മർഡർ മിസ്റ്ററി മാത്രമോ! മമ്മൂട്ടിയുടെ ‘യവനിക’ക്കും ദുൽഖറിന്‍റെ ‘കാന്ത’ക്കും തമ്മിലെന്ത് ബന്ധം?

സെൽവമണി സെൽവരാജിന്റെ 'കാന്ത' പുറത്തിറങ്ങിയത് മുതൽ ഈ സിനിമയും മമ്മൂട്ടിയും ഭരത് ഗോപിയും പ്രധാന വേഷങ്ങളിൽ എത്തിയ കെ.ജി. ജോർജിന്റെ 'യവനിക' എന്ന ചിത്രവുമായുള്ള സാമ്യമാണ് ഇപ്പോൾ നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്. മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കഥാപാത്രങ്ങൾ ഉൾപ്പെടെയുള്ള, ഇരു സിനിമകളിലെയും ശ്രദ്ധേയമായ സമാന രംഗങ്ങൾ ഓൺലൈനിൽ വൈറലായിട്ടുണ്ട്.

രണ്ട് സിനിമകൾക്കും സമാനമായ പശ്ചാത്തലമാണുള്ളത്. പ്രധാന കഥാപാത്രങ്ങളിലൊരാളുടെ കൊലപാതകത്തെ തുടർന്ന് റഷോമോൺ രീതിയിലുള്ള അന്വേഷണമാണ് ഇരു ചിത്രങ്ങളിലും നടക്കുന്നത്. രണ്ട് സിനിമകളിലും, പ്രധാന വനിതാ അഭിനേതാക്കൾ, കേസിൽ സംശയമുനയിലുള്ള വ്യക്തികൾ ഉൾപ്പെട്ട ഒരു പ്രോജക്ടിന്‍റെ ഭാഗമാണ്. യവനികയിൽ ഇത് ഒരു നാടകമാണ്. എന്നാൽ കാന്തയിൽ സിനിമക്കുള്ളിലെ ഒരു ഹൊറർ ഡ്രാമയാണ് പ്രോജക്ട്. ഈ രണ്ട് മിസ്റ്ററി ത്രില്ലറുകളിലും മരിക്കുന്ന വ്യക്തികൾ തമ്മിൽ നേരിയ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മർഡർ മിസ്റ്ററി ചിത്രങ്ങളിൽ ഒന്നായാണ് യവനിക കണക്കാക്കപ്പെടുന്നത്. തിലകൻ, ജഗതി ശ്രീകുമാർ, അശോകൻ എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സിനിമയുടെ 4K റീമാസ്റ്റർ ചെയ്ത പതിപ്പ് നിലവിൽ യൂട്യൂബിലുണ്ട്. യവനികയിൽ ഒരു നാടക ട്രൂപ്പിലെ തബലിസ്റ്റ് കാണാതായ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. എന്നാൽ അത് പെട്ടെന്ന് ഒത്തുതീർപ്പാക്കാൻ കഴിയുന്ന ഒരു കേസ് അല്ല എന്ന് അന്വേഷണത്തിന്‍റെ തുടക്കത്തിൽ തന്നെ പൊലീസ് ഉദ്യോഗസ്ഥൻ കണ്ടെത്തുന്നു. കാന്തയിലെ റാണ ദഗ്ഗുബാട്ടി അവതരിപ്പിക്കുന്ന കഥാപാത്രവും സമാനമായ അവസ്ഥയിലൂടെയാണ് പോകുന്നത്. സിനിമക്കുള്ളിലെ സിനിമാ സംഘത്തിലുള്ള ഒന്നിലധികം സംശയിക്കുന്നവരെ അദ്ദേഹം നിരീക്ഷിക്കുന്നു.

സിനിമകളിലെ പ്രോജക്റ്റുകളും അവയുടെ അടിസ്ഥാനപരമായ 'കൊലപാതകി ആരാണ്' എന്ന വിഷയവും തമ്മിലുള്ള സങ്കലനം ഈ സിനിമകളെ സങ്കീർണമാക്കുന്നു. സത്യം കണ്ടെത്താനുള്ള ശ്രമം, അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും ആന്തരിക ലോകങ്ങളും രഹസ്യങ്ങളും പുറത്തുകൊണ്ടുവരുന്നതിനുള്ള ഒരു കേന്ദ്രബിന്ദുവായി മാറുന്നു. അതീവ മത്സരാത്മകവും ആകർഷകവുമായ ലോകത്തിലെ കലാകാരന്മാർക്കിടയിലെ അധികാര സമവാക്യങ്ങളും ഇരു ചിത്രങ്ങളും ചർച്ച ചെയ്യുന്നു. കെ.ജി. യവനികയിലെന്നപോലെ കാന്തയിലും അവതരണ കലയുടെ മോഹിപ്പിക്കുന്ന സൗന്ദര്യവും ആകർഷകത്വവും, തിരശ്ശീലക്ക് പിന്നിലെ അഹന്ത നിറഞ്ഞതും പരുഷവുമായ യാഥാർത്ഥ്യങ്ങളുമായി തീവ്രമായി വൈരുധ്യം സൃഷ്ടിക്കുന്നു.

മമ്മൂട്ടിയുമായുള്ള താരതമ്യങ്ങളിൽ നിന്ന് ദുൽഖർ പലപ്പോഴും ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെതിൽ നിന്ന് വ്യത്യസ്തമായ അഭിനയശൈലിയാണ് തനിക്കുള്ളതെന്നും അതുകൊണ്ട് താരതമ്യത്തിന്‍റെ ആവശ്യമില്ലെന്നും നടൻ പലതവണ പറഞ്ഞിട്ടുണ്ട്. 

Tags:    
News Summary - What is the connection between Yavanika and Kantha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.