വിഖ്യാത സംവിധായകൻ കലാതപസ്വി കെ. വിശ്വനാഥ് അന്തരിച്ചു

ഹൈദരാബാദ്: വിഖ്യാത സിനിമ സംവിധായകനും നടനും ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവുമായ കലാതപസ്വി കെ. വിശ്വനാഥ് (92) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

കാശിനാധുനി വിശ്വനാഥ് എന്ന കലാതപസ്വി കെ. വിശ്വനാഥ് 1930ൽ ആന്ധ്രപ്രദേശിലാണ് ജനിച്ചത്. കലാതപസ്വി എന്ന പേരിലാണ് അദ്ദേഹം സിനിമ മേഖലയിൽ അറിയപ്പെട്ടിരുന്നത്. 1965 മുതൽ 50 സിനിമകൾ സംവിധാനം ചെയ്ത വിശ്വനാഥ് നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. തെലുങ്ക് സിനിമാ വ്യവസായത്തിൽ സജീവമായിരുന്നപ്പോൾ തന്നെ തമിഴിലും ഹിന്ദിയിലും കലാതപസ്വി ശ്രദ്ധ കേന്ദ്രീകരിച്ചു.

അക്കിനേനി നാഗേശ്വര റാവു നായകനായ 'ആത്മ ഗൗരവം' എന്ന സിനിമയിലൂടെയാണ് കലാതപസ്വി കെ. വിശ്വനാഥ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ സിനിമ മികച്ച ഫീച്ചർ ഫിലിമിനുള്ള നന്ദി അവാർഡ് നേടി. ചെല്ലേലി കപ്പുറം, ഓ സീത കഥ, ജീവന ജ്യോതി, ശാരദ, സ്വരഭിഷേകം എന്നിവ കലാതപസ്വി സംവിധാനം ചെയ്ത പ്രേക്ഷക പ്രശംസ സിനിമകൾ. പാണ്ഡുരങ്ങാട്, നരസിംഹ നായിഡു, ലക്ഷ്മി നരസിംഹം, സീമസിംഹം, കുരുത്തിപുനൽ, കാക്കൈ സിരാഗിനിലേ, ഭാഗവതി അടക്കമുള്ള സിനിമയിലൂടെ അഭിനയത്തിലും അദ്ദേഹം മികവ് പുലർത്തി.

അഞ്ചു തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും 20 തവണ ആന്ധ്ര സർക്കാറിന്‍റെ നന്ദി അവാർഡും നേടിയിട്ടുണ്ട്. ചലച്ചിത്ര മേഖലക്ക് നൽകിയ ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം അടക്കം 10 ഫിലിം ഫെയർ അവാർഡുകളും ലഭിച്ചു. 1992ൽ പത്മശ്രീ, 2016ൽ 48-മത് ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ആദരിച്ചു.

Tags:    
News Summary - Veteran film director Kalatapasvi K Viswanath passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.