സിനിമയെ വിലയിരുത്തുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ധാരണവേണം -മോഹൻലാൽ

സിനിമയെ വിലയിരുത്തുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ധാരണവേണമെന്ന് നടൻ മോഹൻലാൽ. പുതിയ സിനിമയായ ആറാട്ടിന്റെ പ്രമോഷനോടനുബന്ധിച്ച് സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോഴാണ് അ​ദ്ദേഹം ഇങ്ങിനെ പറഞ്ഞത്. മലയാള സിനിമകൾക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാംപയിനെകുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ഉത്തരമായാണ് നടൻ നിലവിലെ സമൂഹമാധ്യമ വിചാരണകളെ വിമർശിച്ചത്. ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണം. ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടെയുള്ള സിനിമാക്കാരും പ്രേക്ഷകരും സപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ നന്നായിയേ എഴുതുകയുള്ളൂ'-മോഹൻലാൽ പറയുന്നു.

നടന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. മോഹൻലാൽ - ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഫെബ്രുവരി 18-ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ആർ.ഡി. ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എം.പി.എം. ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർ.ഡി. ഇല്ലുമിനേഷൻസ്, ശക്തി (എം.പി.എം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ്.

Tags:    
News Summary - When evaluating a film, one needs to have some understanding about it - Mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.