ഭയത്തിൽനിന്ന് അനശ്വര യുഗ്മ ഗാനങ്ങളിലേക്ക്... ആശ ഭോസ്ലെ -കിഷോർ കുമാർ സൗഹൃദത്തിന്റെ കഥ

ഹിന്ദി ചലച്ചിത്ര സംഗീതത്തിലെ അനശ്വര കൂട്ടുകെട്ടുകളിലൊന്നായിരുന്നു ആശ ഭോസ്ലെയുടെയും കിഷോർ കുമാറിന്റെയും. ഇവരുടെ ​സംഗീതം മാത്രമല്ല, സൗഹൃദവും അതുല്യമായിരുന്നു. എക്കാലത്തെയും അവിസ്മരണീയമായ യുഗ്മ ഗാനങ്ങളായിരുന്നു ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. എന്നാൽ അത്ര ‘ഹൃദ്യമായല്ല’ ആ ബന്ധത്തിന്റെ തുടക്കം.

എല്ലാവരേയും പരിഹസിക്കുന്ന, കളിയാക്കുന്ന കിഷോർ കുമാറിന്റെ വ്യക്തിത്വം തന്നെ ആദ്യം ഭയപ്പെടുത്തിയിരുന്നതായി ഒരിക്കൽ ആശാ ഭോസ്ലെ വെളിപ്പെടുത്തിയിരുന്നു. എനിക്ക് ഭയമായിരുന്നു, കാരണം അദ്ദേഹം എപ്പോഴും എന്നെ കളിയാക്കുമായിരുന്നുവെന്നായിരുന്നു ആശയുടെ വാക്കുകൾ. അതിനുപിന്നിൽ രസകരമായ ഒരു കഥയും ആശ പങ്കുവെക്കുമായിരുന്നു. ആദ്യകാല റെക്കോർഡിങ്ങിനിടെ ആശ മറാത്തി ശൈലിയിൽ ഒരു വാക്ക് ഉച്ഛരിച്ചു. കിഷോർ കുമാർ ഉടൻ തന്നെ അതൊരു തമാശയാക്കി മാറ്റി, ആവർത്തിച്ച് കളിയാക്കുകയും ചെയ്തു.

‘കിഷോർ കുമാർ മറ്റുള്ളവരുമായി കൂട്ടുകൂടുകയും എന്നെ കളിയാക്കുകയും ചെയ്യുമായിരുന്നു’ -ആശ പറയുന്നതിങ്ങനെ. കിഷോറിന്റെ കുസൃതികൾ ആദ്യകാലത്ത് തന്നെ അസ്വസ്ഥയാക്കുമായിരുന്നുവെന്നും ആശ തുറന്നുപറഞ്ഞിരുന്നു. ആ അസ്വസ്ഥതയിൽ നിന്നായിരുന്നു അവരുടെ സൗഹൃദത്തിന്റെ തുടക്കം. കിഷോർ കുമാറിന്റെ കളിയാക്കലുകൾക്ക് ആശയും തിരിച്ചുപറയാൻ തുടങ്ങി. കൊടുത്തും വാങ്ങിയും അവർ സൗഹൃദം പുതുക്കികൊണ്ടിരുന്നു. ഒടുവിൽ കളിയാക്കൽ പരസ്പര ബഹുമാനത്തിലേക്കും ചിരിയിലേക്കും ഒടുവിൽ ആഴത്തിലുള്ള സംഗീത കൂട്ടുകെട്ടിലേക്കും വഴിമാറി. സംഗീതത്തിന്റെ ഒരു കാലഘട്ടത്തെ അവരുടെ സുഹൃദ്ബന്ധത്തിലൂടെ വരച്ചിട്ടു.

വിജയത്തിൽ മാത്രം പടുത്തുയർത്തിയതല്ലായിരുന്നു അവരുടെ സംഗീത ജീവിതത്തിലെ പോരാട്ടം. കരിയറിന്റെ തുടക്കത്തിൽ ഇരുവരെയും നിരവധി തവണ പല റെക്കോർഡിങ്ങുകളിൽനിന്നും ഒഴിവാക്കിയിരുന്നു. ഇരുവരുടെയും ശബ്ദം തന്നെയായിരുന്നു അവരുടെ വെല്ലുവിളിയും.

വെല്ലുവിളികളെ അതിജീവിച്ച ഇരുവരും ബോളിവുഡ് സംഗീതത്തിന്റെ സുപ്രധാന ഏടുകളിലൊന്നായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. വർഷ​ങ്ങളോളം ആശാ ഭോസ്‌ലെയും കിഷോർ കുമാറും എണ്ണമറ്റ യുഗ്മഗാനങ്ങൾ ആലപിച്ചു. ഇന്നും കാലാതീതമായി നിൽക്കുന്ന ഗാനങ്ങൾ.

പ്രണയഗാനങ്ങൾ മുതൽ ഹൃദയത്തെ തൊടുന്ന ഈണങ്ങൾ വരെ അവരിരുവരുടെയും ശബ്ദത്തിൽ പിറന്നു. ഒന്നിനെ മാറ്റിനിർത്താൻ കഴിയാത്തവിധം ആ ശബ്ദങ്ങൾ അത്രമേൽ ഇഴുകിചേർന്നിരുന്നു.

മൈക്കിന് പുറത്തും അവരുടെ രസതന്ത്രം നിറഞ്ഞു. അത് പലപ്പോഴും റെക്കോർഡിങ് സെഷനുകളെ പ്രവചനാതീതവും അവിസ്മരണീയവുമാക്കി.

കിഷോർ കുമാറിനൊപ്പം പ്രവർത്തിക്കുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും, ഏറ്റവും ഗൗരവമേറിയ നിമിഷങ്ങളെപ്പോലും അദ്ദേഹം രസകരമായി മാറ്റുമെന്നും ആശ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സംഗീതത്തിനപ്പുറം കിഷോർ കുമാറിന് ആശാ ഭോസ്‌ലെ ഒരു ഇളയ സഹോദരിയെപ്പോലെയായിരുന്നു. ഒരു പ്രഫഷനൽ ബന്ധം മാത്രമായിരുന്നില്ല, അതിലും ഉയരത്തിലുള്ള മ​റ്റൊന്ന്... നർമ്മം, സഹിഷ്ണുത, വാത്സല്യം എന്നിവയിൽ കെട്ടിപ്പടുത്ത ഒരു അതുല്യ ബന്ധം.

ഇന്ന്, ആശാ ഭോസ്ലെയെ അനുസ്മരിക്കുമ്പോൾ അതിനൊപ്പം കാതിൽ ഒഴുകിയെത്തുന്നവയിൽ അധികവും കിഷോർ കുമാറിനൊപ്പം തീർത്ത സംഗീതത്തിലെ മാന്ത്രികതയായിരിക്കും. ഒരു കാലഘട്ടത്തിന്റെ ഓർമകളായിരിക്കും ഒപ്പം ഭയം ചെറുത്തുനിർപ്പായതിന്റെയും, പുഞ്ചിരിയായതിന്റെയും അതുല്യ സുഹൃദ്ബന്ധമായതിന്റെയും പടവുകളായിരിക്കും.

Tags:    
News Summary - Asha Bhosle And Kishore Kumars Friendship From Fear To Iconic Duets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.