മണ്ണിനെപ്പറ്റിയും മണ്ണിൽ വിത്തും വിയർപ്പും വിതക്കുന്ന മനുഷ്യനെപ്പറ്റിയും ഏറ്റവുമധികം ഗാനങ്ങൾ എഴുതിയ കവി, വയലാർ രാമവർമ. ‘കവിതക്ക് നഷ്ടപ്പെട്ടതെന്തോ അത് ഗാനത്തിന് നേട്ടമായിത്തീർന്നു. ഗാനങ്ങളെ വയലാർ കവിതകളാക്കി മാറ്റി. ശബ്ദസൗകുമാര്യവും ആശയസൗന്ദര്യവും എല്ലാം അവയിൽ അദ്ദേഹം നിറച്ചു.
വയലാറിനെ കേരളത്തിലെ ഏറ്റവും ജനപ്രിയ കവിയാക്കിയത് ഒരുപക്ഷേ, കവിതകളെക്കാളേറെ അദ്ദേഹത്തിന്റെ ഗാനങ്ങളായിരുന്നു.’ എൻ.വിയുടേതായിരുന്നു ആ വാക്കുകൾ. ഈ അഭിപ്രായത്തെ സാധൂകരിക്കുന്ന രീതിയിൽ സാധാരണക്കാരുടെ വികാരങ്ങൾ ഉൾക്കൊള്ളാനും അവക്ക് സംഗീതസാന്ദ്രമായ രൂപംനൽകാനുമായി വയലാർ തന്റെ ഗാനങ്ങളെ ഉപയോഗിച്ചു. ആത്മതേജസ്സുള്ള മനുഷ്യന്റെ വൈകാരികാനുഭൂതികളെ വയലാർ അദ്ദേഹത്തിന്റെ പാട്ടുകളിൽ അഗാധമാക്കി.
വയലാർ രാമവർമയും കുടുംബവും
സ്വന്തം കാര്യങ്ങൾ തീരുമാനിക്കുകയും ലോകത്തെ സ്വന്തം ഭാഷയിലും ഭാവനയിലും ഉരുക്കിവാർത്തെടുക്കുകയും ചെയ്യുന്ന ആത്മവീറുള്ള മനുഷ്യൻ വയലാർ ഗാനങ്ങളിൽ എക്കാലവും ഉണർന്നുനിൽക്കുന്നു. ദേശസ്നേഹം, ദേശീയത, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള വൈകാരികാനുഭൂതികളെ വയലാർ, പാട്ടിന്റെ അകത്തളങ്ങളിൽ മനുഷ്യബന്ധിതമായി പ്രകാശിപ്പിച്ച ശ്രദ്ധേയമായ ഒരു പാട്ടായിരുന്നു
‘ഈ യാഗശാല തകർക്കാനെത്തും
സായുധപാണികളേ
കൈയിലുയർത്തിയ ഗാണ്ഡീവവുമായ്
വരുന്നു ഭാരതപൗരൻ’ (ഹോട്ടൽ ഹൈറേഞ്ച്),
‘പ്രകൃതിയെ രക്തത്തൊടുകുറി ചാർത്തിയ തൊഴിലാളി’ (ഇങ്ക്വിലാബ് സിന്ദാബാദ്) എന്ന പാട്ട് തൊഴിലാളി എന്ന മനുഷ്യന്റെ വീരഗാഥയായി മാറുന്നു. പുതിയൊരു മനുഷ്യന്റെ ഉയിർപ്പാണ് ഈ പാട്ടിലേക്ക് കയറാനുള്ള തളപ്പ്.
‘കാലത്തിൻ കൈനഖക്കല പതിയാത്തൊരു
കവിതയുണ്ടോ വിശ്വകവിതയുണ്ടോ
മനുഷ്യന്റെ സങ്കൽപഗന്ധമില്ലാത്തൊരു
മന്ത്രമുണ്ടോ വേദമന്ത്രമുണ്ടോ’
ഈ പാട്ടിൽ ലോകശിൽപിയായി മാറുന്ന ഒരു മനുഷ്യനെയാണ് നാമറിയുന്നത്.
‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ട് യാഥാർഥ്യബോധത്തെ അഴിച്ചുപണിയുന്ന ഒന്നാണ്. അധികാരത്തിന്റെയും ആധിപത്യത്തിന്റെയും ആത്മബലമുള്ള കേന്ദ്രസ്ഥാനത്തുനിന്ന് ദൈവത്തിനെ മനുഷ്യർ പുറത്താക്കുകയാണ്. മനുഷ്യൻ എക്കാലത്തെയും വലിയ സ്രഷ്ടാവാകുന്നു. മതങ്ങൾക്ക് മനുഷ്യന് മേലുള്ള അധീശത്വത്തെ വയലാർ ഈ പാട്ടിൽ വിമർശനാത്മകമായി സമീപിക്കുന്നു. ഇവിടെ ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളാകുന്നു. തെരുവിൽ മരിക്കുന്ന മനുഷ്യനെക്കണ്ട് ചിരിക്കുന്ന മതങ്ങളെ വയലാർ, പാട്ടിന്റെ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കുകയായിരുന്നു.
ലോകത്തെ മുഴുവനും മനുഷ്യൻ ഇച്ഛാനുസരണം മാറ്റിത്തീർക്കുകയാണ്. അധൃഷ്യനായ ഈ മനുഷ്യന്റെ ആത്മകഥകളും ആത്മഗീതികളുമാണ് പാട്ടിൽ കാൽപനികതയുടെ അനുഭൂതിയായി താനേ പരിവർത്തിക്കുന്നത്. മതങ്ങളുടെ നിഗൂഢവും നിശ്ചേതനവുമായ ലോകങ്ങൾക്കുമപ്പുറം മനുഷ്യസാധ്യതകളുടെ ഒരു ചരിത്രം ഉണർന്നുവരുന്നുണ്ട്. ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ടിൽ ഈ ലോകവും അതിലെ സമസ്തവും മനുഷ്യനിർമിതമാണെന്ന വിളംബരമാണ്. ദൈവകേന്ദ്രിതമായൊരു ലോകത്തിന്റെ പൊളിഞ്ഞുവീഴൽ അവിടെ സംഭവിക്കുന്നു.
മനുഷ്യൻ എന്ന ലോകശിൽപി
മനുഷ്യന്റെ ഇച്ഛാശക്തിയും ആർജവവുമെല്ലാമാണ് ഈ പാട്ടിലെ സിരകളിൽ രക്തമായൊഴുകുന്നത്. ഇവിടെ മനുഷ്യൻ ലോകചരിത്രത്തിന്റെ കേന്ദ്രസ്ഥാനത്തെത്തുന്ന വിപ്ലവപ്രവർത്തനം നടത്തുന്നു. എന്നാൽ, മനുഷ്യഭാവനയുടെ ഏതോ തരത്തിലുള്ള ശിഥിലീകരണം വിഷാദാത്മകമായൊരു സന്ദേശം ഇവിടെ പകരുന്നുവെന്ന് കാണാം. ‘ഈ യുഗം കലിയുഗം’ (വാഴ്വേമായം) എന്ന പാട്ടിലെ വയലാർ വരികൾ ഏറെ ശ്രദ്ധേയമാണ്.
‘മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ
മനസ്സിൽ ദൈവം ജനിക്കുന്നു.
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ
തുടങ്ങുമ്പോൾ
മനസ്സിൽ ദൈവം മരിക്കുന്നു.’
മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന ജനായത്തബോധത്തിന്റെ സങ്കൽപശ്രുതികൾ ഈ പാട്ടിലുണ്ട്. കർമത്തിന്റെ സ്നേഹപ്രവാഹങ്ങളിലൂടെയാണ് മനുഷ്യൻ സ്വയം നിർവചിക്കാനൊരുങ്ങുന്നത് എന്ന് വയലാർ. ഇതിൽതന്നെ ‘നിത്യമാം പകലിനെ നയിക്കുന്ന വെളിച്ചമേ നീയും മനുഷ്യനും ഒത്തുചേരും ഒരുനാൾ ഒത്തുചേരും’ എന്ന അനുപല്ലവിയിൽ പ്രപഞ്ചത്തിലെ കർമപരമ്പരകൾ പ്രതിഫലിക്കുന്നുണ്ട്. വെളിച്ചവും മനുഷ്യനും ഒന്നിച്ചുചേരുന്ന ഈ ലോകം തത്ത്വചിന്തയുടെ ചരിത്രമായ ഭാവനയും മനുഷ്യന്റെ അനിഷേധ്യമായ ഇച്ഛാശക്തിയും നെയ്തെടുക്കാനുള്ള സാമൂഹികക്രമമാണ് വിഭാവനം ചെയ്യുന്നത്.
