തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകർഷണത്തോടെ കാത്തിരിക്കുന്ന 'രാക്ക' എന്ന അറ്റ്‌ലി-അല്ലു അർജുൻ ചിത്രം താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ വിസ്മയിപ്പിക്കുന്ന താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ നായകനായ അല്ലു അർജുൻ 175 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ അദ്ദേഹം ട്രിപ്പിൾ റോളിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിലെ നായികമാരുടെ പ്രതിഫല വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരം ദീപിക പദുക്കോണിന് 25 കോടി രൂപയും തെന്നിന്ത്യൻ പ്രിയങ്കരി രശ്മിക മന്ദാനക്ക് 5 കോടി രൂപയുമാണ് ചിത്രത്തിനായി നൽകുന്നത്. കൂടാതെ ബോളിവുഡ് താരങ്ങളായ ടൈഗർ ഷ്രോഫ്, മൃണാൽ താക്കൂർ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
സൺ പിക്ചേഴ്സ് നിർമിക്കുന്ന 'രാക്ക' ഏകദേശം 700 കോടി രൂപയുടെ വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ദൃശ്യമികവിനായി മാത്രം 200 കോടി മുതൽ 250 കോടി രൂപ വരെ മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളായിരിക്കും ചിത്രത്തിൽ ഉപയോഗിക്കുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനെ ഷാരൂഖ് ഖാൻ, സാമന്ത തുടങ്ങിയ പ്രമുഖ താരങ്ങളും പ്രശംസിച്ചിരുന്നു. ഒരു പാൻ-ഇന്ത്യൻ ചിത്രമായ 'രാക്ക' റിലീസിന് മുമ്പേ തന്നെ വലിയ വിജയപ്രതീക്ഷയാണ് സിനിമാ മേഖലയിൽ നൽകുന്നത്.
ഈ ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ വിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ വിശദീകരണങ്ങളില്ലാതെ പുറത്തുവിട്ട പോസ്റ്റർ ഇതിനോടകം തന്നെ നിരവധി ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മൊട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും മൂർച്ചയുള്ള നോട്ടവുമായുള്ള അല്ലുവിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
സൺ പിക്ചേഴ്സ് നിർമിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ എന്‍റർടൈനറുകളിൽ ഒന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആഗോള തലത്തിൽ വൻ വിജയമായ 'പുഷ്പ 2' വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും, 'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലീ ഒരുക്കുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപന സമയം മുതൽക്കേ ഈ പ്രോജക്റ്റ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.