അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; 'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

അനുമതിയില്ലാതെ തന്‍റെ ഗാനം ഉപയോഗിച്ചതിനെതിരെ വീണ്ടും പരാതിയുമായി മുതിർന്ന സംഗീത സംവിധായകൻ ഇളയരാജ. പ്രദീപ് രംഗനാഥൻ നായകനായ ഏറ്റവും പുതിയ ചിത്രം 'ഡ്യൂഡി'ന്‍റെ നിർമാതക്കളായ മൈത്രി മൂവി മേക്കേഴ്സിനെതിരെയാണ് ഇളയരാജ പരാതി നൽകിയത്. ഭാരതിരാജ സംവിധാനം ചെയ്ത 'പുതു നെല്ലു പുതു നാട്' (1991) എന്ന സിനിമയിലെ 'കറുത്തമച്ചാ' എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് ഇളയരാജയുടെ പരാതി.

കീർത്തിശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രദീപ് രംഗനാഥനും മമിത ബൈജുവും അഭിനയിക്കുന്ന ഒരു വിവാഹ ചടങ്ങിലെ നൃത്തരംഗത്തിലാണ് ഗാനം ഉപയോഗിച്ചിരിക്കുന്നത്. ബോക്സ് ഓഫിസിൽ അഞ്ചാം ദിവസം 'ഡ്യൂഡ്' ആഭ്യന്തര വിപണിയിൽ നിന്ന് 50 കോടി രൂപ കലക്ഷൻ നേടി. 'ഡ്യൂഡി'ൽ തന്റെ ഗാനം നിയമവിരുദ്ധമായി ഉപയോഗിച്ചതിന് ഇളയരാജ സോണി മ്യൂസിക് എന്റർടൈൻമെന്റ് ഇന്ത്യ, എക്കോ റെക്കോർഡിങ് കമ്പനി, ഓറിയന്റൽ റെക്കോർഡ്സ് എന്നിവക്കെതിരെ കേസ് ഫയൽ ചെയ്തു.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, മദ്രാസ് ഹൈകോടതിയിൽ ജഡ്ജി എൻ. സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന വാദം കേൾക്കലിൽ കേസിൽ ബന്ധപ്പെട്ട ഇരു കക്ഷികളുടെയും വാദം കേട്ടു. സോണി ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും തിയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയിൽ നിർമാതാക്കൾ ഇപ്പോഴും ഗാനം ഉപയോഗിക്കുന്നുണ്ടെന്നും ഇളയരാജയുടെ സംഘം വാദിച്ചു. ഡ്യൂഡിന്റെ നിർമാതാക്കൾക്കെതിരായ നിയമപോരാട്ടം തുടരാൻ ഇളയരാജക്ക് അനുമതി നൽകികൊണ്ട് അടുത്ത മാസം 19ന് വാദം കേൾക്കാൻ തീരുമാനിച്ചു.

അജിത് കുമാർ നായകനായ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലെ തന്റെ ഗാനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. ആ ചിത്രവും മൈത്രി മൂവി മേക്കേഴ്‌സിന്‍റേതായിരുന്നു. ഇളയരാജയുടെ പരാതിയെ തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് പിൻവലിക്കുകയും ഗാനങ്ങൾ ഒഴിവാക്കിയ ശേഷം വീണ്ടും സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു. 

Tags:    
News Summary - Ilayaraja sues Dude makers over the use of song ‘Karutha Machan’ in dude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.