‘ജനിച്ചുപോയി മനുഷ്യനായ് ഞാൻ
എനിക്കുമിവിടെ ജീവിക്കണം
മരിച്ചുചെന്നാൽ സ്വർഗകവാടം
തുറക്കുമത്രേ ദൈവം, പക്ഷേ
പിറന്ന മണ്ണിൽ മനുഷ്യപുത്രന്
നിറഞ്ഞ ദുഃഖം മാത്രം’ (കുറ്റവാളി)
മനുഷ്യന്റെ അനിവാര്യശോകത്തിനടിവരയിടുന്ന വരികൾ കൂടിയാണിത്. ഒരുപക്ഷേ വയലാർ പലതിനോടും കലഹിക്കുകകൂടിയായിരിക്കാം.
‘മനുഷ്യനെ സൃഷ്ടിച്ചതീശ്വരനാണെങ്കിൽ
ഈശ്വരനോടൊരു ചോദ്യം
കണ്ണീർക്കടലിലെ കളിമൺദ്വീപിതു
ഞങ്ങൾക്കെന്തിന് തന്നു.’ (തുലാഭാരം)
ദൈവകേന്ദ്രിതമായ ലോകത്തിന്റെ ചിറകുകൾ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തുന്ന ചോദ്യമാണ് ഈ വരികളിൽ വയലാർ തൊടുത്തുവെക്കുന്നത്. ദുഃഖക്കടലിൽ എറിയുവാൻ തക്ക ശിക്ഷ തങ്ങൾക്കെന്തിന് വിധിച്ചുവെന്ന് ചെകുത്താനോടൊരു ചോദ്യമുന്നയിച്ചാണ് വയലാർ ഈ പാട്ട് അവസാനിപ്പിക്കുന്നത്. മതാധികാരത്തിന്റെ ആശയസംഹിതകളെ ഈ ഗാനം പിറകോട്ടടിക്കുന്നു. യുക്തിബോധം, സമത്വചിന്ത, സ്വാതന്ത്ര്യദാഹം എന്നിങ്ങനെയുള്ള നവോത്ഥാനഭൂമികകൾ പങ്കുവെക്കുന്ന മണ്ണും വിണ്ണും തന്നെയാണ് ഈ പാട്ടുകളിലെല്ലാം പ്രകടമാവുന്നത്. ഇവിടെ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ചേർച്ചക്കുറവും ജനനമരണങ്ങൾ തമ്മിലുള്ള സംവാദോന്മുഖമായ ആഭിമുഖ്യവും സാന്ദ്രമാകുന്നു.
വയലാർ പാട്ടിലെ മറ്റൊരു മനുഷ്യാനുഭവമിതാ-
‘പ്രകാശഗോപുരവാതിൽ തുറന്നു
പണ്ടു മനുഷ്യൻ വന്നു
വിശ്വപ്രകൃതി വെറും കൈയോടെ വിരുന്നു നൽകാൻ നിന്നു.’ വിൈശ്വകശിൽപിയായ മനുഷ്യന്റെ അജയ്യതയെ വാഴ്ത്തിപ്പാടുന്ന പാട്ടാണിത്. ദൈവത്തിനുപോലും പരാജിതഭീതിയുണർത്തുംവിധം വളരുന്ന മനുഷ്യനെ പാട്ടിൽ അവരോധിച്ചിരിക്കുകയാണ് വയലാർ. ചുരുക്കത്തിൽ വർഗബോധം, ദേശീയത, മനുഷ്യപ്രയത്ന മഹിമ എന്നിങ്ങനെ ഈ പാട്ടുകളിൽ മാനവിക ചേതനയുടെ നിരവധി മുഖങ്ങൾ കാണാൻ കഴിയും.
‘അന്നു മനുഷ്യൻ തീർത്തു ഭൂമിയിലാ-
യിരമത്ഭുത ശിൽപങ്ങൾ
അളകാപുരികൾ മഥുരാപുരികൾ
കലയുടെ അമരാവതികൾ’
ചരണത്തിലെത്തുമ്പോഴേക്കും മനുഷ്യൻ പാട്ടിൽ തന്റെ നില ഉറപ്പിച്ചുകഴിയുകയാണ്. മനുഷ്യനിലുള്ള വിശ്വാസത്തിന്റെ ചരടുകൾകൊണ്ടാണ് വയലാർ ഈ പാട്ട് ബന്ധിച്ചിട്ടുള്ളത്.
