മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡ് അടക്കിവാഴുന്ന കിങ് ഖാൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുത്തിരുന്നതായി നിങ്ങൾക്കറിയാമോ? ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൗള എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണൻസ്. ഇരട്ടക്ലൈമാസിന്റെ പേരിൽ ചിത്രം അന്നേ ഖ്യാതി നേടിയിരുന്നു.
ഹരികൃഷ്ണൻസിന്റെ ചിത്രീകരണം ഊട്ടിയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ, ഷാരൂഖ് ഖാനും ഒരു പ്രോജക്റ്റിന്റെ ഷൂട്ടിങ്ങുമായി നഗരത്തിലുണ്ടായിരുന്നു. ഷൂട്ടിങ്ങിന് ശേഷം, ജൂഹി ചൗള എല്ലാ വൈകുന്നേരവും ഷാരൂഖിനെ കാണുകയും സിനിമയെ കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒടുവിൽ ഒരു ഷോട്ടിന് വേണ്ടിയാണെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന് ഷാറൂഖ് പറഞ്ഞു. പക്ഷേ അദ്ദേഹത്തെ എങ്ങനെ ഉൾപ്പെടുത്തണമെന്ന് എനിക്കറിയില്ലായിരുന്നു എന്ന് ഫാസിൽ പറയുന്നു. ഹരിക്കും കൃഷ്ണനും മീരയെ കൊടുക്കാതെ അവൾക്കൊരു രഹസ്യ കാമുകനെ കൊടുത്താലോ എന്ന് ആലോചിച്ചു. പക്ഷേ അത് വളരെ കൃത്രിമമായി തോന്നുമെന്ന് എനിക്ക് തോന്നി, അതിനാൽ ആ ആശയം ഉപേക്ഷിച്ചു. ഫാസിൽ പറഞ്ഞു.
രസകരമെന്നു പറയട്ടെ, ചിത്രത്തിലെ മറ്റൊരു വേഷത്തിനായി ആദ്യം തിരഞ്ഞെടുത്തത് ഷാരൂഖിനെയായിരുന്നു, മീരയുടെ സുഹൃത്തായ ഗുപ്തൻ. എന്നാൽ, തിരക്കേറിയ ഷെഡ്യൂൾ കാരണം ആ പദ്ധതി നടന്നില്ല, പകരം ആ വേഷം ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന് നൽകുകയായിരുന്നു.
ഹരിയും കൃഷ്ണനും മീരയും ഉൾപ്പെടുന്ന ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിൽ ആരാധകർ ബഹളം ഉണ്ടാക്കിയാലോ എന്ന് ഭയന്ന് നിർമാതാക്കൾ ഒരു പരിഹാരം കണ്ടെത്തി. രണ്ട് ക്ലൈമാക്സുകൾ ചിത്രീകരിക്കുക. ഒന്നിൽ, അവൾ ഹരിയെ തിരഞ്ഞെടുക്കുന്നു, മറ്റൊന്നിൽ, അവൾ കൃഷ്ണനെ തിരഞ്ഞെടുക്കുന്നു. സിനിമ നിർമിക്കുമ്പോൾ മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും ആരാധകരെയും പരിഗണിക്കേണ്ടതുണ്ടായിരുന്നു.
യഥാർത്ഥ പ്രതിസന്ധി മീരയെ ആർക്ക് ലഭിക്കും എന്നതായിരുന്നു. മോഹൻലാലിനെ അവതരിപ്പിക്കുന്ന ഒരു പതിപ്പും, മമ്മൂട്ടി അവതരിപ്പിക്കുന്ന മറ്റൊരു പതിപ്പും ഞങ്ങൾ ചിത്രീകരിച്ചു. അവൾ ആരെയാണ് തിരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്താത്ത മറ്റൊരു പതിപ്പും ചിത്രീകരിച്ചു. ആകെ 32 പ്രിന്റുകൾ ഉണ്ടായിരുന്നു. 'മോഹൻലാലിനെ 16 പ്രിന്റുകളിലും ബാക്കി 16 പ്രിന്റുകളിൽ മമ്മൂട്ടിയെ അനുവദിക്കുക' എന്ന് പറഞ്ഞുകൊണ്ട് പ്രശ്നം പരിഹരിച്ചു. ഫാസിൽ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.