രവി തേജയുടെ 77-ാം ചിത്രമായ ഇരുമുടിയിൽ നായികയായി തമന്ന; ഇരുവരും ഒന്നിക്കുന്നത് 11 വർഷങ്ങൾക്കുശേഷം
തെന്നിന്ത്യൻ താരം രവി തേജ തന്റെ 77-ാമത്തെ ചിത്രമായ ഇരുമുടിയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശബരിമലയും ഭക്തിയും സംയോജിക്കുന്നതാണ് കഥ എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്. എന്നാൽ തമന്ന ഭാട്ടിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്ന റിപ്പോർട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രമായിട്ടാകും നടി എത്തുക. ആഗോള തലത്തിൽ ഏറെ ആരാധകരുള്ള താരമാണ് തമന്ന. 2024ലെ അരൺമനൈയാണ് നടി അവസാനമായി പ്രത്യക്ഷപെട്ട തമിഴ് ചിത്രം. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് ആയില്ല. രവി തേജയും തമന്നയും 2015ൽ പുറത്തിറങ്ങിയ ബംഗാൾ ടൈഗർ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. സമ്പത്ത് നന്ദി സംവിധാനം ചെയ്ത ചിത്രം തമന്നക്ക് ഏറെ ആരാധക പ്രശംസ നേടികൊടുത്ത ഒന്നായിരുന്നു. ഇതിനു 11 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇരുമുടി.
അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ വികസിക്കുന്നത്. പ്രിയ ഭവാനി ശങ്കർ, ബേബി നക്ഷത്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലം, കാർത്തിക് അഡുസുമല്ലി തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.
രവി തേജ അവസാനമായി അഭിനയിച്ചത് റൊമാന്റിക് കോമഡി ചിത്രമായ ഭർത്ത മഹാസായുലകു വിജ്ഞാപതിയിലാണ്. മറുവശത്ത്, ഷാഹിദ് കപൂറിന്റെ ഒ' റോമിയോ എന്ന ഹിന്ദി ചിത്രത്തിലാണ് തമന്ന അവസാനമായി അഭിനയിച്ചത്. ഭാവിയിൽ, രാഗിണി 3, വി. ശാന്താറാം തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിക്കുമെന്ന വാർത്തയും പുറത്തു വരുന്നുണ്ട്. സുന്ദർ.സി സംവിധാനം ചെയ്യുന്ന വിശാൽ ചിത്രം പുരുഷനിലും തമന്ന പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.