അംശം ഗാനത്തിൽ നിന്നും
അക്സോമാനിയാക്കിന്റെ മലയാള ഗാനമായ ‘അംശം’ ഗ്ലോബൽ വൈറൽ ചാർട്ടിൽ 4-ാം സ്ഥാനത്തെത്തി. ഇംഗ്ലീഷല്ലാത്ത ഒരു ഇന്ത്യൻ ഭാഷ ഗാനം ലോകവേദിയിൽ ഇത്ര വലിയ മുന്നേറ്റം നേടുന്നത് അപൂർവവും ശ്രദ്ധേയവുമാണ്. ഈ ഗാനത്തിന്റെ വേഗത്തിലുള്ള ഉയർച്ച ആഗോള സംഗീത ആസ്വാധനത്തിൽ നടക്കുന്ന വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു. പ്രാദേശിക ഇന്ത്യൻ സംഗീതം അന്താരാഷ്ട്ര ശ്രോതാക്കൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്. ആഗോള വിജയം കൂടാതെ, ‘അംശം’ ഇന്ത്യയിലും മറ്റ് പ്രധാന വിപണികളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. വൈറൽ സോങ്സ് ഇന്ത്യയിൽ 4, ടോപ്പ് സോങ്സ് ഇന്ത്യയിൽ 70, യു.എ.ഇയിൽ ടോപ്പ് 10 ലിസ്റ്റിൽ 4, എന്നിങ്ങനെ മികച്ച സ്ഥാനങ്ങളാണ് ഗാനത്തിന് ലഭിച്ചത്.
ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വിഡിയോ പുറത്തിറങ്ങി വെറും മൂന്ന് ആഴ്ചക്കുള്ളിൽ തന്നെ 4.1 മില്യൺ വ്യൂസ് കടന്നു. ഇത് പ്രേക്ഷകശ്രദ്ധ മാത്രം അല്ല, ലോകമെമ്പാടുമുള്ള ശ്രോതാക്കൾ ഗാനം ആവർത്തിച്ച് കേൾക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ്.
ഡെഫ് ജാം റെക്കോർഡിങ്സ് ഇന്ത്യയും റിയൽ തിങ് റെക്കോർഡ്സ് (ആർ.ടി.ആർ)ഉം ചേർന്ന് പുറത്തിറക്കിയ ‘അംശം’, പ്രാദേശിക സാംസ്കാരിക പശ്ചാത്തലവും ഗ്ലോബൽ ആക്‌സസിബിൾ ശബ്ദവും കൂടിചേർന്നുള്ളതാണ്. മൻമഥന്റെ പുരാണകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും മലയാള ചിത്രമായ ‘ഞാൻ ഗന്ധർവൻ’ ന്റെ സ്വാധീനത്തോടെയും ഈ ഗാനം പ്രണയം, ആകാംക്ഷ, നശ്വരത തുടങ്ങിയ വിഷയങ്ങളെ അവതരിപ്പിക്കുന്നു. ആർ & ബി, ഹിപ്പ് ഹോപ്പ്, ക്ലാസിക്കൽ ഘടകങ്ങൾ എന്നിവയുടെ മിശ്രണത്തിലൂടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.
'അംശം പോലെ രണ്ട് വ്യത്യസ്ത ഭാഗങ്ങളുള്ള ഒരു പാട്ട് ഇത്ര ദൂരം മുന്നോട്ട് പോകും എന്ന് ഞാൻ കരുതിയില്ല. എന്റെ പങ്കാളിയോട് ഒരു തമാശയായി തുടങ്ങിയ ഈ ഗാനം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ ഒരു സ്ഥാനം കണ്ടെത്തി. ഇത് എന്റെ വർക്കിലും എനിക്ക് ഒപ്പം പ്രവർത്തിക്കുന്നവരിലും ഉള്ള വിശ്വാസം കൂടുതൽ ശക്തമാക്കി', ആഗോള പ്രതികരണത്തെക്കുറിച്ച് അക്സോമാനിയാക് പറഞ്ഞു.
'എന്റെ വളരെ ശാന്തവും സ്വകാര്യവുമായ ഒരു ഇടത്തിൽ നിന്നാണ് 'അംശം' രൂപപെട്ടത്. തമിഴിലും മലയാളത്തിലും വേരൂന്നി സ്വാഭാവികമായാണ് ഇത് പിറന്നത്, അതൊരു ആസൂത്രിത ശ്രമമല്ലായിരുന്നു. ആ സത്യസന്ധത തന്നെയാണ് ഇതിനെ ആളുകളുമായി ബന്ധിപ്പിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു' ഭൂമി പറയുന്നു.
'ചാർട്ടുകളെക്കാൾ വലിയ ഒരു നിമിഷമാണിത്. ഇത് പ്രതിനിധാനത്തെക്കുറിച്ചാണ്. പ്രാദേശിക ഇന്ത്യൻ സംഗീതം വലിയ രീതിയിൽ ആഗോള വേദികളിലേക്ക് കടക്കുകയാണ്, ‘അംശം’ ആ മാറ്റത്തിന്റെ ഭാഗമാണ്' എം.എച്ച്.ആർ കൂട്ടിച്ചേർത്തു.
ഈ ഗാനത്തിന്റെ വിജയം ഇന്ത്യയിലെ വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള കഥാപരമായ, സത്യസന്ധമായ സംഗീതത്തിനുള്ള ആഗോള ആവശ്യം വർധിക്കുന്നതിന്റെ തെളിവുമാണ്. ദി കൊക്ക-കൊള കമ്പനിയുടെയും ഡെഫ് ജാം റെക്കോർഡിങ്സ് ഇന്ത്യയുടെയും സംഗീത സംരംഭമായ ആർ.ടി.ആർ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇത്തരം പ്രോജക്ടുകൾക്ക് പിന്തുണ നൽകുന്നതോടെ, പ്രാദേശിക സംഗീതം ആഗോള വേദിയിലേക്ക് ഉയരുന്നതിന്റെ വേഗത കൂടുന്നു.
ചാർട്ടുകളിൽ തുടർച്ചയായി ഉയരുകയും കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിൽ, മലയാള സംഗീതത്തിന്റെ നിർണായക നേട്ടവും ഇന്ത്യൻ സ്വതന്ത്ര സംഗീതത്തിന്റെ ആഗോള ഭാവിയെ സൂചിപ്പിക്കുന്ന ശക്തമായ ഉദാഹരണവുമായി ‘അംശം’ മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.