‘മണ്ണിലെ ജീവിതവനികളിൽ മുഴുവൻ
പൊന്നുവിളഞ്ഞതു കാൺകെ
സൂര്യൻ കോപംകൊണ്ടു
ജ്വലിച്ചു ശുക്രന് കോപം വന്നു
ഭൂമിയെവന്നു വലംവെച്ചൊരു
നാൾ പൂന്തിങ്കൾക്കലപാടി
പറഞ്ഞയക്കു ദേവി-
മനുഷ്യനായൊരിക്കലിവിടെക്കൂടി’
മനുഷ്യനെ സംബന്ധിച്ച് പുതിയ വ്യവഹാരങ്ങൾ രൂപവത്കരിക്കുന്ന ഒട്ടേറെ ഗാനസന്ദർഭങ്ങളിലെ ലോകബോധം ഒരു പാട്ടിൽ വയലാർ ഇങ്ങനെ എഴുതി.
‘എല്ലാരും പാടത്ത് സ്വർണം വിതച്ചു
ഏനെന്റെ പാടത്ത് സ്വപ്നം വിതച്ചു’
(നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി)
ഇവിടെയും ലോകശിൽപിയായ മനുഷ്യന്റെ ബോധക്രമങ്ങളെ പാട്ടിലൂടെ പിന്തുടരാനാവുന്നുണ്ട്. മനുഷ്യസമത്വം, സ്വാശ്രയപരത, സ്വാതന്ത്ര്യസൗന്ദര്യം എന്നിങ്ങനെയുള്ള മൂല്യപ്രമാണങ്ങളെ ഇങ്ങനെയും വയലാർ ഗാനങ്ങളിൽ വിടരുകയുണ്ടായി. ‘ഒരു നിശ്ചിത കഥാസന്ദർഭത്തിനുവേണ്ടിയാണ് രചിക്കപ്പെടുന്നതെങ്കിലും മൗലികമായി മനുഷ്യാനുഭവങ്ങളുടെ തിളക്കമുള്ള ഗാനങ്ങളായിരുന്നു വയലാറിന്റേത്’ (ഒ.എൻ.വി) എന്ന പ്രസ്താവന ഈ ആശയങ്ങൾക്ക് വേണ്ടത്ര കരുത്തുപകരുന്നുണ്ട്.
മനുഷ്യനും ദൈവവും
മനുഷ്യ-ദൈവ ദ്വന്ദ്വങ്ങൾ പാട്ടിന്റെ പദാന്വയങ്ങളിൽ പങ്കുചേരുന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട് വയലാറിന്റെ പാട്ടുപ്രപഞ്ചത്തിൽ.
‘ഈശ്വരൻ മറ്റൊരു ലോകത്താണെന്ന്
വിശ്വസിക്കുന്നവരേ
വെറുതേ വിശ്വസിക്കുന്നവരേ
ഇവിടെത്തന്നെ ദൈവവും ചെകുത്താനും
ഇവിടെത്തന്നെ രണ്ടും കണ്ടിട്ടുള്ളവരല്ലോ
തെണ്ടികൾ ഞങ്ങൾ’
ഈ പാട്ടിൽ ലോകം നിയന്ത്രിക്കുന്ന മനുഷ്യാവതാരങ്ങളെ തിരഞ്ഞുപിടിക്കാൻ പ്രയാസമില്ല. ദൈവത്തിന്റെ പ്രിയപുത്രനായ മനുഷ്യന്റെ ജീവിതഭാവചിത്രങ്ങൾ പാട്ടിൽ പ്രതിഫലിക്കുന്നത് ഇങ്ങനെയാണ്.
‘ഈശ്വരന്റെ തിരുമൊഴികേട്ടു
കിളി ചിലയ്ക്കും നാദം പോലെ’ (നവവധു)
ഇതാ മനുഷ്യൻ ഇതാ മനുഷ്യൻ ഇവനെന്റെ പ്രിയപുത്രൻ
സ്വർഗത്തിലിരുന്നു മനുഷ്യൻ പറഞ്ഞു
സ്വസ്തി ദൈവമേ സ്വസ്തി
അവൻ സ്വപ്നവൃക്ഷത്തിലെ
കനിപറിച്ചപ്പോൾ സ്വരം മാറി
ദൈവത്തിൻ സ്വരം മാറി’
സാർവ ലൗകികവും പ്രാപഞ്ചികവുമായ ഒരു മിത്തിനെ പാട്ടിൽ വിപുലീകരിക്കുകയായിരുന്നു കവി.
