ഗിബ്ലി വൈബ് തരംഗമാവുമ്പോൾ വൈറലായ ചില ഗിബ്ലി സിനിമകൾ കണ്ടാലോ?

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഉള്‍പ്പെടെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ കീഴടക്കിയിരിക്കുകയാണ് സ്റ്റുഡിയോ ഗിബ്ലി. ക്ലാസിക് ബോളിവുഡ് രംഗങ്ങള്‍ മുതല്‍ വൈറല്‍ മീമുകള്‍ വരെ ഗിബ്ലി അനിമേഷനിലൂടെ വൈറലാകുകയാണ്. ഓപ്പണ്‍ എ.ഐ.യുടെ ചാറ്റ് ജി.പി.ടി-4ഒയുടെ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പുതിയ ചിത്രങ്ങള്‍ സൃഷ്ടിക്കാനും അവരുടെ ചിത്രങ്ങളെ ജാപ്പനീസ് അനിമേഷന്‍ സ്‌റ്റൈലിലേക്ക് മാറ്റാനും കഴിയുമെന്നതാണ് പ്രത്യേകത.

തുടക്കത്തില്‍ ചാറ്റ് ജി.പി.ടിയുടെ പെയ്ഡ് വേര്‍ഷനായ ചാറ്റ് ജി.പി.ടി ഫോര്‍ ഉപയോഗിച്ച് മാത്രമായിരുന്നു ഗിബ്ലി ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതിന് ജനപ്രീതി വര്‍ധിച്ചതോടെ കമ്പനി അതിന്റെ ജി.പി.ടി ഫോര്‍ മോഡലിലേക്കും ഇമേജ് ജനറേഷന്‍ സാധ്യമാക്കി. ഇതോടേ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു. ഇത് സെര്‍വറുകള്‍ തകരാറിലാക്കുകയും കമ്പനി ഫീച്ചറിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തു.

1985 ജൂണ്‍ 15 നാണ് മിയാസാക്കി ഹയാവോ ഇസവോ തകഹാത, സുസുക്കി തോഷിയോ എന്നിവരുമായി ചേര്‍ന്ന് സ്റ്റുഡിയോ ഗിബ്ലി സ്ഥാപിക്കുന്നത്. ജാപ്പനീസ് ആനിമേഷന്‍ സ്റ്റുഡിയോയായ ഗിബ്ലി ഉന്നതനിലവാരത്തിലുള്ള ആനിമേഷനും ശക്തമായ കഥകളും കൊണ്ട് ലോകപ്രശസ്തമാണ്. സ്പിരിറ്റഡ് എവേ, മൈ നൈബര്‍ ടൊട്ടോരോ, കിക്കിസ് ഡെലിവറി സര്‍വീസ്, ഔള്‍സ് മൂവിങ് കാസില്‍, പ്രിന്‍സസ് മൊനോനോക്, ദ വിന്റ് റൈസസ് തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ആനിമേഷന്‍ ചിത്രങ്ങള്‍ ഗിബ്ലിയിൽ നിർമിച്ചതാണ്.

മോഷന്‍ ചിത്രത്തിലെ ഒരു ഫ്രെയിം നിർമിക്കണമെങ്കില്‍ 24 ഫ്രെയിമുകൾ വേണം. ആ 24 ചിത്രങ്ങളും കൈ കൊണ്ട് വരച്ചാണ് ആദ്യ കാലത്ത് സൃഷ്ടിച്ചിരുന്നത്. ഏതാണ്ട് എട്ട് മണിക്കൂറോളം സമയം ചെലവഴിച്ചാണ് ഒരു ഫ്രെയിം സൃഷ്ടിക്കുന്നത്. മണിക്കൂറുകൾ. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, ചിലപ്പോൾ വര്‍ഷങ്ങളെടുത്തായിരുന്നു തുടക്കത്തിൽ ഓരോ അനിമേഷന്‍ സിനിമയും കാഴ്ചക്കാരിലേക്ക് എത്തിച്ചിരുന്നത്.

