ഹൈദരാബാദ്: ഡെറാഡൂൺ ആസ്ഥാനമായുള്ള പ്രമുഖ റാപ്പർ കർമയുടെ പുതിയ ട്രാക്കായ 'പബ്ലിക് നോട്ടീസ്' തീപ്പൊരി പടർത്തുന്നു. രാജ്യത്തെ സാമൂഹിക വിഷയങ്ങൾ പച്ചയായി തുറന്നുകാട്ടിയ ഗാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. വ്യാജ രാജ്യസ്‌നേഹം, വി.ഐ.പി സംസ്‌കാരം, സ്ത്രീ സുരക്ഷ, തൊഴിലില്ലായ്മ, അഴിമതി, മതപരമായ അക്രമങ്ങൾ എന്നിങ്ങനെയുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളാണ് ഗാനത്തിലൂടെ കർമ ഉന്നയിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാത്രം സോഷ്യൽ മീഡിയയിൽ പതാക ഉയർത്തുകയും ബാക്കി ദിവസങ്ങളിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്നവരുടെ പൊള്ളത്തരത്തെ ഗാനം പരിഹസിക്കുന്നുണ്ട്. ദൈവത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെയും ആംബുലൻസുകൾ പോലും തടഞ്ഞുനിർത്തുന്ന വി.ഐ.പി സംസ്‌കാരത്തെയും കർമ രൂക്ഷമായി വിമർശിക്കുന്നു. നീതിക്ക് വേണ്ടി പോരാടുന്നതിന് പകരം പാട്ടിലെ വരികൾക്ക് പിന്നാലെ കൂടുന്നവരുടെ ഇരട്ടത്താപ്പും റാപ്പർ ചോദ്യം ചെയ്യുന്നു.
ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ കർമയ്ക്കെതിരെ 'രാജ്യവിരുദ്ധൻ' എന്ന ചാപ്പകുത്തലുമായി നിരവധി പേർ രംഗത്തെത്തി. ഡി.എമ്മിലൂടെയും സോഷ്യൽ മീഡിയ കമന്റുകളിലൂടെയും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി കർമ വെളിപ്പെടുത്തി. എന്നാൽ, താൻ ആരെയും ഭയപ്പെടുന്നില്ലെന്നും തന്റെ രാജ്യസ്‌നേഹം ആർക്കും മുന്നിൽ തെളിയിക്കേണ്ടതില്ലെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു. "ഗാനം കേൾക്കുക, മനസ്സിലായില്ലെങ്കിൽ വീണ്ടും കേൾക്കുക" എന്നാണ് വിമർശകർക്ക് അദ്ദേഹം നൽകിയ മറുപടി.
അതേസമയം, കർമയ്ക്ക് പിന്തുണയുമായും വലിയൊരു വിഭാഗം ആരാധകർ രംഗത്തുണ്ട്. ഭൂരിഭാഗവും പറയാൻ മടിക്കുന്ന സത്യങ്ങളാണ് കർമ വിളിച്ചുപറഞ്ഞതെന്നും അദ്ദേഹത്തിന്റേതായി പുറത്തുവന്നതിൽ വെച്ച് ഏറ്റവും മികച്ച വർക്കുകളിൽ ഒന്നാണ് ഇതെന്നുമാണ് പിന്തുണയ്ക്കുന്നവരുടെ പക്ഷം. വിവാദങ്ങൾക്കിടയിലും കർമയുടെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.