‘ഈശ്വരന്റെ തിരുമൊഴി കേട്ടു
ഇടിമുഴക്കംപോലെ ഇതാ മനുഷ്യൻ
ഇതാ മനുഷ്യൻ
ഇവനെ ഞാൻ കുടിയിറക്കി
നരകത്തിലിരുന്നു
മനുഷ്യൻ പറഞ്ഞു
നന്ദി ദൈവമേ നന്ദി...
അവൻ നിത്യദുഃഖത്തിന്റെ ചുമടെടുത്തപ്പോൾ മിഴിനിറഞ്ഞു
ദൈവത്തിൻ മിഴിനിറഞ്ഞു’
അനന്തമായ ജീവിതയാനത്തെ മായികമായൊരു ദൈവിക സന്ദേശമായി പാട്ടിൽ വായിച്ചെടുക്കാനും വയലാർ ശ്രമം നടത്തിയിരുന്നു.
‘ഇതുവരെ കാണാത്ത ദൈവം നൽകിയ തിരുമുഖച്ഛായയുമായി വെളിച്ചത്തിൽനിന്നുമിരുൾക്കെട്ടിലേക്ക് ഒരു വിടവാങ്ങലല്ലേ ജീവിതം’ എന്ന വരികളിൽ ജീവിതത്തിന്റെ അനിവാര്യതകളെ കവി ഉയർത്തിക്കാണിക്കുന്നു. അതേസമയം, ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരു ദൈവം അമ്മതന്നെയാണെന്ന് വയലാർ പറഞ്ഞുവെക്കുന്നത് ഒരു പാട്ടിലൂടെയാണ്.
‘ആദിയിൽ മാനവും ഭൂമിയും തീർത്തത്
ദൈവമായിരിക്കാം
ആറാം നാളിൽ മനുഷ്യനെ തീർത്തതും
ദൈവമായിരിക്കാം
ആ ദൈവത്തെ പെറ്റുവളർത്തിയതമ്മയല്ലോ അമ്മ’ (ചായം)
ദൈവത്തിന്റെ പ്രതിരൂപമായി മനുഷ്യനെ കാണുന്ന പാട്ടിന്റെ തിരികൾ വയലാർ കൊളുത്തിെവച്ചിരിക്കുന്നു. മനുഷ്യനും ദൈവവും പരസ്പരമറിഞ്ഞുള്ള ഒരു ജീവിതപ്രയാണത്തിൽ എല്ലാ പ്രവചനങ്ങളും ദൈവനിയോഗങ്ങളും പാഴായിപ്പോകുന്നുണ്ടെന്നൊരു സന്ദേശം എല്ലാ മനുഷ്യർക്കും വേണ്ടി ഇങ്ങനെ കുറിച്ചിട്ടു.
‘ജീവിതമൊരു ചുമടുവണ്ടി
ജനനമരണ വീഥികളിൽ
മനുഷ്യനും ദൈവവും ചുമച്ചു
കിതച്ചു കൊണ്ടുവന്ന
ചുമടുവണ്ടി
എത്രയെത്ര ദൈവങ്ങൾ
തകർന്നുവീണു
എത്രയെത്ര പ്രവചനങ്ങൾ
പൊഴിഞ്ഞുവീണു.’
മാനവികതയുടെ പാട്ടുകൾ
പ്രകൃതിയും ഈശ്വരനും മനുഷ്യനും കാലത്തിന്റെ പ്രതിരൂപങ്ങളാണെന്നെഴുതിയ വയലാർ തന്നെയാണ് എല്ലാ വിശ്വാസഗോപുരങ്ങളും ഇടിഞ്ഞുവീഴുമ്പോൾ ഈശ്വരൻപോലും ഈ വഴിത്താരയിൽ ആലംബമില്ലാതെ നിൽക്കുന്നു എന്നെഴുതിയതും. മതവും ജാതിയും അരങ്ങുതകർക്കുന്നൊരു ലോകത്തിന്റെ ദുരവസ്ഥ, വയലാറിന്റെ വരികളിൽ എക്കാലവും പ്രകടമായിരുന്നു.
