‘രാമായണ’ത്തിലെ എ.ആർ. റഹ്മാന്‍റെ ഗാനം വിവാദത്തിൽ; ഖവ്വാലി ശൈലിയെന്ന് ഹിന്ദുത്വ സൈബർ ഹാൻഡിലുകൾ
മുംബൈ: നിതീഷ് തിവാരി ചിത്രം 'രാമായണ'ത്തിലെ പുതിയ ഗാനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ വിവാദം. പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ഈണം പകർന്ന് ശ്രേയ ഘോഷാലും അർജിത് സിങ്ങും ചേർന്ന് ആലപിച്ച 'മംഗൾ രംഗ്' എന്ന ഗാനമാണ് തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.
സൂഫി, ഖവ്വാലി ശൈലികളോട് സാദൃശ്യമുള്ളതാണ് പാട്ടിന്റെ സംഗീതമെന്നാണ് പ്രധാന വിമർശനം. ഹൈന്ദവ ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലെ ഭക്തിഗാനത്തിന് ഖവ്വാലിക്ക് സമാനമായ സംഗീത ശൈലി നൽകിയത് ഉചിതമായില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ ഹിന്ദുത്വ സൈബർ ഹാൻഡിലുകൾ.
"പ്രസിദ്ധമായ 'ആജ് രംഗ് ഹൈ' എന്ന ഖവ്വാലിയെ ഓർമിപ്പിക്കുന്ന രീതിയിലാണ് 'മംഗൾ രംഗ്' ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രധാന വിമർശനം. റഹ്മാന്റെ തന്നെ പ്രശസ്തമായ 'കുൻ ഫയാ കുൻ' എന്ന സൂഫി ഗാനത്തിന്റെ ഘടനയോട് ഇതിന് സാമ്യമുണ്ടെന്നും ശ്രീരാമന്റെയും സീതാദേവിയുടെയും കഥ പറയുന്ന ചിത്രത്തിൽ ഇത്തരമൊരു സംഗീത ശൈലി ചേരുന്നില്ലെന്നും വിമർശനമുയരുന്നു.
അതേസമയം, വിമർശനങ്ങളെ തള്ളി റഹ്മാൻ ആരാധകരും വിവിധ സിനിമാ സംഗീത പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. തബലയും ധോലക്കും ഹാർമോണിയവും ആലാപകർ കൈയടിച്ച് പാടുന്നതുമാണ് ഖവ്വാലിയുടെ രീതിയെന്നും ഈ പാട്ടിൽ ശാസ്ത്രീയ സംഗീതത്തിന്റെ സരിഗമപ (സർഗം) പ്രയോഗങ്ങളാണ് ഉള്ളതെന്നും അതിനാൽ ഇതിനെ ഖവ്വാലിയെന്ന് വിളിക്കാനാകില്ലെന്നും ആരാധകർ കുറിച്ചു.
ഡോ. കുമാർ വിശ്വാസ് വരികളെഴുതിയ ഈ ഗാനം 'രാവണ താണ്ഡവം', 'ജയ് ജയ് റാം' എന്നീ ഗാനങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന മൂന്നാമത്തെ പാട്ടാണ്. മുൻപ് 'രാവണ താണ്ഡവം' എന്ന ഗാനത്തിനെതിരെയും സമാനമായ വിമർശനങ്ങൾ ഉയർന്നപ്പോൾ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് റഹ്മാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രാവണൻ) എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ അഡ്വാൻസ് ബുക്കിങ്ങിൽ വൻ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.