1. കാസിൽ ഇൻ ദി സ്കൈ (1986)

ജാപ്പനീസ് ആനിമേറ്റഡ് ഫാന്‍റസി സാഹസിക ചിത്രമാണ് ഹയാവോ മിയാസാക്കി രചനയും സംവിധാനവും ചെയ്ത കാസിൽ ഇൻ ദി സ്കൈ. ലാപുട്ട: കാസിൽ ഇൻ ദി സ്കൈ എന്നും അറിയപ്പെടുന്നു. സ്റ്റുഡിയോ ഗിബ്ലി ആനിമേറ്റ് ചെയ്‌ത് ഇസാവോ തകഹാട്ടയാണ് ചിത്രം നിർമിച്ചത്. 1986 ഓഗസ്റ്റ് 2 ന് ജാപ്പനീസ് തിയറ്ററുകളിൽ

റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷകൾക്കനുസരിച്ച് പ്രകടനം കാഴ്ചവച്ചില്ലെങ്കിലും പിന്നീട് റീ റിലീസുകളിലൂടെ വാണിജ്യ വിജയം നേടി. സർക്കാർ ഏജന്റ് മുസ്‌ക തട്ടിക്കൊണ്ടുപോയ അനാഥ പെൺകുട്ടിയായ ഷീറ്റയെ വഹിച്ചുകൊണ്ടുപോയ എയർഷിപ്പ് - എയർ പൈറേറ്റ് ഡോളയും സംഘവും ആക്രമിക്കുന്നു. മാന്ത്രികതയാൽ അവൾ രക്ഷപ്പെടുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

2. മൈ നെയ്ബർ ടോട്ടോറോ (1988)

ഹയാവോ മിയാസാക്കി എഴുതി സംവിധാനം ചെയ്ത ജാപ്പനീസ് അനിമേഷൻ ഫാന്റസി സിനിമയാണ് മൈ നെയ്ബർ ടോട്ടോറോ. സറ്റ്സുക്കി, മേ എന്നീ രണ്ട് പെൺകുട്ടികളുടേയും, അച്ഛനായ പ്രൊഫസറിന്റേയും ജീവിതത്തിലൂടെയുള്ള രസകരമായ കഥകളാണ് ചിത്രത്തിലൂടെ പറയുന്നത്. മിക്കി മൗസിനെ അമേരിക്കക്കാർക്ക് പ്രിയപ്പെട്ട കഥാപാത്രമാക്കിയ സിനിമ കൂടിയാണ് മൈ നെയ്ബർ ടോട്ടോറോ. നെറ്റ്ഫ്ലിക്സിൽ ലഭ്യമായ ചിത്രത്തിന് നോറിക്കോ ഹിഡാക്ക, ചിക്ക സാക്കാമോട്ടോ, ഹിട്ടോഷി ടക്കാഗി എന്നിവരാണ് ശബ്ദം നൽകിയിരിക്കുന്നത്.

ആനിമിസം, ഷിന്റോയിസം, ഗ്രാമീണ ജീവിതം തുടങ്ങിയ ഒരുപാട് ഘടകങ്ങൾ അടങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ലോകമെമ്പാടും 41 മില്യൺ ഡോളറിലധികം വരുമാനമാണ് നേടിയത്. 1988ലെ ആനിമേജ് ആനിമെ ഗ്രാൻഡ് പ്രിക്സ് അവാർഡ്, മൈനിച്ചി ഫിലിം അവാർഡ്, മികച്ച ചിത്രത്തിനുള്ള കൈനമ ജുൻപോ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ മൈ നെയ്ബർ ടോട്ടോറോക്ക് ലഭിച്ചു. അതേ വർഷം തന്നെ ബ്ലൂ റിബൺ അവാർഡുകളിൽ പ്രത്യേക അവാർഡും ലഭിച്ചു.

3. ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ് (1988)

ഓ​രോ യു​ദ്ധ​ത്തി​നൊ​ടു​വി​ലും അ​വ​ശേ​ഷി​ക്കു​ന്ന​ത് ജ​യി​ച്ച​വ​രും തോ​റ്റ​വ​രു​മ​ല്ല. പ​ക​രം ഇ​ര​ക​ൾ മാ​ത്ര​മാ​ണ്. എ​ല്ലാ കാ​ല​ത്തും യു​ദ്ധ​ത്തി​ന്‍റെ ഇ​ര​ക​ൾ സ്ത്രീ​ക​ളും നി​ഷ്ക​ള​ങ്ക​രാ​യ കു​ട്ടി​ക​ളു​മാ​ണ്. ഇ​സാ​വോ ത​ക്കാ​ഹ​ട്ട​യു​ടെ സം​വി​ധാ​ന​ത്തി​ൽ 1988ല്‍ ​ഇ​റ​ങ്ങി​യ ജാ​പ്പ​നീ​സ് ചി​ത്ര​മാ​യ ‘ഗ്രേ​വ്‌ ഓ​ഫ് ദ ​ഫ​യ​ര്‍ഫ്ലൈ​സ്’ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച അ​നി​മേ​ഷ​ൻ ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി നി​രൂ​പ​ക​ർ വി​ല​യി​രു​ത്തു​ന്നു. ഐ.​എം.​ഡി.​ബി ടോ​പ് 250 ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട ഈ ​ചി​ത്രം എ​ല്ലാ യു​ദ്ധ​ സി​നി​മ​ക​ളെ​യുംപോ​ലെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​ന്നാ​ണ്. അ​കി​യു​ക്കി നൊ​സാ​ക്ക​യു​ടെ 1967ലെ ​ഇ​തേ പേ​രി​ലു​ള്ള ചെ​റു​ക​ഥ​യാ​ണ് ചി​ത്ര​ത്തി​നാ​ധാ​രം.സ്റ്റുഡിയോ ഗിബ്ലിയുടെ അനിമേഷനിൽ ഇസാഒ തക്കാഹാട്ടയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ഹയാവോ മിയാസാക്കി

 

4. കിക്കിസ് ഡെലിവറി സർവീസ് (1989)

ജാപ്പനീസ് ആനിമേറ്റഡ് ഫാന്റസി ചിത്രം. ഹയാവോ മിയാസാക്കി എഴുതി, നിർമിച്ച്, സംവിധാനം ചെയ്ത ഈ ചിത്രം 1985-ൽ പുറത്തിറങ്ങിയ ഐക്കോ കഡോണോയുടെ കിക്കിസ് ഡെലിവറി സർവീസ് എന്ന നോവലിനെ ആസ്പദമാക്കിയിട്ടുള്ളതാണ്. തന്റെ പൂച്ച ജിജി (സകുമ) യുമായി തുറമുഖ നഗരമായ കൊറിക്കോയിലേക്ക് താമസം മാറി ഒരു പറക്കുന്ന കൊറിയർ സർവീസ് ആരംഭിക്കുന്ന യുവ മന്ത്രവാദിനിയായ കിക്കിയുടെ കഥയാണിത്. ആദ്യ റിലീസിൽ തന്നെ വിജയം നേടിയ ആദ്യത്തെ സ്റ്റുഡിയോ ഗിബ്ലി ചിത്രമായിരുന്നു കിക്കിസ് ഡെലിവറി സർവീസ്.

5.ഒൺലി യെസ്റ്റർഡേ (1991)

ജാപ്പനീസ് ആനിമേറ്റഡ് ഡ്രാമ ചിത്രമായ ഒൺലി യെസ്റ്റർഡേ ഇസാവോ തകാഹട്ടയാണ് രചിച്ച് സംവിധാനം ചെയ്തത്. ജപ്പാന് പുറത്തുള്ള നിരൂപകരിൽ നിന്നും മികച്ച സ്വീകാര്യത നേടിയ ചിത്രം ഒകാമോട്ടോയും യുക്കോ ടോണും ചേർന്ന് 1982ൽ പുറത്തിറക്കിയ മാംഗ ഒമോയ്ഡെ പോറോ പോറോയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചത്. ഇരുപത്തിയേഴ് വയസുള്ള ടേക്കോ ഒകാജിമ തന്റെ ബന്ധുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതാണ് കഥാതന്തു.

