പത്മ അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ജൂറിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സോനു നിഗം. ഇതിഹാസ ഗായകരായ മുഹമ്മദ് റഫി, കിഷോർ കുമാർ, അൽക യാഗ്നിക്, ശ്രേയ ഘോഷാൽ, സുനിധി ചൗഹാൻ എന്നിവരുൾപ്പെടെ നിരവധി പ്രതിഭകളെ അവാർഡ് നൽകുന്നതിന് പരിഗണിക്കാത്തതിനാണ് സോനു ജൂറിയെ വിമർശിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു വിമർശനം.
"ലോകമെമ്പാടുമുള്ള കലാകാരന്മാരെ പ്രചോദിപ്പിച്ച രണ്ട് ഗായകരുണ്ട്. മുഹമ്മദ് റഫി സാബും കിഷോർ കുമാറും. മുഹമ്മദ് റഫി സാബിനെ പത്മശ്രീ പുരസ്‌കാരത്തിൽ ഒതുക്കി. എന്നാൽ കിഷോർ കുമാറിന് അത് പോലും ലഭിച്ചില്ല. ഇപ്പോഴത്തെ ഗായികയായ അൽക്ക യാഗ്നിക് വളരെ നല്ല കരിയർ ഉണ്ടായിരുന്നിട്ടും അവരെ ഒരു അവാർഡിന് പോലും പരിഗണിച്ചില്ല.വർഷങ്ങൾക്ക് മുമ്പേ കഴിവ് തെളിയിച്ച ഗായികയാണ് ശ്രേയ ഘോഷാൽ. അവരെയും ഇതുവരെ അവാർഡിന് പരിഗണിച്ചിട്ടില്ല. തൻ്റെ അതുല്യമായ ശബ്ദം കൊണ്ട് ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ച സുനിധി ചൗഹാനെയും അവാർഡിന് പരിഗണിച്ചില്ല'.- സോനു പറയുന്നു.
ഇനിയും പത്മാ അവാർഡുകൾ ലഭിക്കാൻ അർഹതയുള്ള എന്നാൽ ഇതുവരെ ലഭിക്കാത്ത ആളുകളുടെ പേരുകൾ കമന്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സോനുവിന്റെ വിഡിയോ അവസാനിക്കുന്നത്.
വിഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 'നിങ്ങൾ പറഞ്ഞത് സത്യമാണ്' എന്നായിരുന്നു പ്രശസ്ത പിന്നണി ഗായികയായ ശ്രദ്ധ പണ്ഡിറ്റ് കമന്റ് ചെയ്തത്.
76മത് റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി 139 പത്മ പുരസ്‌കാരങ്ങളാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.