ്യാവിഷ്കാരമാണ് സക്കറിയ ഒരുക്കിയിരിക്കുന്നത്. മുഖ്യധാരാ സംഗീത ലോകത്ത് നിന്ന് മാറിനിൽക്കുന്ന പ്രാദേശിക കലാകാരന്മാർക്കുള്ള ഒരു ആദരവ് കൂടിയാണ് ഈ ഉത്സവകാല സമ്മാനമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ഈ ഈദ് കാലത്ത് സംഗീതപ്രേമികളുടെയും സിനിമാ പ്രേമികളുടെയും മനസ്സ് കീഴടക്കാൻ പോന്ന എല്ലാ ചേരുവകളും അടങ്ങിയ 'മെഹ്ഫിൽ വൈബ്' ആണ് ഹംദം സമ്മാനിക്കുന്നത്.  

Tags:    
News Summary - Hanan's voice in Hisham's melody; 'Hamdam' filled with joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.