6. പോർകോ റോസ്സോ (1992)

1930 കളിൽ ഇറ്റലിയിൽ നടന്ന പോർകോ റോസ്സോ എന്ന ചിത്രം മിയാസാക്കിയുടെ അണ്ടർറേറ്റഡ് ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 1989ലെ 'മാംഗ ഹിക്കോട്ടെ ജിദായ്' എന്ന ചിത്രത്തെ അടിസ്ഥാനമാക്കി ഹയാവോ മിയാസാക്കി എഴുതി സംവിധാനം ചെയ്ത ജാപ്പനീസ് ആനിമേറ്റഡ് അഡ്വഞ്ചർ ഫാന്‍റസി ചിത്രമാണിത്. ഒന്നാം ലോകമഹായുദ്ധത്തിലെ മുൻ ഇറ്റാലിയൻ പോരാളിയെ ചുറ്റിപ്പറ്റിയാണ് കഥ. ജപ്പാൻ എയർലൈൻസിനായി ആദ്യത്തെ ഇംഗ്ലീഷ്-ഡബ്ബ് ചെയ്ത പതിപ്പ് നിർമിക്കപ്പെട്ടു. ഇത് ഗിബ്ലി എൽഡി ബോക്സ് സെറ്റിലും 2002 ലെ ആദ്യ റീജിയൻ 2 ഡി.വി.ഡി റിലീസുകളിലും ഉൾപ്പെടുത്തി. പിന്നീട് വാൾട്ട് ഡിസ്നി ഹോം എന്റർടൈൻമെന്റ് ഈ ചിത്രം പുനർനാമകരണം ചെയ്യുകയും 2005 ഫെബ്രുവരി 22 ന് യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ഡിവിഡിയിലും ബ്ലൂ-റേയിലും പുറത്തിറക്കുകയും ചെയ്തു.

 

7. പോം പോക്കോ (1994)

ജാപ്പനീസ് ആനിമേറ്റഡ് ഫാന്റസി ചിത്രമായ പോം പോക്കോ ഇസാവോ തകഹാട്ട രചനയും സംവിധാനവും നിർവ്വഹിച്ച് സ്റ്റുഡിയോ ഗിബ്ലി ആനിമേഷൻ ചെയ്തതും ടോഹോ വിതരണം ചെയ്തതും ആണ്. ടോക്കിയോയുടെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്ന ജാപ്പനീസ് റാക്കൂൺ നായ്ക്കളുടെ കോളനിയെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഗിബ്ലിക്ക് വേണ്ടി തകഹാട്ടയുടെ മൂന്നാമത്തെ ചിത്രമായ പോം പോക്കോ 1994 ജൂലൈ 16 ന് പുറത്തിറങ്ങിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള 67മത് അക്കാദമി അവാർഡിന് ജപ്പാൻ സമർപ്പിച്ച ചിത്രമായിരുന്നു ഇത്. പക്ഷേ തെരഞ്ഞെടുത്തില്ല.

