ദേവ

സംഗീത ലോകത്തിന് തീരാനഷ്ടം; ദേവക്ക് വിട നൽകി തമിഴകം

സംഗീതസംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ മൈലാപ്പൂരിലായിരുന്നു അന്ത്യം. ഒരു കാലഘട്ടത്തിന്‍റെ പ്രതീകമായ ദേവക്ക് നിരവധി പേരാണ് ആദരാഞ്ജലി അർപ്പിച്ചെത്തിയത്. 

‘പ്രിയ സഹോദരനായ ദേവയുടെ വിയോഗവാർത്ത ഞെട്ടലുണ്ടാക്കുന്നു. എപ്പോഴും ഊർജ്ജസ്വലനും ആവേശഭരിതനുമായിരുന്ന അദ്ദേഹം, ലളിതമായ തമാശകൾ കൊണ്ടും നിറഞ്ഞ ചിരി കൊണ്ടും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. അവ്വെയ് ഷൺമുഖി, പമ്മൽ കെ. സംബന്ധം, പഞ്ചതന്ത്രം തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ച സന്തോഷനിമിഷങ്ങൾ ഓർമവരുന്നു. അദ്ദേഹത്തിന് ഹൃദയപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’ പ്രിയപ്പെട്ടവന്‍റെ വിയോഗത്തിൽ വേദനയോടെ പങ്കുചേരുന്നു’ എന്നാണ് കമൽഹാസൻ കുറിച്ചത്. 

‘തമിഴ് സിനിമാ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച സംഗീതസംവിധായകൻ ദേവ സാറിന്റെ വിയോഗം വലിയ ദുഃഖമുണ്ടാക്കുന്നു. അദ്ദേഹത്തിന്റെ സംഗീതവും പാട്ടുകളും നമ്മുടെ ഓർമ്മകളിൽ എന്നും ജീവിക്കും. ആഴമേറിയ ആദരാഞ്ജലികൾ’ വിജയ് സേതുപതി കുറിച്ചു. 

‘ദേവ സാറിന്റെ വിയോഗ വാർത്ത വിശ്വസിക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ സംഗീതം കൊണ്ടുമാത്രമല്ല, സിനിമാലോകത്ത് അപൂർവ്വമായി മാത്രം കാണുന്ന സ്നേഹമസൃണമായ പെരുമാറ്റവും ഊഷ്മളതയും കൊണ്ടുകൂടിയാണ് ഞങ്ങൾ അദ്ദേഹത്തെ നെഞ്ചിലേറ്റിയത്. അനേകായിരം ആരാധകരിൽ ഒരാളായി, അദ്ദേഹത്തിന്റെ സംഗീതത്തിലൂടെയും നന്മയിലൂടെയും ആ തമാശകളിലൂടെയും ഞങ്ങൾ അദ്ദേഹത്തെ എന്നും ഓർക്കും. നിത്യശാന്തി നേരുന്നു സാർ’ എന്നാണ് ഗായകനായ ശ്രീനിവാസ് ദേവയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. 

‘സംഗീതം നൽകിയ ഓരോ ഗാനത്തെയും സൂപ്പർഹിറ്റുകളാക്കി മാറ്റിയ അതുല്യ പ്രതിഭ… തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആലപിച്ച ഗാനാ പാട്ടുകളിലൂടെയും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ പ്രിയപ്പെട്ട ദേവാ സാർ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു എന്ന വാർത്ത ഏറെ വേദനയോടെയാണ് അറിയുന്നത്. 

