ആത്മവിദ്യാലയത്തിന്‍റെ 70 വർഷങ്ങൾ

1955ലാണ് പി. സുബ്രഹ്മണ്യം നിർമിച്ച് തിക്കുറിശ്ശി നായകനായി അഭിനയിച്ച ‘ഹരിശ്ചന്ദ്ര’ എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ ചിത്രം ഇന്നോർക്കപ്പെടുന്നതിനു കാരണവും ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണവുമായിരുന്നു കമുകറ പുരുഷോത്തമൻ പാടിയ

‘ആത്മ വിദ്യാലയമേ

ആത്മ വിദ്യാലയമേ അവനിയിൽ

ആത്മ വിദ്യാലയമേ അടിനിലയില്ലാ

ജീവിതമെല്ലാം അടിനിലയില്ലാജീവിതമെല്ലാം

ആറടിമണ്ണിൽ നീറിയൊടുങ്ങും

ആറടിമണ്ണിൽ നീറിയൊടുങ്ങും

ആത്മ വിദ്യാലയമേ...’ എന്ന തത്ത്വചിന്താപരമായ ഗാനം.

മനുഷ്യമനസ്സിൽ കുടികൊള്ളുന്ന അഹങ്കാരം എന്ന ഭാവത്തെ അലിയിച്ചുകളയുന്ന ഈ ചലച്ചിത്രഗീതിക പിറന്നിട്ട് 70 വർഷം പൂർത്തിയാകുമ്പോൾ മലയാള ചലച്ചിത്ര സംഗീതലോകത്ത് ‘ആത്മവിദ്യാലയം’ ഒരു കെടാവിളക്കുപോലെ ഇന്നും നിറഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്. തിരുനയിനാർ കുറിച്ചി മാധവൻ നായർ എഴുതി ബ്രദർ ലക്ഷ്മണൻ സംഗീതംപകർന്ന ഈ ഗാനം കമുകറ പുരുഷോത്തമൻ എന്ന ഗായകന്റെ മാസ്റ്റർപീസ് ആയാണ് വിലയിരുത്തപ്പെടുന്നത്.

പല ഗാനമേളകളിലും ശ്രോതാക്കളുടെ ആവശ്യപ്രകാരം ‘ആത്മവിദ്യാലയം’ രണ്ടും മൂന്നും തവണ അദ്ദേഹത്തിനുതന്നെ പാടേണ്ടിവന്നിട്ടുണ്ടത്രെ! അതിൽനിന്നും ഈ അനശ്വരഗാനം ശ്രോതാക്കളിൽ ഉണ്ടാക്കിയ സ്വാധീനം എത്രമാത്രമെന്ന് ഊഹിക്കാവുന്നതേയുള്ളൂ!

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ ജനിച്ച കമുകറ പുരുഷോത്തമൻ സംഗീതക്കച്ചേരികളിലൂടെയും ആകാശവാണിയിലെ സംഗീത പരിപാടികളിലൂടെയും പ്രശസ്തനായതിനുശേഷമാണ് 1953ൽ നീലാ പ്രൊഡക്ഷൻസിന്റെ ‘പൊൻകതിർ’ എന്ന ചലച്ചിത്രത്തിലൂടെ സംഗീതരംഗത്തെത്തുന്നത്.

ഇരുനൂറോളം മലയാള ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും ‘ആത്മവിദ്യാലയ’മാണ് കമുകറക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്.

മലയാളനാടിന്റെ സംഗീത ചരിത്രത്തിൽ ചലച്ചിത്രഗാനങ്ങൾക്ക് വലിയ പ്രാമുഖ്യമൊന്നും ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നില്ല. ദന്തഗോപുരവാസികളായ കർണാടകസംഗീതജ്ഞർ ‘പടപ്പാട്ടുകൾ’ എന്ന ഭാവത്തോടെയാണ് ചലച്ചിത്ര ഗാനങ്ങളെയും ഗാനശിൽപികളെയും ഒരുകാലത്ത് വീക്ഷിച്ചിരുന്നത്. അതിന് കാരണമുണ്ടുതാനും. തമിഴിലും ഹിന്ദിയിലും ജനപ്രീതി നേടിയിരുന്ന പാട്ടുകളുടെ ഈണങ്ങളെ അനുകരിച്ചുകൊണ്ടായിരുന്നു ആ കാലത്ത് മലയാളത്തിൽ ചലച്ചിത്രഗാനങ്ങൾ കൂടുതലും എഴുതപ്പെട്ടിരുന്നത്. സ്വാഭാവികമായും ആ ഗാനങ്ങൾക്ക് വലിയ കാവ്യഭംഗിയൊന്നും ഉണ്ടായിരുന്നതുമില്ല.

ചലച്ചിത്ര ഗാനങ്ങളെ മലയാളി സമൂഹം ശ്രദ്ധിക്കാൻ തുടങ്ങുന്നതുതന്നെ 1955ൽ പുറത്തുവന്ന ‘ഹരിശ്ചന്ദ്ര’യിലെ ഈ ഗാനത്തോടുകൂടിയാണ്.

