'ജനനായകൻ' രണ്ടാഴ്ച്ചക്കകം തിയറ്ററിൽ എത്തും; വിജയ്‌യുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ പ്രഖ്യാപനവുമായി നിർമാതാവ്

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ജനനായകൻ' രണ്ടാഴ്ചക്കുള്ളിൽ തിയറ്ററുകളിൽ എത്തുമെന്ന് നിർമാതാവ് വെങ്കട്ട് കെ.നാരായണൻ സ്ഥിരീകരിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ.വി.എൻ പ്രൊഡക്ഷൻസിന്റെ സ്ഥാപകൻ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.

സിനിമയുടെ റിലീസിന് മുന്നോടിയായുള്ള സെൻസർ ബോർഡ് നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ ബോർഡുമായി ചർച്ചകൾ നടന്നുവരികയാണെന്നും, അടുത്ത 14 ദിവസത്തിനുള്ളിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ്‌യുടെ ജന്മദിനമായ ജൂൺ 22ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. വിജയ്‌യുടെ ജന്മദിനം ആഘോഷമാക്കാൻ അതേ ദിവസം താരത്തിന്‍റെ അവസാന ചിത്രം റിലീസ് ചെയ്യുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.

തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സിനിമയോട് വിജയ് കാണിച്ച അർപ്പണബോധത്തെ നിർമാതാവ് പ്രത്യേകം പ്രശംസിച്ചു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒന്നായിരിക്കുമെന്നാണ് സൂചനകൾ.

പൊങ്കൽ റിലീസിനോടടുപ്പിച്ച് ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. 100 കോടിയിലധികം രൂപയുടെ റെക്കോർഡ് അഡ്വാൻസ് ബുക്കിങ് നടന്നിട്ടും ചിത്രം റിലീസ് ചെയ്യാൻ അന്ന് സാധിച്ചിരുന്നില്ല. പിന്നീട് മദ്രാസ് ഹൈകോടതി സിംഗ്ൾ ബെഞ്ച് സിനിമക്ക് പ്രദർശനാനുമതി നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. പിന്നീട് സുപ്രീം കോടതിയിലും നിർമാതാക്കൾ സമീപിച്ചിരുന്നു. എന്നാൽ കേസ് മദ്രാസിൽ തന്നെ പരിഗണിക്കണമെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.

Tags:    
News Summary - Vijay Film Jana Nayagan Release Expected in 2 Weeks, Producer Confirms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.