നാല് വർഷത്തെ കാത്തിരിപ്പിന് വിട! 14 ട്രാക്കുകളുള്ള ആൽബവുമായി ബി.ടി.എസ് തിരിച്ചെത്തുന്നു

14 ട്രാക്കുകളുള്ള ആൽബവുമായി കെ-പോപ്പ് മെഗാ ബാൻഡ് ബി.ടി.എസിന്‍റെ സമ്പൂർണ തിരിച്ചുവരവ് പ്രഖ്യാപിച്ച് ബിഗ്‌ഹിറ്റ് മ്യൂസിക് (ബി.ടി.എസ് ഏജൻസി). സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷമുള്ള സംഘത്തിന്‍റെ ആദ്യ ആൽബമാണിത്. മൂന്ന് വർഷവും ഒമ്പത് മാസവും നീണ്ട കാത്തിരിപ്പിന് ശേഷം മാർച്ച് 20 ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരിച്ചുവരവ് നടത്തുന്നുവെന്നാണ് പ്രഖ്യാപനം.

ആർ‌.എം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക്ക് എന്നീ ഏഴ് അംഗങ്ങളും നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി. ഇവരുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് മാർച്ചിൽ പുറത്തിറങ്ങുന്നത്. ഇതോടെ പോപ് സംഗീതലോകത്ത് പുതു അധ്യായം സൃഷ്ടിക്കുകയാണ് ബി.ടി.എസ്. ഈ പ്രോജക്റ്റ് വളരെ വ്യക്തിപരമാണെന്നും ആരാധകരെ മനസ്സിൽ കണ്ടുകൊണ്ടാണ് സൃഷ്ടിച്ചതെന്നും ബി.ടി.എസ് അറിയിച്ചു.

ബി.ടി.എസ് ലോകപര്യടനത്തിന്‍റെ സൂചനയും അധികൃതർ പങ്കുവെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ജനുവരി 14ന് പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനത്തോടൊപ്പം, പുതുവത്സര പോസ്റ്റ്കാർഡുകളിലും ഔദ്യോഗിക സൈറ്റിലും മൂന്ന് ചുവന്ന വൃത്തങ്ങൾ ഉൾക്കൊള്ളുന്ന പുതുക്കിയ ബ്രാൻഡ് ഡിസൈനും പങ്കുവെച്ചിരുന്നു.

ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബി.ടി.എസ്. 'ബാംഗ്താൻ സോണ്യോന്ദാൻ' എന്നതിന്റെ ചുരുക്കരൂപമാണിത്. 2013-ൽ ബിഗ് ഹിറ്റ് എന്റർടൈൻമെന്റിന് കീഴിലാണ് ഈ സംഘം അരങ്ങേറ്റം കുറിച്ചത്. ​ബി.ടി.എസിന്റെ പാട്ടുകൾ കേവലം വിനോദത്തിന് അപ്പുറം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ സംസാരിക്കുന്നവയാണ്. തങ്ങളെത്തന്നെ സ്നേഹിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ പാട്ടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ലോകത്തോട് പറയുന്നു.

വിഷാദം, ഏകാന്തത, കൗമാരക്കാരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം അവരുടെ വരികളിൽ കടന്നുവരാറുണ്ട്. കൊറിയൻ ഭാഷയിലാണെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ വൈകാരികമായി സ്വാധീനിക്കാൻ ബി.ടി.എസിന്‍റെ പാട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഗ്രാമി അവാർഡ് നോമിനേഷൻ ലഭിച്ച ആദ്യ കെ-പോപ്പ് ബാൻഡ് എന്ന ഖ്യാതിയും നേടി. ​​യു.എൻ ജനറൽ അസംബ്ലിയിൽ സംസാരിക്കാൻ അവസരവും ലഭിച്ചു. ഡൈനാമൈറ്റ്, ബട്ടർ, പെർമിഷൻ ടു ഡാൻസ് തുടങ്ങി നിരവധി ഗാനങ്ങൾ ​ബിൽബോർഡ് ചാർട്ടുകളിൽ ഒന്നാമതെത്തിയിട്ടുണ്ട്.

Tags:    
News Summary - BTS CONFIRMS Comeback Album With 14 Songs After 4 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.