 

ക​മു​ക​റ പു​രു​ഷോ​ത്ത​മ​ൻ, തി​രു​ന​യി​നാ​ർ കു​റി​ച്ചി മാ​ധ​വ​ൻ നാ​യ​ർ

കേരളത്തിലെ യാഥാസ്ഥിതിക സമൂഹത്തിന് ഒരു പുത്തനുണർവ് നൽകുന്നതായിരുന്നു തത്ത്വചിന്തയിൽ അധിഷ്ഠിതമായ ഈ ഗാനത്തിലെ ഓരോ വരിയും. ജനങ്ങളെ വളരെയധികം സ്വാധീനിച്ചെന്നു മാത്രമല്ല, മലയാളക്കര മുഴുവൻ ഈ ഗാനം ഏറ്റുപാടുകയും ചെയ്തു. ഒരു ജനസമൂഹത്തെ മൊത്തം ആസ്വാദനത്തിന്റെ ഒരു പുതിയ തലത്തിലേക്ക് ഈ സിനിമാഗാനം ഉയർത്തിക്കൊണ്ടുപോയി എന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച്,

‘മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവിൽ

വൻചിത നടുവിൽ...’ പോലുള്ള വരികൾ വലിയ സന്ദേശമാണല്ലോ ആസ്വാദകർക്ക് സംഭാവന ചെയ്തത്.

‘തിലകം ചാർത്തി

ചീകിയുമഴകായ്

പലനാൾ പോറ്റിയ

പുണ്യ ശിരസ്സേ

ഉലകം വെല്ലാൻ

ഉഴറിയ നീയോ

വിലപിടിയാത്തൊരു

തലയോടായി...’ തുടങ്ങിയ ചരണത്തിലെ വരികളുടെ ആശയ ഗാംഭീര്യം അക്ഷരാർഥത്തിൽ കേരള സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചെടുത്തു.

പൂന്താനം രചിച്ച ‘ജ്ഞാനപ്പാന’യാണ് ഈ ഗാനത്തിന്റെ അഗ്രഗാമി എന്നും തോന്നാം. കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചിയിൽ രാമൻ നായരുടെയും നാരായണിയുടെയും മകനായി 1916 ഏപ്രിൽ 16ന് ജനിച്ച മാധവൻ നായരായിരുന്നു ചരിത്രം സൃഷ്ടിച്ച ഈ ഗാനത്തിന്റെ രചന നിർവഹിച്ചത്.

മലയാളം അധ്യാപകനായി ജീവിതമാരംഭിച്ച അദ്ദേഹം അക്കാലത്ത് തിരുവിതാംകൂറിലെ ആദ്യത്തെ റേഡിയോ നിലയമായ ‘ട്രാവൻകൂർ റേഡിയോ’യിൽ ഉദ്യോഗസ്ഥനായിരുന്നു. ബഹുഭാഷാ പണ്ഡിതനും കലാ സാഹിത്യ തൽപരനുമായിരുന്ന മാധവൻ നായർക്ക് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നുകൊടുത്തതിൽ ആദ്യകാല നിർമാതാവായിരുന്ന പി. സുബ്രഹ്മണ്യത്തിന്റെ പങ്ക് ചെറുതായിരുന്നില്ല.

പി. സുബ്രഹ്മണ്യം ‘ആത്മസഖി’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര വേദിക്ക് പരിചയപ്പെടുത്തിയ തമിഴ്നാട്ടുകാരനായിരുന്ന ബ്രദർ ലക്ഷ്മണനാണ് ‘ആത്മവിദ്യാലയ’ത്തിന് സംഗീതം പകർന്നത്. മലയാള സിനിമയിലെ ആദ്യത്തെ പത്മശ്രീ ജേതാവായ തിക്കുറിശ്ശി സുകുമാരൻ നായരാണ് ഈ ഗാനരംഗത്ത് അഭിനയിച്ചത്. സകലകലാവല്ലഭനായ തിക്കുറിശ്ശി പാടി അഭിനയിച്ച അപൂർവം ഗാനരംഗങ്ങളിൽ പ്രേക്ഷകർ എന്നും ഓർക്കുന്നത് ഒരുപക്ഷേ ‘ആത്മവിദ്യാലയ’മായിരിക്കും.

സപ്തതിയുടെ പ്രഭാപൂരത്തിൽ തെളിഞ്ഞുനിൽക്കുന്ന ‘ആത്മവിദ്യാലയം’ ഒരേസമയം കമുകറ പുരുഷോത്തമൻ എന്ന ഗായകന്റെയും തിരുനയിനാർ കുറിച്ചി മാധവൻ നായർ എന്ന ഗാനരചയിതാവിന്റെയും ബ്രദർ ലക്ഷ്മണൻ എന്ന സംഗീത സംവിധായകന്റെയും ചലച്ചിത്രസംഗീത ജീവിതത്തിലെ നാഴികക്കല്ലാണെന്ന് പറയാം.

.

Tags:    
News Summary - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.