ഏറെ വിവാദമായ ദ കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം വരുന്നു. സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട് എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. മത പരിവർത്തനം തന്നെയാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് ടീസറിൽ വ്യക്തമാണ്.
ആദ്യ ഭാഗത്തിലേത് പോലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെയും നിർമാതാവ് വിപുൽ അമൃത് ലാൽ ഷായും സംവിധായകൻ സുദിപ്തോ സെന്നുമാണ്. 2023ലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരവും കേരള സ്റ്റോറിക്ക് ലഭിച്ചത് ഏറെ വിവാദമായിരുന്നു. കേരളത്തെ മോശമായി ചിത്രീകരിച്ച പ്രൊപ്പഗണ്ട ചിത്രമാണിതെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.
സിനിമക്ക് അവാർഡ് ലഭിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. 'കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രത്തിന് ദേശീയ പുരസ്കാരം നല്‍കിയത് കലയ്ക്കുള്ള അംഗീകാരമായി കണക്കാക്കാനാവില്ല. വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്കാരിക ദുഷിപ്പിനുള്ള അംഗീകാരമാണ് കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും കേരളത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രം അംഗീകരികരിക്കപ്പെട്ടത് ദൗർഭാഗ്യകരമാണ്. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെട്ടത്.
കലയെ വിലയിരുത്തുന്നതിന് കലയ്ക്കപ്പുറമുള്ള മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകർത്ത്, അതിനെ വർഗീയത കൊണ്ട് പകരം വയ്ക്കുന്നതിന് വേണ്ടി കലയെ ഉപയോഗിക്കണം എന്ന സന്ദേശമാണ് ഇതിന് പിന്നില്‍.
കേരളത്തിലെ സാംസ്കാരിക സമൂഹം വിശേഷിച്ച് ചലച്ചിത്ര സമൂഹം ദുരുപദിഷ്ടമായ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം' എന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളി താരങ്ങൾക്ക് ലഭിച്ച നേട്ടത്തിന്‍റെ തിളക്കം കെടുത്തുന്നതാണ് സിനിമക്ക് കിട്ടിയ പുരസ്കാരമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.