ഫാൽഗുനി പഥക്

കുട്ടിക്കാലത്തെ ആ ശീലം പിന്നീട് ട്രെൻഡായി; തന്റെ ഐക്കണിക് ലുക്കിനെക്കുറിച്ച് ഫാൽഗുനി പഥക്

മുംബൈ: 90കൾ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന ചില മുഖങ്ങളുണ്ട്. ടിവിയിൽ 'മേരെ ഹംസഫർ' പാടി, ഷോർട്ട് ഹെയറും ഓവർസൈസ് ഷർട്ടുമിട്ട്, ആൺകുട്ടിയെപ്പോലെ തോന്നിക്കുന്ന ആ പെൺകുട്ടി. ഫാൽഗുനി പഥക്. യാദ് പിയാ കി ആനേ ലഗി കേൾക്കാത്തവർ അന്ന് കുറവായിരുന്നു. കടകളിൽ കാത്തുനിന്ന് വാങ്ങിക്കൂട്ടിയ കാസറ്റുകൽ , ദൂരദർശനിൽ കാത്തിരുന്ന് കണ്ട ആൽബം സോങ്ങുകൾ... അങ്ങനെ ഒരു തലമുറയുടെ മുഴുവൻ പ്രണയവും വിരഹവും നൊമ്പരവും ആയിരുന്നു ഫാൽഗുനി പഥക്.

ഇപ്പോഴിതാ ഗായിക ഫാൽഗുനി പഥക് തന്റെ ഐക്കണിക്കായ വസ്ത്രധാരണ രീതിയെയും ലുക്കിനെയും കുറിച്ച് മനസ് തുറക്കുകയാണ്. കുട്ടിക്കാലം മുതൽ താൻ ഷോർട്ട് ഹെയറും ഷർട്ടും പാന്റും ധരിക്കുന്നത് ശീലമാണെന്നും അത് മനപ്പൂർവ്വം പ്ലാൻ ചെയ്തതല്ലെന്നും താരം വെളിപ്പെടുത്തി. പ്രത്യേക അഭിമുഖത്തിലാണ് ഫാൽഗുനി തന്റെ ജീവിതത്തിലെ ഈ കൗതുകകരമായ കഥ പങ്കുവെച്ചത്.

‘ഇത് ഞാൻ ഒരിക്കലും പ്ലാൻ ചെയ്തതല്ല. എനിക്ക് ഒരു സഹോദരൻ ഇല്ലായിരുന്നു. അതുകൊണ്ട് എന്റെ സഹോദരിമാർ ഞാൻ എപ്പോഴും ഷോർട്ട് ഹെയർ വെക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ഞാൻ എപ്പോഴും ഷർട്ടും പാന്റും ധരിക്കുമായിരുന്നു. ഒരിക്കൽ ഞാൻ സൽവാർ കമ്മീസ് ധരിക്കാൻ ശ്രമിച്ചു നോക്കി. പക്ഷെ എന്റെ അയൽക്കാർ പറഞ്ഞു അത് എന്നെ ചേരുന്നില്ലെന്ന്. അതുകൊണ്ട് ഞാൻ പിന്നീട് ഒരിക്കലും ധരിച്ചില്ല’ ഫാൽഗുനി പറഞ്ഞു.

കുട്ടിക്കാലത്ത് ഒരു കളിയായി തുടങ്ങിയ ഈ ശീലമാണ് പിന്നീട് തന്റെ വ്യക്തിത്വമായും അടയാളമായും മാറിയതെന്നാണ് ഗായിക പറയുന്നത്. ഇന്ന് ഫാൽഗുനി എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസ്സിൽ വരുന്ന ചിത്രം തന്നെ ഷോർട്ട് ഹെയറും ഷർട്ടും ധരിച്ച് സ്റ്റേജിൽ തിളങ്ങി നിൽക്കുന്ന ഗായികയുടേതാണ്. മറ്റൊരു രൂപത്തിൽ ഫാൽഗുനിയെ സങ്കൽപ്പിക്കാൻ പോലും ഒരുപക്ഷേ ആരാധകർക്ക് കഴിഞ്ഞെന്ന് വരില്ല. 

ആളുകൾ തിരിച്ചറിയുന്ന വ്യക്തിത്വം തന്നെ ആളുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിത്വമായി മാറുമ്പോൾ എന്ത് സംഭവിക്കും? പലപ്പോഴും സെലിബ്രിറ്റികൾക്ക് അവരുടെ പ്രേക്ഷകർ നൽകിയ ഒരു ഇമേജിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ വരുന്നു. ഫാൽഗുനിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. ആരും അടിച്ചേൽപ്പിച്ചതല്ല തന്റെ സ്റ്റൈൽ എന്നും, അത് തനിക്ക് ഏറ്റവും കംഫർട്ടബിൾ ആയതുകൊണ്ടാണ് താൻ അത് തുടരുന്നതെന്നും ഫാൽഗുനി കൂട്ടിച്ചേർത്തു. ഈ കംഫർട്ട് സോൺ തന്നെയാണ് തന്റെ സംഗീതത്തിലും പ്രതിഫലിക്കുന്നതെന്നും അവർ പറയുന്നു.

90കളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളായ 'യാദ് പിയാ കി ആനേ ലഗി', 'മേരെ ഹംസഫർ', 'മൈനേ പായൽ ഹെ ഛൻകായി' തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യയൊട്ടാകെ പ്രശസ്തയായ ഫാൽഗുനി, ഇന്നും നവരാത്രി കാലത്തെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. 1998ൽ പുറത്തിറങ്ങിയ 'യാദ് പിയാ കി' ഇന്നും ഓരോ ഇന്ത്യക്കാരന്റെയും പ്ലേലിസ്റ്റിലുണ്ട്. തന്റെ ലളിതമായ വസ്ത്രധാരണം കൊണ്ടും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയെടുത്തത്. 

Tags:    
News Summary - Falguni Pathak Reveals Reason Behind Tomboy Look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.