മായാത്ത ആ ചിരി, അണയാത്ത സംഗീതം: ബാലഭാസ്കർ വിട പറഞ്ഞിട്ട് ഇന്ന് എട്ട് വർഷം
തിരുവനന്തപുരം: സംഗീത സംവിധായകനും വയലിൻ ആർട്ടിസ്റ്റുമായി മലയാളത്തിന്‍റെ മനസ് നിറച്ച് ബാലഭാസ്കർ വിട പറഞ്ഞിട്ട് ഇന്ന് എട്ട് വർഷം. 2018 സെപ്റ്റംബർ 25ന് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഒക്ടോബർ 2നാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ മകളും മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിയും വാഹനമോടിച്ച ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു.
വയലിൻ സംഗീത ലോകത്ത് പകരം വെക്കാനാവാത്ത കലാകാരനാണ് ബാലഭാസ്കർ. വ്യത്യസ്തമായ വയലിനുകളിൽ വേദികളിൽ നിറഞ്ഞാടിയ ബാലഭാസ്കറിനെ മലയാളം എന്നുമോർക്കും. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കറായിരുന്നു. മംഗല്യപ്പല്ലക്ക് എന്ന സിനിമയിലൂടെ മലയാള സിനിമയിലെ ഏറ്റവുംപ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന പദവിയും അദ്ദേഹം 17ാം വയസിൽ സ്വന്തമാക്കി.
വയലിനിസ്റ്റ് ആയ അമ്മാവൻ ബി.ശശികുമാറിനൊപ്പമാണ് ബാല ഭാസ്കർ 3ാം വയസിൽ സംഗീത ലോകത്തെത്തുന്നത്. യൂനിവേഴ്സിറ്റി കോളജിൽ നിന്ന് സംസ്കൃതത്തിൽ എം.എ ബിരുദം നേടിയ ബാലഭാസ്കർ സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ഇന്ത്യൻ ബാൻഡ് നിർമിച്ച് ഫ്യൂഷൻ രംഗത്ത് ചുവടുറപ്പിച്ചു.
പ്രേക്ഷക മനസിലിടം പിടിച്ച ഈസ്റ്റ് കോസ്റ്റ് വിയജന്‍റെ ആൽബങ്ങളിൽ ബാല ഭാസ്കർ സംഗീതം നല്‍കിയ നിനക്കായ് തോഴി പുനർജനിക്കാം, ഒന്നിനുമല്ലാതെ തുടങ്ങിയ ഗാനങ്ങൾ ഇന്ന് മലയാളികൾക്ക് നിറകണ്ണുകളോടെയല്ലാതെ കേട്ടു തീർക്കാൻ കഴിയില്ല. പാഞ്ച ജന്യം, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്കും വേണ്ടിയും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.