പ്രശസ്ത പിന്നണി ഗായകൻ കൃഷ്ണരാജ് അന്തരിച്ചു; വിടവാങ്ങിയത് മൂവായിരത്തിലധികം ഗാനങ്ങൾക്ക് ശബ്‌ദം നൽകിയ പ്രതിഭ

ചെന്നൈ: ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ പ്രശസ്ത പിന്നണി ഗായകൻ കൃഷ്ണരാജ് (74) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ മൂവായിരത്തിലധികം ചലച്ചിത്ര ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. സംഗീതസംവിധായകൻ ദേവയുടെ ഹിറ്റ് ഗാനങ്ങളിലൂടെ തമിഴ് സിനിമാ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച ഗായകന്റെ വേർപാടിൽ സംഗീത ലോകം ആദരാഞ്ജലികൾ അർപ്പിച്ചു.

തമിഴ് ചലച്ചിത്ര സംഗീത മേഖലയിൽ ഒട്ടേറെ സംഭാവകൾ നൽകിയ കൃഷ്ണരാജ്, ദേവക്ക് പുറമെ ഇളയരാജ, എ.ആർ. റഹ്മാൻ, യുവൻ ശങ്കർ രാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുടെ കീഴിലും നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചത്. അതിന് തൊട്ടുപിന്നാലെ കൃഷ്ണരാജിന്റെയും വേർപാട് തമിഴ് സിനിമാ ലോകത്തെ വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

'പൊർക്കാലം' എന്ന ചിത്രത്തിലെ "തഞ്ചാവൂര് മണ്ണ് എടുത്ത്..." എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് കൃഷ്ണരാജ് സംഗീതാസ്വാദകരുടെ പ്രിയങ്കരനായത്. ഈ ഗാനത്തിന് അദ്ദേഹത്തിന് മികച്ച പിന്നണി ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. കൂടാതെ തമിഴ്‌നാട് സർക്കാരിന്റെ പരമോന്നത സാംസ്കാരിക ബഹുമതിയായ 'കലൈമാമണി' പുരസ്‌കാരവും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 'ആംപളൈക്കും പൊമ്പളൈക്കും', 'വെള്ളരിക്കായ്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാനപ്പെട്ട സൂപ്പർഹിറ്റ് ഗാനങ്ങൾ.

സേലം ജില്ലയിലെ വീരപാണ്ടി പഞ്ചായത്ത് യൂണിയനിലുള്ള വെമ്പടിത്തളം എന്ന ഗ്രാമത്തിൽ നിന്നാണ് കൃഷ്ണരാജ് തമിഴ് സംഗീത ലോകത്തിന്റെ നെറുകയിലെത്തിയത്. 2020-ൽ ജി.വി. പ്രകാശ് കുമാറിന്റെ സംഗീതസംവിധാനത്തിൽ സൂര്യ നായകനായ 'സൂരരൈ പോട്ര്' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി പാടിയത്. തുടർന്ന് കഴിഞ്ഞ അഞ്ച് വർഷത്തോളമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം സംഗീതരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ചെന്നൈ വൽസരവാക്കത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വെച്ചു. വെള്ളിയാഴ്ച ജന്മനാടായ വെമ്പടിതാളത്താണ് സംസ്‌കാരം.

Tags:    
News Summary - Tamil playback singer Krishnaraj passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.