‘ഭ്രാന്താലയം ഇത് ഭ്രാന്താലയം
ശങ്കരൻ ജനിച്ചു ഗാന്ധിജി ജനിച്ചു
ശ്രീനാരായണൻ ജനിച്ചു
അവരുടെയദ്വൈത സന്ദേശങ്ങൾ ആരെ നയിച്ചു
അവരുടെ വിശ്വാസസംഹിതകൾ ആരു സ്വീകരിച്ചു
മതവും ജാതിയുമിവിടെ മനുഷ്യനെ മതിൽകെട്ടിത്തിരിച്ചു’ (ലോറാ നീ എവിടെ?)
മതങ്ങൾ ജനിക്കുകയും മരിക്കുകയും ചെയ്യുമ്പോൾ മനുഷ്യന് നിത്യസ്നേഹം തെളിക്കുന്ന സത്യാന്വേഷണവീഥി മാത്രമേ ആശയമായുള്ളൂ എന്ന ഉള്ളുണർത്തുന്ന വരികൾ വയലാർ ഗാനങ്ങളിൽ നിരന്തരാർഥങ്ങൾ ജ്വലിപ്പിക്കുന്നു.
‘അദ്വൈതം ജനിച്ച നാട്ടിൽ
ആദിശങ്കരൻ ജനിച്ച നാട്ടിൽ
ആയിരം ജാതികൾ ആയിരം മതങ്ങൾ
ആയിരം ദൈവങ്ങൾ’ (ലൈൻ ബസ്)
അതേസമയം ഈ ലോകത്ത് യഥാർഥ മനുഷ്യനെ തിരയുന്നത് വ്യർഥമാണെന്നും മുഖംമൂടിയണിഞ്ഞ മനുഷ്യനെ മാത്രമേ ഇവിടെ കാണാനാവൂ എന്നും വയലാർ മറ്റൊരു പാട്ടിലെഴുതി.
‘ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന്
ഈരേഴു പതിനാല് ലോകങ്ങൾ കാണാൻ
ഇവിടുന്നുപോണവരേ...
അവിടെ മനുഷ്യരുണ്ടോ?
അവിടെ മതങ്ങളുണ്ടോ?’ (കടൽപ്പാലം)
അനുപല്ലവിയിലും ചരണത്തിലും വയലാർ മനുഷ്യനെ തിരയുകയായിരുന്നു.
ഇവിടെ മനുഷ്യൻ
ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞു
ഈശ്വരനെക്കണ്ടു
ഇബിലീസിനെ കണ്ടു
ഇതുവരെ മനുഷ്യനെ കണ്ടില്ല.’
അപാരതയുടെ വിജനമാം കരയിൽ അലയുന്ന പഥികനായി മനുഷ്യനെ വയലാർ പാട്ടിൽ എടുത്തുകാണിച്ചു. ‘ദത്തുപുത്രൻ’ എന്ന സിനിമയിലെ ഒരു പാട്ടിൽ മനുഷ്യനെ വന്നുമൂടുന്ന അന്ധകാരാധിപത്യത്തെ വയലാർ സൂക്ഷ്മമായി നിരീക്ഷിച്ചു.
‘ഒരു തീരം കൂടി തകർത്തു ചുറ്റും
പ്രളയാന്ധകാരം പരന്നു
വെളിച്ചമില്ലയോ മനുഷ്യപുത്രനീ-
ചെകുത്താനും കടലിനും നടുവിൽ’
അതേസമയം, മനുഷ്യവ്യക്തിത്വത്തിന്റെ മയൂരസന്ദേശങ്ങൾ എഴുതിച്ചേർത്ത പാട്ടുകൾ എത്രയോ എണ്ണം വയലാറിൽ നിന്നുമുണ്ടായി.
‘വേദങ്ങളെഴുതിയ മുനിമാർ പാടി
വാഴ്വേമായം
ഈ യുഗം നിർമിച്ച മനുഷ്യൻ തിരുത്തി
വാഴവേ സത്യം.’
യുഗശിൽപിയായൊരു മനുഷ്യന്റെ തിരിച്ചറിവും തിരുത്തിയെഴുതലും ലോകജീവിതത്തെ ഏറ്റവും വലിയ സത്യമാക്കി മാറ്റുകയാണ്. അധ്വാനിക്കുന്ന മനുഷ്യന്റെ ശബ്ദം വയൽവീഥികളിൽ ഉണർത്തുപാട്ടാകുന്നത് വയലാറിലൂടെയായിരുന്നു.
