ടീസറിലെ ആ ദൃശ്യം പണിയായി; യാഷിന്റെ 'ടോക്സിക്' കുരുക്കിൽ! ‘കന്നഡ സംസ്കാരത്തെ അപമാനിച്ചെന്ന്’ പരാതി

യാഷിന്റെ പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്‌സ്' എന്ന സിനിമയുടെ ടീസർ വിവാദത്തിൽ. ടീസറിലെ ദൃശ്യങ്ങൾ അശ്ലീലമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി കർണാടക സംസ്ഥാന വനിതാ കമീഷനിൽ പരാതി നൽകിയതോടെയാണ് ചിത്രം നിയമക്കുരുക്കിലായത്.

ടീസറിന്റെ തുടക്കത്തിൽ യഷ് ഒരു സ്ത്രീയുമായി കാറിനുള്ളിൽ ചുംബനരംഗങ്ങളിൽ ഏർപ്പെടുന്നതും, തുടർന്ന് തോക്കുപയോഗിച്ച് ആളുകളെ വെടിവെച്ചു വീഴ്ത്തുന്നതുമായ ദൃശ്യങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. ആം ആദ്മി പാർട്ടിയുടെ കർണാടക വനിതാ വിഭാഗമാണ് സംസ്ഥാന വനിതാ കമീഷനെ സമീപിച്ചത്. ഈ ടീസർ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

ടീസറിലെ അശ്ലീല ദൃശ്യങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും ദോഷകരമാണെന്നും കന്നഡ സംസ്കാരത്തെ അപമാനിക്കുന്നതാണെന്നും എ.എ.പി സംസ്ഥാന സെക്രട്ടറി ഉഷാ മോഹൻ പറഞ്ഞു. പ്രായപരിധി മുന്നറിയിപ്പില്ലാതെ ഇത്തരം ദൃശ്യങ്ങൾ പുറത്തുവിട്ടത് സമൂഹത്തിൽ മോശം സ്വാധീനമുണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു. എ.എ.പിയുടെ പരാതിയെത്തുടർന്ന് വനിതാ കമീഷൻ കേന്ദ്ര സെൻസർ ബോർഡിന് കത്തയച്ചിട്ടുണ്ട്. പരാതി പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മാർച്ച് 19 ന് ടോക്‌സിക് ആഗോളതലത്തിൽ റീലീസ് ചെയ്യുമെന്ന് നിർമാണ കമ്പനിയായ കെ.വി.എൻ പ്രൊഡക്ഷൻസ് അറിയിച്ചു. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്‌സിക് പറയുന്ന കഥക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.

യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്‌സിക് നിർമിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. 

Tags:    
News Summary - Yash’s Toxic teaser faces heat over obscene sequence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.