8. സ്പിരിറ്റഡ് എവേ (2001)

ഹയാവോ മിയാസാക്കി രചനയും സംവിധാനവും നിർവഹിച്ച ജാപ്പനീസ് ആനിമേറ്റഡ് ഫാന്റസി ചിത്രമാണ് സ്പിരിറ്റഡ് എവേ. തോഷിയോ സുസുക്കിയാണ് ചിത്രം നിർമിച്ചത്. 2001 ജൂലൈ 20 ന് ജപ്പാനിൽ റിലീസ് ചെയ്ത സ്പിരിറ്റഡ് എവേ വ്യാപകമായി പ്രശംസ നേടുകയും വാണിജ്യപരമായി വിജയിക്കുകയും ചെയ്തു. ബോക്സ് ഓഫീസിൽ 396 മില്യൺ യു.എസ് ഡോളറാണ് ചിത്രം നേടിയത്. പത്ത് വയസുകാരി ചിഹിരോ ഒഗിനോയും അവളുടെ മാതാപിതാക്കളും

അവരുടെ പുതിയ വീട്ടിലേക്ക് യാത്ര ചെയ്യുന്നു. അതിനിടയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ഇതിവൃത്തം. 75മത് അക്കാദമി അവാർഡുകളിൽ മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള അക്കാദമി അവാർഡ് നേടിയ ആദ്യത്തെ കൈകൊണ്ട് വരച്ച ജാപ്പനീസ് ആനിമേഷൻ, ഇംഗ്ലീഷ് ഇതര ഭാഷാ ആനിമേറ്റഡ് ചിത്രം എന്നീ അവാർഡുകൾ സ്പിരിറ്റഡ് എവേക്കായിരുന്നു. ബി.ബി.സിയുടെ 21-ാം നൂറ്റാണ്ടിലെ 100 മികച്ച ചിത്രങ്ങളിൽ നാലാം സ്ഥാനം ഈ ജാപ്പനീസ് ആനിമേറ്റഡ് ചിത്രത്തിന് തന്നെ.

9. ഹൗൾസ് മൂവിങ് കാസിൽ (2004)

ഹയാവോ മിയാസാക്കി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഹൗൾസ് മൂവിങ് കാസിൽ. ബ്രിട്ടീഷ് എഴുത്തുകാരിയായ ഡയാന വൈൻ ജോൺസിന്റെ 1986ൽ പുറത്തിറങ്ങിയ ഹൗൾസ് മൂവിങ് കാസിൽ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ജാപ്പനീസ് ആനിമേറ്റഡ് ഫാന്റസി ചിത്രം നിർമിച്ചിരിക്കുന്നത്. സാങ്കൽപ്പിക രാജ്യത്തിലാണ് കഥ നടക്കുന്നത്. മാന്ത്രികതയും സാങ്കേതികവിദ്യയും കൂടി കലർന്ന ചിത്രം മന്ത്രവാദിനിയുടെ ശാപം ഏറ്റുവാങ്ങിയ വൃദ്ധയായ സ്ത്രീയുടെ കഥയാണ്. മിയാസാക്കിയുടെ ഏറ്റവും ഇരുണ്ട ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. യുദ്ധവിരുദ്ധ പ്രമേയങ്ങൾ ഉൾപ്പെട്ട ചിത്രം നാല് ടോക്കിയോ ആനിമേഷൻ അവാർഡുകളും മികച്ച സ്ക്രിപ്റ്റിനുള്ള നെബുല അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

10. പോണ്യോ (2008)

ജാപ്പനീസ് ആനിമേറ്റഡ് ഫാന്റസി ചിത്രമായ പോണ്യോയുടെ രചനയും സംവിധാനവും ഹയാവോ മിയാസാക്കിയാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗിബ്ലിക്ക് വേണ്ടി മിയാസാക്കി സംവിധാനം ചെയ്ത എട്ടാമത്തെയും മൊത്തത്തിൽ അദ്ദേഹത്തിന്റെ പത്താമത്തെയും ചിത്രമാണിത്. സമുദ്രത്തിൽ നിന്ന് രക്ഷപ്പെടുന്ന പോണ്യോ എന്ന സ്വർണ്ണ മത്സ്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. 2008 ജൂലൈ 19 ന് ജപ്പാനിൽ വിതരണക്കാരായ ടോഹോ ആണ് ഈ ചിത്രം ആദ്യം റിലീസ് ചെയ്തത്. ലോകമെമ്പാടുമായി 204 മില്യൺ ഡോളറിലധികം വരുമാനം നേടിയ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ എട്ടാമത്തെ ആനിമേഷൻ ചിത്രമാണ്. 2009 ഓഗസ്റ്റ് 14 ന് യു.എസിലുടനീളമുള്ള 927 തിയറ്ററുകളിൽ ചിത്രത്തിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പ് റിലീസ് ചെയ്തു. യു.എസിൽ സ്റ്റുഡിയോ ഗിബ്ലി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് ആയിരുന്നു ഇത്.

