അരിജിത് സിങ്

പിന്നണി ഗാനരംഗത്തോട് വിട പറഞ്ഞതിന് ശേഷം ആദ്യ ഇന്ത്യൻ പര്യടനവുമായി അരിജിത് സിങ്; 9 നഗരങ്ങളിൽ സംഗീത വിരുന്ന്

മുംബൈ: സംഗീത പ്രേമികളെ ആവേശത്തിലാഴ്ത്തി പ്രശസ്ത ഗായകൻ അരിജിത് സിങ് ബൃഹത്തായ ഇന്ത്യൻ പര്യടനം പ്രഖ്യാപിച്ചു. 2027 ജനുവരിയിൽ ആരംഭിച്ച് മേയ് മാസം വരെ നീണ്ടുനിൽക്കുന്ന ഒമ്പത് നഗരങ്ങൾ ഉൾപ്പെടുന്ന മെഗാ ടൂറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ രണ്ട് പതിറ്റാണ്ട് നീണ്ട സംഗീത യാത്രയുടെ ആഘോഷമായാണ് ഈ പര്യടനത്തെ അരിജിത് വിശേഷിപ്പിക്കുന്നത്.

പ്രധാന മെട്രോ നഗരങ്ങളെ ഉൾപ്പെടുത്തിയാണ് ടൂർ പ്ലാൻ ചെയ്തിരിക്കുന്നത്. അഹ്മദാബാദ്, ചണ്ഡീഗഡ്, ജയ്പൂർ, മുംബൈ, ബംഗളൂരു, ന്യൂഡൽഹി, പൂനെ, ഇൻഡോർ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് അരിജിത്തിന്റെ സംഗീത മാന്ത്രികം അരങ്ങേറുക. ഓരോ നഗരത്തിലും വലിയ സ്റ്റേഡിയങ്ങളിലായിരിക്കും കോൺസെർട്ടുകൾ നടക്കുകയെന്നാണ് സംഘാടകർ നൽകുന്ന സൂചന.

ഈ വർഷം ആദ്യം ബോളിവുഡ് പിന്നണി ഗാനരംഗത്ത് നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്നും പുതിയ സിനിമാ ഗാനങ്ങൾ ഇനി ഏറ്റെടുക്കില്ലെന്നും അരിജിത് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ ഇന്ത്യൻ ടൂർ എന്ന നിലയിൽ ഈ പര്യടനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പിന്നണി ഗാനങ്ങളിൽ നിന്ന് മാറി സ്വതന്ത്ര സംഗീതം, ഗസലുകൾ, ലൈവ് കോൺസെർട്ടുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.

‘20 വർഷത്തെ സംഗീത യാത്രക്ക് ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. അതിലെ ഏറ്റവും മനോഹരമായ ഭാഗം എപ്പോഴും ജനങ്ങളായിരുന്നു, ഈ ഗാനങ്ങൾക്ക് അവരുടേതായ ജീവൻ നൽകിയ ശ്രോതാക്കൾ. ഈ പര്യടനം എന്റെ ശ്രോതാക്കൾക്കുള്ള സമർപ്പണമാണ്. തും ഹി ഹോ', 'ചന്ന മേരെയാ', 'കേസരിയ', 'റാ‌ബ്താ', 'അഗർ തും സാത്ത് ഹോ' തുടങ്ങി കോടിക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങൾ ഈ പര്യടനത്തിലും ആരാധകർക്ക് പ്രതീക്ഷിക്കാം.

ഒപ്പം തന്റെ പുതിയ സ്വതന്ത്ര ആൽബത്തിലെ ഗാനങ്ങളും അരിജിത് ആലപിക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ദശാബ്ദക്കാലം ബോളിവുഡിന്റെ ശബ്ദമായി മാറിയ അരിജിത്തിന്റെ ഈ തിരിച്ചുവരവിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കുമെന്നും വിശദമായ തീയതികളും വേദികളും അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും സംഘാടകരായ ടീം ഇന്നോവേഷൻ അറിയിച്ചു.

ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു. ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. ഞാൻ നല്ല സംഗീതത്തിന്റെ ആരാധകനാണ്, ഭാവിയിൽ ഒരു ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു.

നിങ്ങളുടെ എല്ലാ പിന്തുണക്കും ഒരിക്കൽ കൂടി നന്ദി. എനിക്ക് ഇപ്പോഴും ചില ജോലികൾ പൂർത്തിയാക്കാനുണ്ട്, അവ ഞാൻ പൂർത്തിയാക്കും. അതിനാൽ ഈ വർഷം നിങ്ങൾക്ക് ചില റിലീസുകൾ പ്രതീക്ഷിക്കാം. ഞാൻ സംഗീതം ചെയ്യുന്നത് നിർത്തുന്നില്ല എന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു അരിജിത് വ്യക്തമാക്കി.

Tags:    
News Summary - Arijit Singh Announces Nine City Tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.