ദേവാ സാറിന്റെ മകൻ ശ്രീകാന്ത് ദേവയും എനിക്ക് ഏറെ ഇഷ്ടപ്പെട്ട, എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു വ്യക്തിയാണ്. ഈ തീരാനഷ്ടം താങ്ങാനുള്ള മനക്കരുത്തും ശക്തിയും ശ്രീകാന്തിനും ദേവാ സാറിന്റെ കുടുംബാംഗങ്ങൾക്കും ലഭിക്കട്ടെയെന്ന് ഹൃദയപൂർവം പ്രാർത്ഥിക്കുന്നു. കാലമെത്ര കഴിഞ്ഞാലും ദേവാ സാറിന്റെ ഈണങ്ങളും ഗാനങ്ങളും സംഗീതലോകത്ത് എന്നും അനശ്വരമായി നിലനിൽക്കും. പ്രിയപ്പെട്ട ദേവാ സാറിന് കണ്ണീരിൽ കുതിർന്ന പ്രണാമം’ എന്നാണ് സംഗീത സംവിധായകനും ഗായകനുമായ ശരത്ത് കുറിച്ചത്. 

‘തേനിസൈ തെൻട്രൽ ദേവ... ആ സംഗീത മാന്ത്രികൻ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹം സൃഷ്ടിച്ച ഈണങ്ങളുടെ അപാരശേഖരം എന്നെന്നും നിലനിൽക്കും. വരും തലമുറകൾക്കായി അനശ്വരമായ ഒരു സംഗീതപാരമ്പര്യം സമ്മാനിച്ച സംഗീത സംവിധായകനും ഗായകനുമാണ് അദ്ദേഹം. സംഗീതത്തിലെ മനോഹാരിത കൊണ്ടും വ്യക്തിബന്ധങ്ങളിലെ ഊഷ്മളത കൊണ്ടും അദ്ദേഹം എപ്പോഴും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി’ എന്ന് നടി ഗൗതമിയും കുറിച്ചു. 

‘തമിഴ് സിനിമയിലെ പ്രഗല്ഭനായ ദേവ സാറിന്റെ വിയോഗത്തിൽ ഏറെ ദുഃഖിക്കുന്നു. തലമുറകളെ തൊട്ടറിഞ്ഞ സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്. മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്നും കാത്തുസൂക്ഷിക്കുന്ന ഒരു മനോഹര ഓർമയായിരിക്കും. അദ്ദേഹത്തിന്റെ അനശ്വരമായ സംഗീതത്തിലൂടെ ആ പാരമ്പര്യം എന്നും നിലനിൽക്കും. ആദരാഞ്ജലികൾ’ എന്നായിരുന്നു നടൻ ആർ.ജെ ബാലാജിയുടെ വാക്കുകൾ. 

‘ആദരാഞ്ജലികൾ ദേവ സാർ! നിങ്ങളുടെ സംഗീതം കൊണ്ട് നിങ്ങൾ നിലവിലുണ്ടായിരുന്ന ചിട്ടവട്ടങ്ങളെയെല്ലാം തിരുത്തിയെഴുതുകയും ജനകോടികളുടെ പ്ലേലിസ്റ്റുകൾ കീഴടക്കുകയും ചെയ്തു. നിങ്ങളുടെ ഊർജ്ജം എപ്പോഴും പകരുന്നതായിരുന്നു. ആ പ്രഭാവം എന്നും നമ്മോടൊപ്പം ജീവിക്കും’എന്ന് തമിഴ് നടൻ കിഷൻ ദാസ് കുറിച്ചപ്പോൾ ‘ഈ ദുഃഖവാർത്ത കേട്ട് ഹൃദയം തകർന്നുപോയി. തേനിസൈ തെൻട്രൽ ദേവ സാറിന്റെ ഈണങ്ങൾ ദശകങ്ങളായി നമ്മുടെയെല്ലാം ജീവിതത്തിന്റെയും ഓർമകളുടെയും ഒരു ഭാഗമായിരുന്നു. ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ള അദ്ദേഹത്തിന്റെ സംഗീതം, അനശ്വരമായ ആ പാട്ടുകളിലൂടെ എന്നും ജീവിക്കും. ഹൃദയപൂർവ്വം ആദരാഞ്ജലികൾ നേരുന്നു. ഓം ശാന്തി’ എന്നായിരുന്നു സിമ്രാന്‍റെ വാക്കുകൾ. 

Tags:    
News Summary - Tamil Cinema Mourns Deva's Passing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.