ബാഹുബലിയും പിന്നിലായി; 26 വർഷങ്ങൾക്ക് ശേഷം ബോക്സോഫീസ് രാജാവായി ഉലകനായകൻ

2022 ഉലകനായകൻ കമൽഹാസന്റേതാണ്. രാഷ്ട്രീയത്തിൽ നിന്നേറ്റ തിരിച്ചടിയും സിനിമയിൽ വർഷങ്ങളായി ലക്ഷണമൊത്തൊരു സൂപ്പർഹിറ്റില്ലാത്തതിന്റെയും വിഷമം കമലും ആരാധകരും ഒറ്റ സിനിമയിലൂടെ തീർത്തു. വിക്രം ഇപ്പോൾ തമിഴ്നാട്ടിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ്. കമലിന്റെ ഇതിന് മുമ്പുള്ള ഒരു ഇൻഡസ്ട്രി ഹിറ്റ് ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യനാണ്. അത് ഇറങ്ങി, 26 വർഷത്തിന് ശേഷമാണ് വിക്രമിലൂടെ ഉലകനായകൻ വീണ്ടും ബോക്സോഫീസിലെ രാജാവായി മാറുന്നത്.

നിലവിൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് വിക്രം. ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ ബാഹുബലി-2നെ പിന്നിലാക്കിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നുണ്ട്. 155 കോടി രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് ബാഹുബലി നേടിയ കളക്ഷൻ. എന്നാൽ ഈ റെക്കോർഡ് വെറും 16 ദിവസം കൊണ്ടാണ് വിക്രം മറികടന്നത്.

കേരളത്തിലെ തമിഴ് ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനങ്ങളുടെ കണക്കുകൾ എടുത്താലും, വിക്രം ബഹുദൂരം മുന്നിലാണ്. ഗൾഫ്  രാജ്യങ്ങളിലും യൂറോപ്പിലും റെക്കോർഡുകൾ ഭേദിച്ചുവരികയാണ് ചിത്രം. ആഗോള തലത്തിൽ ഇതിനോടകം 350 കോടിയിലധികം രൂപ വിക്രം നേടിയെന്നാണ് റിപ്പോർട്ടുകള്‍. 

കോളിവുഡിലെ പണംവാരി പടങ്ങളുടെ പട്ടികയിൽ വിക്രം ഒന്നാമതെത്തിയത് കമൽ ആരാധകർ ആഘോഷിക്കുകയാണ്. രജനികാന്തും, അജിത്തും ഇളയതളപതി വിജയും ഭരിച്ചിരുന്ന ബോക്സോഫീസ് റെക്കോർഡുകളെ ഉലകനായകൻ നിഷ്പ്രഭമാക്കി എന്ന് പറയാം. തമിഴ്നാട്ടിൽ നിന്ന് മാത്രം 150 കോടി നേടിയ ചിത്രമുള്ള ഒരേയൊരു തമിഴ് സൂപ്പർതാരമാണ് ഇപ്പോൾ കമൽ. അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റർ ആണ് വിക്രമിന് താഴെയുള്ളത്.


ലോകേഷ് കനകരാജ് തന്റെ ഇഷ്ടനായകന് നൽകിയ ട്രിബ്യൂട്ടാണ് 'വിക്രം'. ഫഹദും വിജയ് സേതുപതിയും, അഞ്ച് മിനിറ്റ് നേരം സ്ക്രീനിലെത്തി പൂണ്ടുവിളയാടിയ നടിപ്പിൻ നായകൻ സൂര്യയും ചിത്രത്തിലേക്ക് വന്നത് കമലിനോടുള്ള ഇഷ്ടവും ആരാധനയും കൊണ്ടാണ്. ചിത്രത്തിന്റെ വിജയം ഇവർക്ക് കൂടി അവകാശപ്പെട്ടതാണെങ്കിലും ടൈറ്റിൽ റോളിലെത്തിയ കമലിന് 'വിക്രം' തന്റെ കരിയറിലെ ഏറ്റവും പ്രധാന വഴിത്തിരിവാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ബോക്സോഫീസിന്റെ തലപ്പത്തിരിക്കുന്ന ഉലകനായകൻ വിക്രം രണ്ടാം ഭാഗം അടക്കമുള്ള തന്റെ വരും ചിത്രങ്ങളിലൂടെ വിജയ യാത്ര തുടരാനുള്ള ഒരുക്കത്തിലാണ്.  

Tags:    
News Summary - Vikram breaks Baahubali 2's record in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.