‘വിയർപ്പു വിളയും വയലേലകളിൽ
നിന്നുയർന്നതാണി ശബ്ദം -മനുഷ്യശബ്ദം’
(അനുഭവങ്ങൾ പാളിച്ചകൾ)
മാനവിക ബോധത്തിന്റെ മൂശയിൽ കരുപ്പിടിപ്പിച്ച ഗാനങ്ങളായിരുന്നു വയലാർ കൂടുതലുമെഴുതിയത്. ദൈവാരാധനയുടെയും മത മൗലികതയുടെയും പേരിൽ നടക്കുന്ന അസഹിഷ്ണുതയും അശാന്തിയും പ്രവചനാത്മക സ്വഭാവത്തോടെ വയലാർ പാട്ടിൽ ആവിഷ്കരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ വരിയും കേൾക്കുന്നവന് ഉദ്ബോധന ഗീതികളായി.
‘ഈശ്വരൻ ഹിന്ദുവല്ല, ഇസ്ലാമല്ല,
ക്രിസ്ത്യാനിയല്ല
ഇന്ദ്രനും ചന്ദ്രനുമല്ല’
(പോസ്റ്റ്മാനെ കാണാനില്ല)
ഈശ്വരനുവേണ്ടി ആയിരം പൊയ്മുഖങ്ങൾ തീർക്കുന്നവർക്കെതിരെ ‘പാട്ടു ചൂട്ടുകൊണ്ടുള്ള മോത്തുകുത്തലായിരുന്നു’ വയലാറിന്റേത്. നല്ലവരെന്ന് നടിക്കുന്നവരുടെ നീതിരഹിതമായ വേദാന്തങ്ങളെ പാട്ടിന്റെ ചരണങ്ങളിൽ അദ്ദേഹം ചേർത്തുെവച്ചു.
‘കൃഷ്ണനെ ചതിച്ചു ബുദ്ധനെ ചതിച്ചു
ക്രിസ്തുദേവനെ ചതിച്ചു
നബിയെ ചതിച്ചു
മാർക്സിനെ ചതിച്ചു
നല്ലവനെന്നു നടിച്ചു’
ഇങ്ങനെ അമ്പലവും ആശ്രമവും തീർത്ത് ലോക ജീവിതത്തെ വെള്ളപൂശി മാന്യനെന്ന് ധരിക്കുന്ന മനുഷ്യനിലെ കപടവേദാന്തങ്ങളെയാണ് വയലാർ പാട്ടിന്റെ പരിചയാൽ തടുത്തുനിർത്തുന്നത്. ദൈവാസ്തിത്വത്തെ പാട്ടിന്റെ പവിത്രസ്ഥലികളിൽ പ്രതിഷ്ഠിക്കുന്നതിനും ഉദാഹരണങ്ങളുണ്ട്.
‘മാനത്തു ദൈവമില്ല
മണ്ണിലും ദൈവമില്ല
മനസ്സിനുള്ളിലാണ് ദൈവം
മനസ്സിലെ ദൈവം മനുഷ്യന് നൽകിയ
മണിവിളക്കല്ലോ സ്നേഹം’ (ഓടയിൽനിന്ന്)
വിളിച്ചാൽ മിണ്ടാത്ത ദൈവത്തെയും (ഏഴുസുന്ദരരാത്രികൾ) കണ്ണുതുറക്കാത്ത ദൈവത്തെയും (അഗ്നിപുത്രി) എല്ലാം വയലാർ ഗാനങ്ങളിൽ നാം കണ്ടുമുട്ടുന്നു. മനുഷ്യബന്ധങ്ങൾ ചുടലവരെ മാത്രമേയുള്ളൂവെന്നും വയലാർ ഓർമിപ്പിച്ചു. മനുഷ്യന്റെ ജന്മനിയോഗത്തെ പൂരിപ്പിക്കുന്ന വരികളുമായി വയലാർ, പാട്ടിൽ വലിയൊരു തത്ത്വശാസ്ത്രം പറഞ്ഞുവെക്കുകയായിരുന്നു.
‘എവിടെനിന്നും വന്നെന്നും
എന്തിനു വന്നെന്നും
എവിടേക്കു പോണെന്നുമറിയാതെ
വാടകവീടുകളിൽ അന്തിയുറങ്ങും
വഴിയാത്രക്കാർ നമ്മൾ’ (തീർഥയാത്ര).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.