11. ദി ടെയിൽ ഓഫ് ദി പ്രിൻസസ് കഗുയ (2013)

2013 നവംബർ 23ന് ടോഹോയാണ് ദ ടെയിൽ ഓഫ് ദി പ്രിൻസസ് കഗുയ ജപ്പാനിൽ റിലീസ് ചെയ്തത്. 49.3 മില്യൺ യു.എസ് ഡോളർ ബഡ്ജറ്റിൽ ഒരുങ്ങിയ ഏറ്റവും ചെലവേറിയ ജാപ്പനീസ് ചിത്രം കൂടിയായിരുന്നു ദി ടെയിൽ ഓഫ് ദി പ്രിൻസസ് കഗുയ. നിരൂപക പ്രശംസ നേടുകയും 87മത് അക്കാദമി അവാർഡുകളിൽ മികച്ച ആനിമേറ്റഡ് ഫീച്ചർക്കുള്ള അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യുകയും ചെയ്തു. പത്താം നൂറ്റാണ്ടിലെ ജാപ്പനീസ് സാഹിത്യ കഥയെ അടിസ്ഥാനമാക്കി നിർമിച്ച ഈ ജാപ്പനീസ് ആനിമേറ്റഡ് ഹിസ്റ്റോറിക്കൽ ഫാന്‍റസി ചിത്രം ഇസാവോ തകാഹട്ടയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുള വെട്ടുകാരൻ മരക്കുടത്തിനുള്ളിൽ ഒരു ചെറിയ പെൺകുട്ടിയെ കണ്ടെത്തുന്നു. അവൾക്ക് ദിവ്യ ശക്തിയുണ്ടെന്ന് വിശ്വസിച്ച് ആ മുള വെട്ടുകാരൻ അവളെ വളർത്തുന്നു. തുടർന്നുള്ള സംഭവങ്ങളാണ് കഥക്ക് ആധാരം.

12. ദി റെഡ് ടർട്ടിൽ (2016)

ഡച്ച് ആനിമേറ്റർ മൈക്കൽ ഡുഡോക് ഡി വിറ്റ് സംവിധാനം ചെയ്ത ഈ ചിത്രം ഫ്രഞ്ച് തിരക്കഥാകൃത്ത് പാസ്കേൽ ഫെറാനൊപ്പം രചന നിർവ്വഹിച്ച് സ്റ്റുഡിയോ ഗിബ്ലിയും വൈൽഡ് ബഞ്ച് , ബെൽവിഷൻ എന്നിവയുൾപ്പെടെ നിരവധി ഫ്രഞ്ച് കമ്പനികളും തമ്മിലുള്ള അന്താരാഷ്ട്ര സഹനിർമാണമാണ്. സംഭാഷണങ്ങളൊന്നുമില്ലാത്ത ഈ ചിത്രം ജനവാസമില്ലാത്ത ഒരു ദ്വീപിൽ കപ്പൽ തകർന്ന് എത്തിപ്പെട്ട ഒരു മനുഷ്യന്റെ കഥയാണ്. കൂട്ടിനൊരു ചുവന്ന ആമയും. 2016 മെയ് 18 ന് 69മത് കാൻ ചലച്ചിത്രമേളയിൽ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 89മത് അക്കാദമി അവാർഡുകളിൽ മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള നാമനിർദേശവും ചിത്രത്തിന് ലഭിച്ചു.

Tags:    
News Summary - When the Ghibli vibe hits, why not watch some of the Ghibli films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.