തമിഴ്നാട് ചലച്ചിത്ര അവാർഡിൽ മലയാളിത്തിളക്കം; മികച്ച നടിമാരിൽ അഞ്ച് പേരും മലയാളികൾ

2016 മുതൽ 2022 വരെയുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. 2014 മുതൽ 2022 വരെയുള്ള വർഷത്തേക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡുകളുടെ പ്രഖ്യാപനത്തോടൊപ്പമാണ് ചലച്ചിത്ര അവാർഡുകളും പ്രഖ്യാപിച്ചത്. അവാർഡ് ദാന ചടങ്ങ് ഫെബ്രുവരി 13ന് വൈകുന്നേരം ചെന്നൈയിൽ നടക്കും. ഇത്തവണത്തെ തമിഴ്നാട് ചലച്ചിത്ര അവാർഡുകൾ മലയാളികൾ തൂത്തുവാരിയിരിക്കുകയാണ്.

ഏഴ് വർഷത്തെ അവാർഡ് പ്രഖ്യാപിച്ചതിൽ അഞ്ച് വർഷത്തെയും മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കിയത് മലയാളി താരങ്ങളാണ്. കീർത്തി സുരേഷ്, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ, നയൻ‌താര എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളികൾ. 2017 ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം ഉർവശിക്കാണ്. 2016 ലെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. 2020 ലെ മികച്ച ഗായികക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്ത് സ്വന്തമാക്കി. സംഗീത സംവിധായകൻ ശരത്തിന്‍റെ സഹോദരന്‍റെ മകളാണ് വർഷ. നടൻ റഹ്മാനാണ് 2016ലെ മികച്ച വില്ലൻ.

വിജയ് സേതുപതി, കാർത്തി, ധനുഷ്, ആർ. പാർഥിബൻ, സൂര്യ, ആര്യ എന്നിവരാണ് മികച്ച നടന്മാർ. 2018ലെ മികച്ച നടി ജോതികയാണ്. മധുമിതയും മികച്ച നടിക്കുള്ള (2021) പുരസ്കാരത്തിന് അർഹയായി. ലോകേഷ് കനകരാജ്, മാരി സെൽവരാജ്, സുധ കൊങ്കര, പുഷ്കർ-ഗായത്രി, പാർഥിബൻ, ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവർ മികച്ച സംവിധായകർക്കുള്ള പുരസ്കാരം നേടിയത്. മാനഗരം, അറം, പരിയേറും പെരുമാള്‍, അസുരന്‍, കൂഴങ്കൽ, ജയ് ഭീം, ഗാര്‍ഗി എന്നിവയാണ് മികച്ച സിനിമകൾ. 

Tags:    
News Summary - Tamil Nadu State Film Awards for 2016 to 2022 announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.