ലണ്ടൻ: ലോകമെങ്ങും പോപ് സംഗീതത്തെ വളർത്തിയ ജനപ്രിയ ചാനലായിരുന്ന എം ടി.വി അതിന്റെ അന്തർദേശീയ മ്യൂസിക് സംപ്രേക്ഷണം നിർത്തുന്നു. 1981ൽ ‘വീഡിയോ കിൽഡ് ദ റേഡിയോ സ്റ്റാർ’എന്ന മ്യൂസിക് ആൽബവുമായി ലോകസംഗീതത്തിന്റെ വേദിയായി പ്രത്യക്ഷപ്പെട്ട എം ടി.വി സമൂഹ മാധ്യമങ്ങളുടെ തഴച്ചുവളരലിൽ തളർന്ന് പിടിച്ചു നിൽക്കാനാവാതെയാണ് സംപ്രേക്ഷണം നിർത്തുന്നത്.
എം ടി.വിയുടെ പേരന്റ് കമ്പനിയായ പാരമൗണ്ട് സ്കൈ ഡാൻസ് ആണ് ഇക്കാര്യം അറിയിച്ചത്. എം ടി.വി മ്യൂസിക്, എം ടി.വി ഹിറ്റ്സ് എന്നീ ചാനലുകളാണ് നിർത്തുന്നത്. യു.കെ, ഫ്രാൻസ്, ജർമനി, പോളണ്ട്, ആസ്ട്രേലിയ, ബ്രസീൽ എന്നിവിടങ്ങളിലൊക്കെ സംപ്രേഷണം നിർത്തും.
സംഗീതപ്രേമികളുടെ മനസിലെ ഗ്ലോബൽ ഐക്കണായിരുന്നു എം ടി.വി. ഇത് കാലത്തിന്റെ അനിവാര്യതയാണെന്ന് എം ടി.വി ആരാധകൾ പറയുന്നു. എം ടി.വി ഒരുകാലത്ത് വിപ്ലവം സൃഷ്ടിച്ചതായി മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂനിവേഴ്സിറ്റിയിലെ സ്ക്രീൻ സ്റ്റഡീസ് പ്രൊഫസർ കിർസ്റ്റി ഫെയർകൊളോ പറയുന്നു. പൂർണമായും സംഗീതവും ഇമേജുമായി എങ്ങനെ എംടി.വി സമീപിച്ചോ അതിനെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ യുട്യൂബും ടിക്ടോക്കും അട്ടിമറിച്ചതായി അവർ പറഞ്ഞു.
എല്ലാം വേഗം വേണം എന്ന സമീപനമാണ് ഇന്ന് ആളുകൾക്ക്. തന്നെയുമല്ല. അവർക്ക് നേരിട്ട് ഉടൻ പ്രതികരിക്കുകയും വേണം. ഇത് ഒരു ടി.വി ചാനലിന് സാധിക്കുന്ന കാര്യമല്ല-ഫെയർകൊളോ പറയുന്നു.
ഓഡിയൻസ് റിസർച്ച് അനുസരിച്ച് യു.കെയിലെ 1.3 മില്യൻ വീടുകളിലായിരുന്നു 2025 ജൂലെയിൽ എം ടി.വിയുടെ സ്വാധീനം. 2001ൽ യു.കെയിലും അയർലണ്ടിലുമായി 10 മില്യൻ വീടുകളിലാണ് എം ടി.വി മ്യൂസിക് പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.