മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ' ഡിസംബർ 25-ന് ആഗോള റിലീസ് ചെയ്യും. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. 'അപ്പ' എന്ന ടൈറ്റിലോടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്. സാം സി.എസ്. ഈണം നൽകിയ ഗാനത്തിന്റെ മലയാളം വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്. മധു ബാലകൃഷ്ണൻ ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത്.
അച്ഛനും മകനും തമ്മിലുള്ള ശക്തവും വൈകാരികവുമായ ബന്ധത്തിൽ വേരൂന്നിയതാണ് ചിത്രമെന്നും 'അപ്പ' എന്ന ഗാനം കഥയുടെ ഹൃദയമിടിപ്പ് കൃത്യമായി പ്രതിഫലിപ്പിക്കുകയും പ്രേക്ഷകർക്ക് സിനിമ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിൻ്റെ യഥാർഥ ബോധം നൽകുകയും ചെയ്യുന്നുവെന്നും സംവിധായകൻ വിശദീകരിച്ചു. മോഹൻലാലിന്റെ പ്രകടനം സംഗീതം സൃഷ്ടിക്കുന്നതിൽ തനിക്ക് പ്രചോദനമായെന്നും സംഗീത സംവിധായകൻ സാം സി.എസ്. കൂട്ടിച്ചേർത്തു. ആക്ഷൻ, വൈകാരികത, പ്രതികാരം, പ്രണയം എന്നിവ കോർത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. രണ്ടു വ്യത്യസ്ത ഭാവങ്ങളിൽ മോഹൻലാൽ ചിത്രത്തിൽ എത്തുന്നുണ്ട്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും പുതിയകാലത്തെ എക്‌സിക്യൂട്ടീവ് ലുക്കിലും മോഹൻലാൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗംഭീര ആക്ഷൻ രംഗങ്ങളുള്ള ടീസർ മികച്ച പ്രതികരണമാണ് നേടിയത്.
ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ വിജയ് പ്രകാശ് ആണ് ഗാനം ആലപിച്ചത്. കല്യാൺ ചക്രവർത്തി ത്രിപുരനേനി (തെലുങ്ക്), കാർത്തിക് കുഷ് (ഹിന്ദി), നാഗാർജുൻ ശർമ്മ (കന്നഡ) എന്നിവരാണ് മറ്റു ഭാഷകളിൽ വരികൾ എഴുതിയിരിക്കുന്നത്. ടി-സീരീസ് ആണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയത്.
മികച്ച താരനിരകൊണ്ടും സാങ്കേതിക മികവുകൊണ്ടും പ്രേക്ഷകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് ചിത്രം. സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എസ്.ആർ.കെ., ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചത്. തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ ഭാഷകളിൽ കൂടി ഡിസംബർ 25-ന് റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയ്ലർ ഉൾപ്പെടെയുള്ളവ വൈകാതെ പുറത്തുവരും.
കന്നഡ സംവിധായകൻ നന്ദ കിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.